Newage News
29 Mar 2020
1990കളിലെ സൂപ്പർഹിറ്റ് സീരിയൽ ശക്തിമാൻ പുനഃസംപ്രേഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു കാംപെയ്ൻ. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ക്ലാസിക് ടെലിസീരിയലുകളായ രാമായണവും മഹാഭാരതവും പുനഃസംപ്രേഷണം ആരംഭിച്ചിരുന്നു. ഇതുപോലെ ശക്തിമാനും സംപ്രേഷണം ചെയ്യണമെന്ന ആവശ്യമാണ് സോഷ്യൽ ലോകത്തുയരുന്നത്.
#Shaktiman എന്ന ഹാഷ്ടാഗിലാണ് ട്വീറ്റുകള്‍. ‘‘ഞങ്ങളുടെ ബാല്യകാല ഹീറോയെ മക്കളും കാണട്ടേ, ശക്തിമാനെ ഞങ്ങൾ മിസ് ചെയ്യുന്നു, ദയവായി ശക്തിമാന്റെ സംപ്രേഷണവും ആരംഭിക്കൂ.....’’ എന്നിങ്ങനെയാണ് ട്വീറ്റുകൾ.
1997ലാണ് ദൂരദർശനിൽ ശക്തിമാൻ സംപ്രേഷണം തുടങ്ങിയത്. ഹിന്ദിയിൽ ആരംഭിച്ച സീരിയൽ പിന്നീട് പ്രാദേശിക ഭാഷകളിലേക്ക് മൊഴിമാറ്റി സംപ്രേഷണം ചെയ്തു. ശക്തിമാൻ എന്ന അമാനുഷികൻ അതിവേഗം കുട്ടികളുടെ സൂപ്പർ ഹീറോയായി മാറി. മുകേഷ് ഖന്നയാണ് നായക കഥാപാത്രങ്ങളായ ശക്തിമാനേയും ഗംഗാധറിനെയും അവതരിപ്പിച്ചത്.
ശക്തിമാന് പുനഃസംപ്രേഷണം ചെയ്യണമെന്ന് ആവശ്യം സന്തോഷം നൽകുന്നതായി മുകേഷ് ഖന്ന ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. മന്ത്രാലയം അനുകൂലമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഷ്വൽ എഫക്ട്സ് അല്ല, ആശയമായിരുന്നു ശക്തിമാന്റെ വിജയത്തിനു കാരണം. അതുകൊണ്ട് ഈ തലമുറയും ശക്തിമാനെ സ്വീകരിക്കുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.