21 Oct 2019
ന്യൂഏജ് ന്യൂസ്, ന്യൂഡൽഹി ∙ 2024 ഓടെ ആഗോള വളർച്ചയിൽ മുഖ്യപങ്കു വഹിക്കുന്ന രാജ്യങ്ങളുടെ നിരയില്‍ ഇന്ത്യ യുഎസിനെ പിന്നിലാക്കുമെന്ന് ഐഎംഎഫ് (ഇന്റർനാഷനൽ മോണിറ്ററി ഫണ്ട്- രാജ്യാന്തര നാണ്യനിധി) കണക്കുകൾ. വളർച്ചയിൽ മുഖ്യ പങ്കാളിത്തമുള്ള യുഎസ് 2024 ആകുമ്പോഴേക്കും ഇന്ത്യയ്ക്കു പിന്നിൽ മൂന്നാം സ്ഥാനത്തെത്തും. വളർച്ചാനിരക്കിലെ പങ്കാളിത്തത്തിൽ നിലവിലെ 13.8 ശതമാനത്തിൽനിന്നു യുഎസ് 9.2 ശതമാനത്തിലേക്കു വീഴുമെന്നാണു റിപ്പോർട്ട്.
2024 ഓടെ 15.5 ശതമാനമായി ഉയരുന്ന ഇന്ത്യ യുഎസിനു മുകളിൽ നിർണായക ശക്തിയാകും. 2024ൽ 3.7 ശതമാനം വളര്ച്ചാശതമാനമാകുന്ന ഇന്തൊനീഷ്യ നാലാം സ്ഥാനത്തു തുടരും. നിലവിൽ 3.9 ശതമാനമാണു ഇന്തൊനീഷ്യയുടെ പങ്കാളിത്തം. ചെറിയ മാറ്റം മാത്രമാണ് ഇന്തൊനീഷ്യയുടെ കാര്യത്തിൽ പ്രവചിക്കപ്പെടുന്നത്. യുകെയാണു വലിയ തിരിച്ചടി നേരിടുക. ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തിൽ യുഎസ് സമ്പദ്വ്യവസ്ഥ ഒൻപതിൽനിന്നു 13–ാം സ്ഥാനത്തേക്കു വീഴും.
വളർച്ചാനിരക്ക് പതിഞ്ഞ താളത്തിൽ പോകുന്ന ചൈന വരുംവർഷങ്ങളില്‍ ആഗോള ജിഡിപി വളർച്ചയിൽ കാര്യമായ ചലനമുണ്ടാക്കില്ല. ആഗോള ജിഡിപി വളർച്ചയിൽ 2018–19 ല്‍ 32.7 ശതമാനത്തിൽനിന്ന് 2024ൽ 28.3 ശതമാനത്തിലേക്കു ചൈന താഴും. രണ്ടു ശതമാനം മാത്രം പങ്കാളിത്തമുള്ള റഷ്യ, അടുത്ത അഞ്ചു വർഷവും അതേ നില തുടരും. എന്നാൽ ജപ്പാനു പകരം അഞ്ചാം സ്ഥാനത്തേക്കു റഷ്യയെത്തും.
2024ൽ ജപ്പാന്റെ സ്ഥാനം ഒൻപതാമത് ആയിരിക്കുമെന്നാണു പ്രവചനം. 11–ാം സ്ഥാനത്തുനിന്നും ബ്രസീൽ ആറാം സ്ഥാനത്തേക്ക് ഉയരും. 1.6 ശതമാനവുമായി ജർമനി ഏഴാം സ്ഥാനത്തായിരിക്കും. വളർച്ചയെ നയിക്കുന്ന ആദ്യ 20 രാജ്യങ്ങളിൽ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ തുർക്കി, മെക്സിക്കോ, പാക്കിസ്ഥാൻ, സൗദി അറേബ്യ എന്നീ രാഷ്ട്രങ്ങളും ഉൾപ്പെടും. എന്നാൽ സ്പെയിൻ, പോളണ്ട്, കാനഡ, വിയറ്റ്നാം എന്നിവർ ആദ്യ 20 സ്ഥാനക്കാരിൽനിന്നു പുറത്താകുമെന്നും ഐഎംഎഫ് പ്രവചിക്കുന്നു.
Content Highlights: These 20 countries will dominate global growth in 2024