16 Feb 2019
ന്യൂഏജ് ന്യൂസ്: ജാഗ്വർ ഏറ്റെടുത്ത് ടാറ്റയും, ഈസ്റ്റ് ഇന്ത്യാ കമ്പനിയെ സ്വന്തമാക്കി ലുലുവും ഇന്ത്യയുടെ അഭിമാനത്തെ തെല്ലൊന്നുമല്ല തൊട്ടുണർത്തിയത്. 157 വർഷം പഴക്കമുള്ള ബ്രിട്ടീഷ് ഹെറാൾഡ് പത്രത്തെ സ്വന്തമാക്കിയ അൻസിഫ് അഷറഫ് എന്ന മലയാളി യുവാവ് നടത്തിയതും അത്തരമൊരു കടന്നു കയറ്റം തന്നെ. ഭാരതത്തിനും, കേരളത്തിനും അഭിമാനം, സന്തോഷം. പിതാവ് നടത്തിക്കൊണ്ടിരുന്ന കൊച്ചിൻ ഹെറാൾഡ് എന്ന കൗണ്ടി ന്യൂസ്പേപ്പർ ഏറ്റെടുക്കുമ്പോൾ അൻസിഫ് ചില കാര്യങ്ങൾ നിശ്ചയിച്ചുറപ്പിച്ചിരുന്നു- മാധ്യമ ലോകത്തു ഒരു തനതു വഴി തെളിക്കണം. ആരും കടന്നു കയറാൻ ധൈര്യം കാട്ടാത്ത വഴികളിലൂടെ നടക്കണം.
നിലച്ചുപോയ കൊച്ചിൻ ഹെറാൾഡിന്റെ കെട്ടും, മട്ടും, രൂപഭാവങ്ങളും മാറ്റി വിപണിയിൽ അവതരിപ്പിച്ച അൻസിഫ് ബിസിനസ് ജേർണലിസത്തിൽ ഒരു പുതിയ ധാര തുറന്നു. കേരളത്തിലും ഗൾഫിലും മികച്ച ബിസിനസ് ഇവെന്റുകൾ സംഘടിപ്പിച്ചു ശ്രദ്ധ നേടി. കേരളാ സ്റ്റേറ്റ് ബിസിനസ് എക്സലൻസ് അവാർഡ് ബിസിനസ് മികവിന്റെ ഷോക്കേസ് ആയി. കൊച്ചിൻ ഹെറാൾഡിന്റെ പബ്ലിഷിംഗ് വിഭാഗം- സിഎച് ബുക്സ് – എണ്ണപ്പെട്ട പുസ്തകങ്ങൾ പുറത്തിറക്കി. ലോകം നവമാധ്യ മങ്ങളിലേക്കു ചുവടു മാറ്റിയപ്പോൾ അൻസിഫ് ആ വഴിയേ നടന്നു. നൂതനമായ ആപ്പുകൾ, ടിവി കൊമേർഷ്യലുകൾ, അനിമേഷൻ ഫിലിമുകൾ- അങ്ങനെ മാറ്റത്തിനൊപ്പമുള്ള ചുവടുവയ്പുകൾ.
മാധ്യമ രംഗത്തു ചുവടുറപ്പിക്കുന്നതിനൊപ്പം മറ്റു വ്യവസായ രംഗങ്ങളിലും ആസിഫ് സാന്നിധ്യമായി. ഇതിനിടെ ടൈംസ് ഓഫ് ഇന്ത്യയുടെ ബ്രാൻഡ് ഐക്കണായി. പല ലോക നേതാക്കളുമായി അടുത്ത സൗഹൃദം സ്ഥാപിക്കുന്നതിൽ അൻസിഫ് മിടുക്കു കാട്ടി. ആഗോള മാധ്യമ ബിസിനസിലെ അവസരങ്ങൾ തേടുന്നതിനിടയിലാണ് ബ്രിട്ടീഷ് ഹെറാൾഡ് എന്ന സാധ്യത മുന്നിലേക്ക് വരുന്നത്. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ബ്രിട്ടീഷ് ഹെറാൾഡ് സ്വന്തമാകുന്നതോടെ അൻസിഫിന് പുതിയൊരു ലോക ജാലകം തുറന്നു കിട്ടുകയായി. ഡിജിറ്റൽ, പ്രിന്റ് റൈറ്റുകൾ ഇപ്പോൾ അൻസിഫിന്റെ നേതൃത്വത്തിലുള്ള കമ്പനിക്കാണ്. ബ്രിട്ടനിൽ പുതിയ കമ്പനി രൂപീകരിച്ചു ഡിജിറ്റൽ ഓപ്പറേഷൻസ് തുടങ്ങി. ബ്രിട്ടീഷ് ഹെറാൾഡിന്റെ വെബ്പോർട്ടൽ ലോഞ്ച് ചെയ്തു. റോയിട്ടേഴ്സ് ആണ് കണ്ടെൻറ് പാർട്ണർ.
അതിവേഗ വിപുലീകരണത്തിൽ പാതയിലാണ് ബ്രിട്ടീഷ് ഹെറാൾഡ്. 100 ൽ അധികം രാജ്യങ്ങളിൽ ഫ്രാൻഞ്ചൈസി നൽകും. ചൈനയിൽ ഫ്രാൻഞ്ചൈസി നൽകിക്കഴിഞ്ഞു. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ഉടനെ പ്രവർത്തനം തുടങ്ങും.
ലോകത്തെ ഒരു മുൻ നിര മീഡിയ ബ്രാൻഡ് എന്ന ലക്ഷ്യത്തിലാണ് ഈ മലയാളി യുവാവ്. മാധ്യമങ്ങൾക്കുള്ള പുത്തൻ സാദ്ധ്യതകൾ തേടിയാണ് ഇനിയുള്ള യാത്ര. ലണ്ടൻ സ്കൂൾ ഓഫ് ജേർണലിസത്തിൽ ലോ ജേർണലിസം വിദ്യാർത്ഥി കൂടിയാണ് അൻസിഫ്.