Newage News
12 Jul 2020
ദില്ലി: പാപ്പരത്ത പ്രതിസന്ധി നേരിടുന്ന മൈക്രോ -ചെറുകിട -ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) രക്ഷപ്പെടുത്തുന്നതിനായി കേന്ദ്രം ഉടൻ പ്രത്യേക പദ്ധതി ആവിഷ്കരിക്കുമെന്ന് ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി നിർമല സീതാരാമൻ പ്രസ്താവനയിൽ പറഞ്ഞു. കോർപ്പറേറ്റ് കാര്യ മന്ത്രാലയം ഇൻസോൾവെൻസി ആൻഡ് പാപ്പരത്വ കോഡ് പ്രകാരമുള്ള പ്രത്യേക പാപ്പരത്ത പ്രമേയത്തിന് അന്തിമരൂപം നൽകും.
കോഡിന്റെ സെക്ഷൻ 240 എ പ്രകാരം അറിയിക്കേണ്ട സ്കീമിൽ, ചെറുകിട ബിസിനസ്സുകൾക്കായുളള പാപ്പരത്വ പദ്ധതിയുടെ പരിഷ്കരിച്ച പതിപ്പ് വ്യക്തമാക്കും. എസ്എംഇകൾക്കുള്ള ഒരു പ്രധാന ഇളവ് കോഡിലെ സെക്ഷൻ 29 എയിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. ചെറുകിട ബിസിനസുകളുടെ കാര്യത്തിൽ, കമ്പനിയുടെ ചുമതല ഏറ്റെടുക്കാൻ മറ്റ് നിക്ഷേപകരിൽ നിന്ന് കൂടുതൽ താൽപ്പര്യമുണ്ടാകാനുളള സാധ്യത കുറവായിരിക്കും, ഇത് ബിസിനസ്സിന്റെ പ്രതിസന്ധി വർധിപ്പിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.
പുതിയ പാപ്പരത്വ കോഡ് സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോർട്ടുകൾ.