Newage News
24 Nov 2020
മുംബൈ: ഏറ്റവും പുതിയ ആമസോണ്‍ ഒറിജിനല്‍ സീരീസ് സണ്‍സ് ഓഫ് ദ സോയ്ല്‍: ജയ്പൂര്‍ പിങ്ക് പാന്തേഴ്സിന്റെ ട്രെയ്ലര് ആമസോണ്‍ പ്രൈം വീഡിയോയും അഭിഷേക് ബച്ചനും പുറത്തിറക്കി. പ്രോ കബഡി ലീഗിലെ ആദ്യ സീസണിലെ വിജയത്തിനു ശേഷം രണ്ടാം തവണയും ചാമ്പ്യന്‍ഷിപ്പ് ലക്ഷ്യമിടുന്ന ടീമിന്റെ ഏഴാം സീസണിലെ ആവേശകരമായ യാത്രയും ആത്മാര്‍പ്പണവുമാണ് ബിബിസി സ്റ്റുഡിയോസ് ഇന്ത്യ നിര്‍മ്മിച്ച ഷോ പറയുന്നത്. ടീം ഉടമ അഭിഷേക് ബച്ചനുമായുള്ള സംഭാഷണങ്ങള്‍ ഉള്‍പ്പടെ ഇതുവരെ കാണാത്ത രീതിയില്‍ ലോക്കര്‍ റൂമില്‍ നിന്നുള്ള ടീമിന്റെ കാഴ്ചയാണ് സീരീസ് പറയുന്നത്. ടീമിന്റെ പോരാട്ടത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും കഠിന പരിശ്രമങ്ങളുടെയും ധീരതയുടെയും അഭിവേശത്തിന്റെയും കാഴ്ചകള്‍ക്കൊപ്പം തന്നെ ടീം അംഗങ്ങളുടെ കുടുംബാംഗങ്ങളും കോച്ചുകളും അങ്ങനെ ജയ്പൂര്‍ പിങ്ക് പാന്തേഴ്സ് കുടുംബവുമായി ബന്ധപ്പെട്ടവരെല്ലാം പരിപാടിയില്‍ അണിനിരക്കുന്നു. ബാഫ്റ്റ സ്കോട്ട്ലാന്‍ഡ് പുരസ്കാരം രണ്ടുവട്ടം നേടിയ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും ബ്രിട്ടീഷ് സംവിധായകനുമായ അലെക്സ് ഗെയ്ലാണ് സണ്‍സ് ഓഫ് ദ സോയ്ല്‍: ജയ്പൂര്‍ പിങ്ക് പാന്തേഴ്സ് സംവിധാനം ചെയ്യുന്നത്. ലണ്ടനില്‍ ജനിച്ച അലെക്സ് കായിക താരങ്ങളുടെ കഥ പറയുന്ന നിരവധി പ്രശസ്ത ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അലെക്സിന്റെ ചിത്രങ്ങളായ ഗ്ലാസ്ഗോ 1967: ദ ലിസ്ബണ്‍ ലയണ്‍സ്, സ്കോട്ട്ലാന്‍ഡ് 78: എ ലവ് സ്റ്റോറി എന്നീ ചിത്രങ്ങള്‍ 2017, 2018 വര്‍ഷങ്ങളില്‍ ഏറ്റവും മികച്ച ഡോക്യുമെന്ററിക്കുള്ള ബാഫ്റ്റ സ്കോട്ട്ലാന്‍ഡ് പുരസ്കാരം നേടിയിരുന്നു.
ഇന്ത്യയിലെയും 200 ലധികം രാജ്യങ്ങളിലും ഭൂപ്രദേശങ്ങളിലുമുള്ള പ്രൈം അംഗങ്ങള്‍ക്ക് 2020 ഡിസംബര്‍ നാലു മുതല്‍ എല്ലാ എപ്പിസോഡുകളും സ്ട്രീം ചെയ്യാം. വൈവിധ്യമുള്ളതും ശ്രദ്ധേയവുമായ കഥകള്‍ പ്രേക്ഷകരിലെത്തിക്കാന്‍ ആമസോണ്‍ പ്രൈം വീഡിയോ ശ്രമിച്ചുവരുന്നു. ഗ്യാംഗ്ലാന്ഡ് കഥകള്‍ മുതല്‍ സംഗീതശില്‍പ്പം വരെ ആധികാരികമായ മണ്ണിന്റെ മണമുള്ള കഥകള്‍ വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുന്നു. സണ്‍സ് ഓഫ് ദ സോയ്ല്‍: ജയ്പൂര്‍ പിങ്ക് പാന്തേഴ്സിനൊപ്പം കൂടുതല്‍ വൈവിധ്യം അവതരിപ്പിക്കുന്നതോടൊപ്പം ഇന്ത്യയില്‍ ആദ്യമായി സ്പോര്‍ട്ട്സ് ഡോക്യു-സീരീസും പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കുകയാണെന്നും ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യ, ഇന്ത്യ ഒറിജിനല്‍സ് ഹെഡ് അപര്‍ണ്ണ പുരോഹിത് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയ കായിക ഇനമാണ് കബഡി. ജയ്പൂര്‍ പിങ്ക് പാന്തേഴ്സ് കബഡി ടീമിന്റെ അസാധാരണ കഥയാണ് സീരീസ് പറയുന്നത്. പ്രേക്ഷകര്‍ ആസ്വദിക്കുന്ന 40 മിനിറ്റ് കളിക്കു മുന്നോടിയായുള്ള കളിക്കാരുടെ സ്ഥിരോത്സാഹം, ശ്രമകരമായ തയാറെടുപ്പുകള്‍, കഠിനപ്രയത്നം എന്നിവയിലേക്കുള്ള ജാലകം തുറക്കുകയാണ് സീരീസ്. കളിക്കളത്തില്‍ മാത്രമല്ല കളിക്കാരുടെ ജീവിതത്തിലേക്കുള്ള വൈകാരിക യാത്ര കൂടിയാണിത്. കളിക്കാരുടെ കുടുംബവും അവരെ നയിക്കുന്ന ചാലകശക്തിയുമെല്ലാം സീരീസില്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കും.
ടീം വര്‍ക്കില്ലാതെ നന്നായി കളിക്കാന്‍ കഴിയാത്ത കായിക ഇനമാണ് കബഡി. ജയ്പൂര്‍ പിങ്ക് പാന്തേഴ്സ് കുടുംബത്തിന്റെ മുഖ്യ സ്വഭാവമിതു തന്നെയാണെന്ന് ജയ്പൂര്‍ പിങ്ക് പാന്തേഴ്സ് ടീം ഉടമ അഭിഷേക് ബച്ചന് പറഞ്ഞു. ആമസോണ്‍ പ്രൈം വീഡിയോയുമായി സഹകരിച്ച് ജയ്പൂര്‍ പിങ്ക് പാന്തേഴ്സിന്റെ ആവേശകരമായ കഥ ആഗോള പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ആമസോണ്‍ ഒറിജിനല്‍ സീരീസ് ബ്രീത്ത്: ഇന്‍ ടു ദ ഷാഡോസിലൂടെയാണ് താന്‍ ഡിജിറ്റല്‍ രംഗത്തെത്തുന്നത്. ഈ ആഗോള സര്‍വീസിലൂടെ തന്നെ ജയ്പൂര്‍ പിങ്ക് പാന്തേഴ്സ് എന്ന തന്റെ ടീമിന്റെ കഥയും പ്രേക്ഷകര്‍ക്കു മുന്നിലെത്തുകയാണ്. പ്രോ കബഡി ലീഗിന്റെ ഏഴാം സീസണിലെ കിരീടം ടീമും കളിക്കാരും ലക്ഷ്യമിടുന്ന സാഹചര്യത്തില്‍ സണ്‍സ് ഓഫ് ദ സോയില്‍: ജയ്പൂര്‍ പിങ്ക് പാന്തേഴ്സ് പ്രേക്ഷകര്‍ക്ക് ഉത്തേജിപ്പിക്കുന്ന അനുഭവമാണ് നല്‍കുന്നത്. പ്രേക്ഷകരെ ആവേശഭരിതരാക്കുന്ന പരിപാടി തയാറാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
ആഗോളതലത്തില്‍ ഡോക്യുമെന്ററി കണ്ടന്റ് നിര്‍മ്മിക്കുന്നതില്‍ ശക്തമായ പാരമ്പര്യവും സ്പെഷ്യലൈസേഷനുമുള്ള ബിബിസി സ്റ്റുഡിയോസ് ഈ മേഖലയിലെ വൈദഗ്ധ്യം ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നതില്‍ അതിയായ സന്തോഷ മുണ്ടെന്ന് ബിബിസി സ്റ്റുഡിയോസ് ഇന്ത്യ ബിസിനസ് ഹെഡ്സമീര് ഗോഗേറ്റ് പറഞ്ഞു. കായിക പ്രേമികളുള്ള രാജ്യമായ ഇന്ത്യയില്‍ ആമസോണ്‍ പ്രൈം വീഡിയോയുമായി ചേര്‍ന്ന് കബഡി പോലുള്ള ഒരു കായിക ഇനത്തെ ആസ്പദമാക്കി ആദ്യത്തെ സ്പോര്‍ട്ട്സ് ഡോക്യു-സീരീസ് അവതരിപ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ആമസോണ്‍ പ്രൈം വീഡിയോയുമായും അഭിഷേക് ബച്ചനുമായും ജയ്പൂര്‍ പിങ്ക് പാന്തേഴ്സുമായും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്. അവരുടെ ലോകവും ഹൃദയവും തങ്ങള്‍ക്കു മുന്നില്‍ അവര്‍ തുറന്നു. ഇന്ത്യയില്‍ പ്രൈം വീഡിയോ ആമസോണ്‍ ഒറിജിനലിലൂടെ നിരവധി വിസ്മയകരമായ കഥകള്‍ വിനോദപ്രേമികള്ക്കായി അവതരിപ്പിച്ചിട്ടുണ്ട്. സണ്‍സ് ഓഫ് ദ സോയില്‍: ജയ്പൂര്‍ പിങ്ക് പാന്തേഴ്സിലൂടെ ആരാധകര്‍ക്ക് ഒരു ടീമിന്റെ ജയിക്കാനുള്ള അര്‍പ്പണബോധവും അഭിനിവേശവും നിറഞ്ഞ വൈകാരിക മുഹൂര്‍ത്തങ്ങള്‍ ആസ്വദിക്കാമെന്നും അദ്ദേഹം പറഞ്ഞു.