CORPORATE

ആഗോള വമ്പന്മാർക്കായി വ്യവസായ നയ പരിഷ്കരണവുമായി ഇന്ത്യ; ചൈന വിട്ട് കമ്പനികൾ കൂട്ടത്തോടെ ഇന്ത്യയിലേക്ക്, നേടാനാകുക കോടികളുടെ വിദേശ വരുമാനവും ലക്ഷങ്ങൾക്ക് ജോലിയും

Newage News

01 Jun 2020

ചൈനയുമായുള്ള അമേരിക്കൻ ബന്ധം വഷളായി വരുന്നതിനിടയില്‍ ലോകത്തെ പ്രമുഖ ടെക്‌നോളജി ബ്രാന്‍ഡുകളെ സർക്കാർ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇവിടെ വലിയ നിര്‍മാണ പ്ലാന്റുകള്‍ നിര്‍മിക്കാനായിരുന്നു ക്ഷണം. ഇത് ആപ്പിളും സാംസങും അടക്കമുള്ള പല കമ്പനികള്‍ക്കും സമ്മതമായിരുന്നെങ്കിലും സർക്കാരിന്റെ ചില കടുംപിടുത്തങ്ങള്‍ ഇക്കാര്യത്തില്‍ വിലങ്ങുതടിയാകുകയായിരുന്നു. എന്നാൽ, അവയില്‍ പലതും സർക്കാർ പിന്‍വലിക്കാന്‍  തയാറായതോടെ ആപ്പിളിനെയും സാംസങിനെയും കൂടാതെ, ഫോക്‌സ്‌കോണ്‍, ഒപ്പോ, വിവോ, ഫ്‌ളെക്‌സ്‌ട്രോണിക്‌സ് തുടങ്ങിയ കമ്പനികളും ഇന്ത്യയില്‍ വിപുലമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ തയാറായി വന്നിരിക്കുകയാണ്. ഇന്ത്യ അവതരിപ്പിച്ച പ്രൊഡക്ഷന്‍-ലിങ്ക്ട് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌ക്രീമായിരിക്കും ഈ കമ്പനികള്‍ക്കു ബാധകമാകുക.

ഈ കമ്പനികള്‍ ചൈനയില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നും മറ്റുമാണ് അവരുടെ പ്ലാന്റുകളും യന്ത്രസാമഗ്രികളും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഇരുന്നത്. ഇവയുടെ മൂല്യത്തിന്റെ 40 ശതമാനം മാത്രമെ പരിഗണിക്കൂ എന്ന നിലാപാടായിരുന്നു ആപ്പിളിനെ അകറ്റി നിർത്തിയിരുന്നത്. ഈ വകുപ്പ് എടുത്തുമാറ്റിയതോടെ കമ്പനിക്ക് വാതില്‍ തുറന്നു കിട്ടിയിരിക്കുകയാണ്. ഇത്തരത്തിലുള്ള ചില തര്‍ക്കവിഷയങ്ങളും ബലമായി നടപ്പിലാക്കുന്നില്ലെന്ന് ഇന്ത്യ തീരുമാനിച്ചതോടെ പല കമ്പനികളും ഇന്ത്യയിലെ ഉല്‍പാദനം വിപുലമാക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. ഇതുവഴി കോടികളുടെ വിദേശ വരുമാനവും രാജ്യത്തെ ലക്ഷക്കണക്കിന് പേർക്ക് ജോലിയും ലഭിക്കും.

പെഗാട്രോണും ഇന്ത്യയിലെത്തിയേക്കും

ആപ്പിളിനായി കരാര്‍ അടിസ്ഥാനത്തില്‍, ഐഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതില്‍ ഏറ്റവും മുൻപില്‍ നില്‍ക്കുന്ന കമ്പനികളാണ് ഫോക്‌സകോണും വിന്‍സ്ട്രണും. ഇരു കമ്പനികള്‍ക്കും ഇപ്പോള്‍ത്തന്നെ ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റുകളുണ്ട്. എന്നാല്‍, ഇനി ഇരു കമ്പനികളും ഇന്ത്യയിലെ തങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വന്‍തോതില്‍ വര്‍ധിപ്പിക്കും. ഇന്ത്യ മുന്നോട്ടുവച്ച പിഎല്‍ഐ സ്‌കീമിന്റെ ഗുണഭോക്താക്കളാകാന്‍ ഇരു കമ്പനികളും താത്പര്യം പ്രകടിപ്പിച്ചിരുന്നു. എങ്കിലും തങ്ങള്‍ സ്ഥാപിക്കുന്ന പ്ലാന്റുകളുടെയും യന്ത്രസാമഗ്രികളുടെയും മൂല്യം സർക്കാർ ആയിരിക്കും നിശ്ചയിക്കുക എന്നതടക്കം ചില വകുപ്പുകള്‍ തങ്ങള്‍ക്ക് സ്വീകാര്യമല്ല എന്നായിരുന്നു അവരുടെ നിലപാട്. ആപ്പിളിനായി ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന മൂന്നാമതൊരു കമ്പനിയെ കൂടി ഇന്ത്യയിലെത്തിക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്. പെഗാട്രോണ്‍ എന്ന കോണ്‍ട്രാക്ട് നിര്‍മാതാവിനോടും പ്രവര്‍ത്തനം ഇന്ത്യയില്‍ നിന്ന് തുടങ്ങാമെന്നു പറഞ്ഞാണ് ക്ഷണിച്ചിരിക്കുന്നത്.

മുട്ടകളെല്ലാം ഒരു കുട്ടയില്‍ വയ്‌ക്കേണ്ട

ഈ കമ്പനികള്‍ക്കും സർക്കാരിനും ഇടയില്‍ നിലനിന്നിരുന്ന പല തര്‍ക്ക വിഷയങ്ങളും പറഞ്ഞു പരിഹരിച്ചതായി ഒരു സർക്കാർ പ്രതിനിധി അറിയിച്ചു. ഈ കമ്പനികളിലൂടെ ഇന്ത്യയിലെ അമേരിക്കന്‍ നിക്ഷേപം വര്‍ധിപ്പിക്കാനാണ് ശ്രമമെന്നാണ് അറിയുന്നത്. ലോകത്തിന്റെ നിര്‍മാണശാലയായി അറിയപ്പെട്ടിരുന്ന ചൈനയോട് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കുണ്ടായിരിക്കുന്ന എതിര്‍പ്പ് തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് ഇന്ത്യയുടെ ശ്രമം. അമേരിക്കന്‍ കമ്പനികളാകട്ടെ, 'ചൈന കൂടാതെ മറ്റൊരിടവും തന്ത്രം,' അഥവാ ചൈനാ പ്ലസ് വൺ സ്ട്രാറ്റജിയാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. അതായത്, തങ്ങളുടെ മുട്ടകളെല്ലാം ഒരു കുട്ടയില്‍ തന്നെ വയ്‌ക്കേണ്ട എന്ന തീരമാനമാണ് കമ്പനികള്‍ സ്വീകരിച്ചിരിക്കുന്നത്.

നിയമങ്ങള്‍ ചര്‍ച്ച ചെയ്തു മാത്രം പരിഷ്‌കരിക്കും

പിഎല്‍ഐ സ്‌കീം ഉപയോഗിച്ച തങ്ങള്‍ മുതലിറക്കി കഴിഞ്ഞാല്‍ പിന്നീട് സ്‌കീമില്‍ വരുത്തുന്ന മാറ്റങ്ങള്‍ നിക്ഷേപം നടത്തിയ കമ്പനികളോടും ആലോചിച്ചു മാത്രമെ നടപ്പാക്കൂ എന്നാണ് സർക്കാർ സമ്മതിച്ചുകൊടുത്ത മറ്റൊരു വകുപ്പ്. നേരത്തെ, സർക്കാർ ചുമതലപ്പെടുത്തുന്ന കമ്മറ്റിക്ക് ഏകപക്ഷീയമായി മാറ്റം വരുത്താമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇക്കാര്യത്തിലുള്ള തങ്ങളുടെ ഉല്‍കണ്ഠ നിക്ഷേപം നടത്താന്‍ മുന്നോട്ടുവന്ന കമ്പനികള്‍ സർക്കാരിനെ അറിയിച്ചിരുന്നു. ഇതും തങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചതായി സർക്കാർ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. കമ്പനികള്‍ തങ്ങളുടെ ലക്ഷ്യം കണ്ടാലും സർക്കാരിന്റെ കൈയ്യില്‍ പണമുണ്ടെങ്കില്‍ മാത്രമെ അവര്‍ക്ക് നല്‍കാമെന്നേറ്റിരിക്കുന്ന ഇന്‍സെന്റീവ് നല്‍കൂ എന്നതായിരുന്നു മുൻപ് സർക്കാർ കൈക്കൊണ്ട നിലപാട്. ഇതിലും സർക്കാർ പിന്നോട്ടു പോയിട്ടുണ്ട്. കൂടാതെ, കോവിഡ്-19 പോലെ കരാറില്‍ ഏര്‍പ്പെടുന്ന സമയത്ത് മുന്‍കൂട്ടികാനാകാത്ത സാഹചര്യങ്ങള്‍ വന്നുപെട്ടാല്‍ എടുക്കേണ്ട വകുപ്പും (force majeure) എഴുതിച്ചേര്‍ക്കും. തങ്ങളുടെ ബിസിനസിനെക്കുറിച്ച് ആവശ്യത്തിലധികം വിവരങ്ങള്‍ നല്‍കണമെന്ന് സർക്കാർ ആവശ്യപ്പെടുന്നുവെന്നും, അത് നല്‍കാനാവില്ലെന്നും കമ്പനികള്‍ അറിയിച്ചിരുന്നു. ഇക്കാര്യത്തിലു സർക്കാർ കമ്പനികള്‍ക്ക് വഴങ്ങിക്കൊടുക്കുകയാണ് എന്നും വാര്‍ത്തകളുണ്ട്.

പുതിയ നീക്കത്തിലൂടെ ലോകത്തെ വന്‍കിട സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇതിലൂടെ 2025 ആകുമ്പോഴേക്കും കയറ്റുമതി 10000 കോടി ഡോളറിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇപ്പോഴത് 300 കോടി ഡോളറാണ്.

Content Highlights: Amid Lockdown Sale; Manufacturing of Smartphones Resumes in India

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story