Newage News
29 Jan 2021
തങ്ങളുടെ ക്രൂസർ സ്റ്റൈൽ മോട്ടോർസൈക്കിളായ ഇൻട്രൂഡറിന് വില വർധനവ് നടപ്പിലാക്കി സുസുക്കി. ഇപ്പോൾ 186 രൂപയുടെ ചെറിയ പരിഷ്ക്കരണം ലഭിച്ച മോഡലിന് 1,22,327 രൂപയാണ് ഇനി മുതൽ എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. നേരത്തെ സുസുക്കി ഇൻട്രൂഡറിന് 1,22,141 ആയിരുന്നു ഷോറൂം വില. വിലനിർണയത്തിലെ മാറ്റത്തിനു പുറമെ 150 സിസി സെഗ്മെന്റിലെത്തുന്ന ബൈക്കിന് കാര്യമായ പരിഷ്ക്കരണങ്ങളൊന്നും ജാപ്പനീസ് ബ്രാൻഡ് നടപ്പിലാക്കിയിട്ടില്ല. നിലവിലുള്ള വിപണി സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ എല്ലാ വാഹന നിർമാതാക്കളും വില വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സുസുക്കിയും ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത്. 155 സിസി എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഇൻട്രൂഡറിന്റെ ഹൃദയം. സ്ട്രീറ്റ്ഫൈറ്റർ പതിപ്പായ ജിക്സർ 155-ൽ നിന്ന് കടമെടുക്കുത്ത അതേ യൂണിറ്റാണിത്. ഇത് പരമാവധി 13.6 bhp കരുത്തിൽ 13.8 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. കൂടാതെ ഇൻട്രൂഡർ അതിന്റെ സസ്പെൻഷനും ബ്രേക്കിംഗ് ഹാർഡ്വെയറും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ജിക്സർ 155 സിസി മോഡലുകളിൽനിന്നാണ് മുമ്പോട്ടുകൊണ്ടുപോകുന്നത്.
കാൻഡി സനോമ റെഡ് ഉള്ള മെറ്റാലിക് മാറ്റ് ബ്ലാക്ക്, മെറ്റാലിക് മാറ്റ് ടൈറ്റാനിയം സിൽവർ ഉള്ള ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്, മെറ്റാലിക് മാറ്റ് ടൈറ്റാനിയം സിൽവർ എന്നിങ്ങനെ മൂന്ന് മൂന്ന്, ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലാണ് ബൈക്ക് ലഭ്യമാവുക. ഇൻട്രൂഡർ ബിഎസ്-6 പതിപ്പ് മാർച്ചിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. ഈ സെഗ്മെന്റിൽ ബജാജ് അവഞ്ചർ 160 സ്ട്രീറ്റുമായാണ് സുസുക്കി ഇൻട്രൂഡർ മാറ്റുരയ്ക്കുന്നത്. ആഗോള വിപണിയിലെ പ്രീമിയം മോഡലായ ഇൻട്രൂഡർ 1800-ൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് കുഞ്ഞൻ മോഡലിനെ ബ്രാൻഡ് അണിയിച്ചൊരുക്കിയിരിക്കുന്നത്. പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന് പുറമെ എൽഇഡി ഹെഡ്ലാമ്പ്, എൽഇഡി ടെയിൽ ലാമ്പ്, 11 ലിറ്റർ ഫ്യുവൽ ടാങ്ക്, സിംഗിൾ ചാനൽ എബിഎസ് എന്നിവ ഇൻട്രൂഡർ ക്രൂയിസറിന്റെ പ്രധാന സവിശേഷതകളാണ്. ഇൻട്രൂഡറിന് പുറമെ ആക്സസ് 125 സ്കൂട്ടര്‍ ശ്രേണിയുടെ വിലയും കമ്പനി വര്‍ധിപ്പിച്ചിരിന്നു. നേരത്തെ 70,500 രൂപയ്ക്ക് ലഭ്യമായിരുന്ന അടിസ്ഥാന പതിപ്പിന് ഇനി മുതല്‍ 70,686 രൂപ എക്സ്ഷോറൂം വിലയായി നല്‍കണം.