ECONOMY

2030ല്‍ ഇന്ത്യക്കാരെക്കാള്‍ ബംഗ്ലാദേശികള്‍ ജീവിത നിലവാരത്തില്‍ മുന്നിലെത്തുമെന്ന് റിപ്പോര്‍ട്ട്

15 May 2019

ന്യൂഏജ് ന്യൂസ്, സ്റ്റാൻഡേർഡ് ചാർട്ടേഡിന്‍റെ കണക്കുകള്‍ പ്രകാരം 2018 ല്‍ ബംഗ്ലാദേശിന്‍റെ പ്രതിശീര്‍ഷ വരുമാനം 1,600 ഡോളറാണ്. ഇന്ത്യയുടേത് 1,900 ഡോളറാണ്. എന്നാല്‍, 2030 എത്തുന്നതോടെ ബംഗ്ലാദേശിന്‍റെ പ്രതിശീര്‍ഷ വരുമാനം 5,700 ലേക്ക് ഉയരുമെന്നാണ് ബാങ്ക് കണക്കുകൂട്ടുന്നത്. ഇന്ത്യയുടേതാകട്ടെ 5,400 ഡോളര്‍ മാത്രമായിരിക്കും. 2030 ല്‍ ജീവിത നിലവാരത്തില്‍ ഇന്ത്യക്കാരെക്കാള്‍ ബംഗ്ലാദേശികള്‍ മുന്നിലെത്തുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  

ഇതോടൊപ്പം, അടുത്ത ദശകം ഏഷ്യന്‍ രാജ്യങ്ങളുടെ കുതിപ്പിന് സാക്ഷ്യം വഹിക്കുമെന്നും ബാങ്കിന്‍റെ റിപ്പോര്‍ട്ട് പറഞ്ഞുവയ്ക്കുന്നു. ജിഡിപി വളര്‍ച്ച നിരക്കില്‍ ഏഴ് ശതമാനമാനമെന്ന മെച്ചപ്പെട്ട നിരക്ക് 2020 കളില്‍ നിലനിര്‍ത്തുന്നതില്‍ മുന്നില്‍ നില്‍ക്കുക ഏഷ്യന്‍ ശക്തികളായിരിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ, ബംഗ്ലാദേശ്, വിയറ്റ്നാം, മ്യാന്‍മാര്‍, ഫിലിപ്പിന്‍സ് തുടങ്ങിയവയെല്ലാം ഏഴ് ശതമാനത്തിന് മുകളില്‍ വളര്‍ച്ച നിരക്ക് നിലനിര്‍ത്തും. സ്റ്റാന്‍ഡേര്‍ഡ് ചാർട്ടേഡ് ബാങ്ക് ഇന്ത്യ വിഭാഗത്തിന്‍റെ തലവന്‍ മധുര്‍ ഝാ, സ്റ്റോന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ഗ്ലോബല്‍ ചീഫ് ഇക്കണോമിസ്റ്റ് ഡേവിഡ് മാന്‍ എന്നിവരാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

എത്യോപ്യ, ഐവറി കോസ്റ്റ് തുടങ്ങിയ രാജ്യങ്ങള്‍ അടുത്ത ദശകത്തില്‍ ഏഴ് ശതമാനം വളര്‍ച്ച നിരക്കിലേക്ക് എത്തും. ഈ രാജ്യങ്ങള്‍ ജിഡിപി നിരക്കുകളില്‍ ഇരട്ടിയിലധികം പുരോഗതി കൈവരിക്കും. അടുത്ത പത്ത് വര്‍ഷത്തിനിടയ്ക്ക് പ്രതിശീര്‍ഷ വരുമാനത്തില്‍ വിയറ്റ്നാം കൈവരിക്കുന്ന പുരോഗതി അസൂയാവഹമായിരിക്കുമെന്നും റിപ്പോര്‍ട്ട് പറഞ്ഞുവയ്ക്കുന്നു. 2018 ല്‍ 2,500 ഡോളറായിരുന്ന പ്രതിശീര്‍ഷ വരുമാനം 2030 ല്‍ 10,400 ഡോളറായി ഉയരും. 2030 ആകുമ്പോഴേക്കും ലോക ജനസംഖ്യയുടെ അഞ്ചില്‍ ഒന്ന് ഇന്ത്യയിലായിരിക്കും. ഈ ജനസംഖ്യയില്‍ ഉയര്‍ന്ന വിഹിതം ഇന്ത്യയിലായിരിക്കും. എന്നാല്‍, ഈ ജനസംഖ്യയിലൂടെ ഇന്ത്യ കൈവരിക്കുന്ന പ്രതിശീര്‍ഷ വരുമാന വളര്‍ച്ചയെക്കാള്‍ ഉയര്‍ന്നതാകും ബംഗ്ലാദേശിന്‍റേത്. ബംഗ്ലാദേശിന്‍റെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന നിക്ഷേപ വളര്‍ച്ച അവരുടെ പ്രതിശീര്‍ഷ വരുമാനത്തെ 2030 ഓടെ ഇന്ത്യയെക്കാള്‍ മെച്ചപ്പെട്ട സ്ഥിതിയിലേക്ക് എത്തിക്കുമെന്നും സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് വ്യക്തമാക്കുന്നു. 

കഴിഞ്ഞ ദിവസം പുറത്ത് വന്ന കണക്കുകളില്‍ ചൈനയുടെ അഭാവം എല്ലാവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തോളമായി പട്ടികയില്‍ മുന്നിലുണ്ടായിരുന്ന ചൈന സ്റ്റാൻഡേർഡ് ചാർട്ടേഡിന്‍റെ റിപ്പോര്‍ട്ടില്‍ പിന്നിലേക്ക് പോയി. 2020 കളില്‍ ചൈനയുടെ സാമ്പത്തിക വളര്‍ച്ച നിരക്ക് കുറയുമെന്നാണ് വിലയിരുത്തുന്നത്. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന്‍റെ കണക്കുകള്‍ പ്രകാരം ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പദ്‍ഘടന 2020 കളില്‍ 5.5 ശതമാനം വളര്‍ച്ച നിരക്ക് പ്രകടിപ്പിക്കും. 

ഏഴ് ശതമാനം വളര്‍ച്ച നിരക്ക് പ്രകടിപ്പിക്കുന്ന രാജ്യങ്ങളുടെ വിഭാഗത്തില്‍ സേവിങ്സ് , നിക്ഷേപ നിരക്കുകളില്‍ 20-25 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്നും ബാങ്കിന്‍റെ റിപ്പോര്‍ട്ട് പറയുന്നു. ഇത് മികച്ച സാമ്പത്തിക പുരോഗതിയുടെ ലക്ഷണമായാണ് കണക്കാക്കുന്നത്.  

ദാരിദ്യത്തിലുളള ജനങ്ങളുടെ ഉന്നമനത്തിന് അതിവേഗ വളര്‍ച്ച മാത്രം പോരെന്നാണ് ബാങ്ക് പറയുന്നത്. അതിവേഗ വളര്‍ച്ചയുടെ ഫലമായി ഉണ്ടാകുന്ന വരുമാന വളര്‍ച്ച സാമൂഹിക -രാഷ്ട്രീയ അസ്ഥിരത കുറയാനിടയാക്കും. ഇത് ഘടനാപരമായ ഉന്നമനം നടപ്പാക്കുന്നതിന് ഏറെ സഹായകരവുമാണെന്ന് റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന്‍റെ റിപ്പോര്‍ട്ട് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ദ പ്രിന്‍റാണ് പ്രസിദ്ധീകരിച്ചത്. Related News


Special Story

ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ