FINANCE

റീട്ടെയിൽ ബാങ്കിങ് മേഖലകളിൽ ചുവടുറപ്പിക്കാൻ സൗത്ത് ഇന്ത്യൻ ബാങ്ക്

20 Sep 2019

ന്യൂഏജ് ന്യൂസ്, കൊച്ചി∙കിട്ടാക്കടം വരുത്തി വയ്ക്കുന്ന കോർപ്പറേറ്റ് വായ്പകളിൽ നിന്നു മാറി കാർഷിക, ചെറുകിട വ്യവസായ, റീട്ടെയിൽ ബാങ്കിങ് മേഖലകളിൽ ചുവടുറപ്പിക്കാൻ സൗത്ത് ഇന്ത്യൻ ബാങ്ക്. ആകെ വായ്പയുടെ 68% ഈ മേഖലകളിലാണെന്ന് എംഡിയും സിഇഒയുമായ വി.ജി.മാത്യു അറിയിച്ചു.

കോർപ്പറേറ്റ് വായ്പകൾ നിലവിൽ ആകെ വായ്പകളുടെ 32% ആയി കുറച്ചിട്ടുണ്ട്. നേരത്തേ റീട്ടെയിൽ ബാങ്കിങ് മേഖലയിലെ വായ്പകൾ ആകെ വായ്പയുടെ 58% മാത്രമായിരുന്നത് ബോധപൂർവം വർധിപ്പിച്ച് 68 ശതമാനത്തിലെത്തിക്കുകയായിരുന്നു.

നേരത്തേ സ്റ്റീൽ, റോഡ്, വൈദ്യുതി മേഖലകളിലെ വൻകിട കോർപ്പറേറ്റുകൾക്ക് നൽകിയ വായ്പകളിൽ വലിയൊരുഭാഗം കിട്ടാക്കടമായി (എൻപിഎ) മാറിയതിൽനിന്നു പാഠം ഉൾക്കൊണ്ടാണ് ഈ മാറ്റമെന്നും എംഡി അറിയിച്ചു. ഭവന, വാഹന വായ്പകളുൾപ്പടെ റീട്ടെയിൽ ബാങ്കിങ് രംഗത്തെ ശക്തികേന്ദ്രമായി സൗത്ത് ഇന്ത്യൻ ബാങ്കിനെ മാറ്റുകയാണു ലക്ഷ്യം.

നിലവിലുള്ള കിട്ടാക്കടം തീരാൻ ഇനിയും ഒന്നരവർഷമെങ്കിലും വേണമെന്ന സ്ഥിതിയാണ്. ഓരോ ത്രൈമാസത്തിലും പ്രവർത്തനലാഭത്തിൽ നിന്നു നീക്കി വയ്ക്കുന്ന തുക ഉപയോഗിച്ച് കുറേശ്ശെ കടത്തിൽനിന്നു കരകയറുകയാണ്. കഴിഞ്ഞ വർഷം 500 കോടി കിട്ടാക്കടംതിരിച്ചു പിടിച്ചെങ്കിൽ ഇക്കൊല്ലം 600 കോടിയോളം തിരിച്ചുപിടിക്കാനാണു ലക്ഷ്യമിടുന്നത്.

ബാങ്കിന്റെ പ്രവർത്തന ലാഭവും അറ്റാദായവും ഉയരുന്നുമുണ്ട്. ആദ്യ ത്രൈമാസത്തിൽ 73 കോടിയായിരുന്നു അറ്റാദായമെങ്കിൽ രണ്ടാം ത്രൈമാസത്തിൽ അതിലും കൂടുതലുണ്ടാവും. ഗൾഫ് മലയാളികളുടെ വിശ്വാസം നേടുന്നതിലും സൗത്ത് ഇന്ത്യൻ ബാങ്ക് മുന്നിൽ നിൽക്കുന്നു.

ആകെ നിക്ഷേപത്തിന്റെ 27% എൻആർഐ നിക്ഷേപമാണ്. ആകെ നിക്ഷേപം 81,723 കോടി: എൻആർഐ നിക്ഷേപം 21,877 കോടി. നിലവിൽ ആകെ വായ്പകൾ 63,652 കോടി. അതിൽ കാർഷിക രംഗത്ത് 8,987 കോടി (14%), ചെറുകിട വ്യവസായങ്ങൾക്ക് 15,000 കോടി (24%), റീട്ടെയിൽ ബാങ്കിങ് 19,000 കോടി (30%). ഈ മൂന്നു രംഗങ്ങളിൽ ആകെ 42,987 കോടി.

ബാങ്കിനെ ആധുനികവൽക്കരിക്കാനും നിർമിത ബുദ്ധിയും (എഐ) ഓട്ടമേഷനും ഉൾപ്പടെ ഡിജിറ്റൽവൽക്കരിക്കാനുമുള്ള പദ്ധതികൾ തുടരുന്നു.



Related News


Special Story

മിനിമം ബാലന്‍സിന്റെ പേരില്‍ നിക്ഷേപകരില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബാങ്കുകള്‍ ഈടാക്കിയത് 10000 കോടി രൂപ; എസ്.ബി.ഐ ഉള്‍പ്പെടെ 19 പൊതുമേഖലാ ബാങ്കുകള്‍ മാത്രം ചുമത്തിയ പിഴ 6,155 കോടി രൂപ