FINANCE

മോറട്ടോറിയം പിഴപ്പലിശ: പൊതുമേഖലാ ബാങ്കുകൾക്ക് ബാദ്ധ്യത ₹2,000 കോടി

Newage News

06 Apr 2021

ന്യൂഡൽഹി: മോറട്ടോറിയം കാലത്ത് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയ പിഴപ്പലിശ തിരിച്ചുനൽകണമെന്ന സുപ്രീംകോടതി വിധി പൊതുമേഖലാ ബാങ്കുകൾക്ക് 1,800-2,000 കോടി രൂപയുടെ ബാദ്ധ്യത സൃഷ്‌ടിച്ചേക്കും. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം മാർച്ച് ഒന്നുമുതൽ ആഗസ്‌റ്റ് 31 വരെയാണ് വായ്‌പകൾക്ക് റിസർവ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്.

മോറട്ടോറിയം കാലത്തെ പലിശ മുഴുവനായി എഴുതിത്തള്ളണമെന്ന വാദം അംഗീകരിച്ചില്ലെങ്കിലും പിഴപ്പലിശ ഈടാക്കരുതെന്നാണ് സുപ്രീംകോടതി വിധിച്ചത്. രണ്ടുകോടി രൂപവരെയുള്ള വായ്‌പകളുടെ പിഴപ്പലിശ ഉപഭോക്താക്കൾക്ക് കേന്ദ്രസർക്കാർ തിരിച്ചുനൽകിയിരുന്നു. ഈയിനത്തിൽ കേന്ദ്രത്തിനുണ്ടായ ബാദ്ധ്യത 6,500 കോടി രൂപയാണ്. രണ്ടുകോടി രൂപയ്ക്ക് മുകളിലുള്ള വായ്‌പകളും പിഴപ്പലിശ റീഫണ്ടിംഗിന് അർഹമാണെന്നാണ് സുപ്രീംകോടതി വിധി. ഇതുപ്രകാരം 7,500 കോടി രൂപ കൂടി ഉപഭോക്താക്കൾക്ക് തിരിച്ചുകൊടുക്കണം.

എന്നാൽ, ഈ ബാദ്ധ്യത ഏറ്റെടുക്കുന്ന കാര്യത്തിൽ കേന്ദ്രം മൗനംപാലിക്കുകയാണ്. ബാദ്ധ്യത ബാങ്കുകൾ തന്നെ ഏറ്റെടുക്കണമെന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ.ബി.എ) നിർ‌ദേശിച്ചിരുന്നു. അതിന് ബാങ്കുകൾ തയ്യാറായാൽ, പൊതുമേഖലാ ബാങ്കുകൾ തിരിച്ചുനൽകേണ്ടി വരിക 2,000 കോടിയോളം രൂപയാണ്. നേരത്തേ കേന്ദ്രം പിഴപ്പലിശ റീഫണ്ട് ചെയ്‌തപ്പോൾ മോറട്ടോറിയം സ്വീകരിക്കാത്ത വായ്‌പാ ഇടപാടുകാർക്കും ഇതിന്റെ ഗുണം കിട്ടിയിരുന്നു. സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് പ്രകാരം, മോറട്ടോറിയം നേടിയ വായ്‌പകൾക്ക് മാത്രം റീഫണ്ട് നൽകിയാൽ മതി.

തുടക്കത്തിൽ 60 ശതമാനം വായ്‌പാ ഇടപാടുകാരും മോറട്ടോറിയം സ്വീകരിച്ചെങ്കിലും പിന്നീടിത് 40 ശതമാനത്തിന് താഴെയെത്തിയെന്ന് ബാങ്കുകൾ പറയുന്നു. പൊതുമേഖലാ ബാങ്കുകളിൽ മോറട്ടോറിയം നേടിയ കോർപ്പറേറ്റ് വായ്‌പാവിഹിതം 25 ശതമാനത്തോളമാണ്. ലോക്ക്ഡൗൺ ഇളവുകളിൽ തിരിച്ചടവ് വർദ്ധിച്ചതാണ് മോറട്ടോറിയം നേടിയവരുടെ എണ്ണം കുറയാൻ വഴിയൊരുക്കിയത്.

ആറുമാസത്തേക്കാണ് മോറട്ടോറിയം പ്രഖ്യാപിച്ചതെങ്കിലും ഇടപാടുകാരൻ തിരഞ്ഞെടുത്ത കാലാവധി കണക്കാക്കി പിഴപ്പലിശ റീഫണ്ട് ചെയ്‌താൽ മതി. ഉദാഹരണത്തിന്, മൂന്നുമാസത്തേക്കാണ് മോറട്ടോറിയം തിരഞ്ഞെടുത്തതെങ്കിൽ അക്കാലയളവിലെ പിഴപ്പലിശ മാത്രമേ ബാങ്കിൽ നിന്ന് തിരിച്ചുകിട്ടൂ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story