TECHNOLOGY

ടിക്‌ടോക് തരംഗത്തിൽ വിയർത്ത് ഫേസ്ബുക്കും ഗൂഗിളും, തിരിച്ചടിയെക്കുറിച്ച് പഠിക്കാൻ അമേരിക്കന്‍ ഇന്റര്‍നെറ്റ് കമ്പനികള്‍

15 Nov 2019

ന്യൂഏജ് ന്യൂസ്, കൗമാരക്കാരുടെ ദൗര്‍ബല്യമായി ടിക് ടോക് മാറിയിട്ട് കുറച്ചുകാലമായി. ഇന്റര്‍നെറ്റിലെ ജനപ്രിയ സൈറ്റുകളിലും ആപ്ലിക്കേഷനുകളിലും അമേരിക്കന്‍ കമ്പനികള്‍ക്കുള്ള അപ്രമാദിത്വം കൂടിയാണ് ടിക് ടോക് ചോദ്യം ചെയ്യുന്നത്. അതു തന്നെയാണ് സിലിക്കണ്‍ വാലിയുടെ ആശങ്കയായി മാറിയിരിക്കുന്നതും. ലോകത്തെ യുവാക്കൾ ടിക് ടോകിലേക്ക് ഒഴുകമ്പോൾ മുൻനിര ടെക് കമ്പനികൾ വിയർക്കുകയാണ്.

സെക്കന്റുകള്‍ മാത്രം നീളമുള്ള കൗതുകമുണര്‍ത്തുന്ന വിഡിയോകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്ന ലളിതമായ ആശയം അതിഗംഭീരമായാണ് ടിക് ടോക് യാഥാര്‍ഥ്യമാക്കിയത്. ബെയ്ജിങില്‍ നിന്നുള്ള ബൈറ്റ് ഡാന്‍സ് എന്ന ഏഴു വയസുള്ള കമ്പനിയാണ് ടിക് ടോകിന്റെ ഉടമകള്‍. അതിവേഗത്തിലാണ് ഈ ചൈനീസ് ആപ്ലിക്കേഷന്‍ ഇന്റര്‍നെറ്റിലെ ഏറ്റവും ജനപ്രീതിയുള്ള സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കുകളിലൊന്നായി മാറിയത്. 

ടിക് ടോക് എന്ന ചൈനീസ് ആപ്പിന്റെ വളര്‍ച്ച അടിയായത് അമേരിക്കന്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ക്കാണ്. ടിക് ടോകിന്റെ അപ്രതീക്ഷിത വളര്‍ച്ചയുടെ കാരണം തേടുന്നവരില്‍ ഫെയ്സ്ബുക്കും ഗൂഗിളും സ്‌നാപ് ചാറ്റുമൊക്കെയുണ്ട്. കഴിഞ്ഞ 12 മാസത്തെ കണക്കു പ്രകാരം ഏറ്റവും കൂടുതല്‍ തവണ ഡൗണ്‍ ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനുകളില്‍ ആഗോള തലത്തില്‍ ഒന്നാം സ്ഥാനം ടിക് ടോകിനാണ്. 75 കോടി തവണയാണ് ടിക് ടോക് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്. സെന്‍സര്‍ ടവറിന്റെ കണക്കുകള്‍ പ്രകാരം ഫെയ്സ്ബുക് (71 കോടി ) രണ്ടാമതും ഇന്‍സ്റ്റഗ്രാം (45 കോടി) മൂന്നാമതും യുട്യൂബ് (30 കോടി) നാലാമതും സ്‌നാപ് ചാറ്റ് (27.5 കോടി) അഞ്ചാം സ്ഥാനത്തുമാണ്.

കഴിഞ്ഞ വര്‍ഷമാണ് ഫെയ്സ്ബുക് ടിക് ടോകിന് സമാനമായ ലാസോ ആപ് പുറത്തിറക്കിയത്. എന്നാല്‍ അഞ്ച് ലക്ഷത്തില്‍ താഴെ മാത്രമാണ് ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്. ഇതില്‍ കൂടുതലും മെക്‌സിക്കോയിലായിരുന്നു. 15 സെക്കൻഡ് മുതല്‍ 60 സെക്കൻഡ് വരെയുള്ള പല ടിക് ടോക് വിഡിയോകള്‍ക്കും ലക്ഷത്തിലേറെ ലൈക്കുകള്‍ ലഭിക്കുമ്പോള്‍ ലാസോയിലെ ലൈക്കുകള്‍ നൂറില്‍ താഴെ മാത്രമേ വരുന്നുള്ളൂ. 

യുട്യൂബിലും ടിക് ടോക്കിന്റെ അപ്രമാദിത്വത്തെ മറികടക്കാനുള്ള ചര്‍ച്ചകള്‍ സജീവമാണ്. യുട്യൂബില്‍ ടിക് ടോകിന് സമാനമായ രീതിയില്‍ വിഡിയോ എഡിറ്റിങ് ഉള്‍പ്പെടുത്താനാണ് ശ്രമം. ടിക് ടോകിന് സമാനമായ ആപ്ലിക്കേഷനായ ഫയര്‍വര്‍ക്കിനെ വാങ്ങാനാണ് യുട്യൂബിന്റെ മാതൃസ്ഥാപനമായ ഗൂഗിളിന്റെ ശ്രമം. എന്നാല്‍ ഗൂഗിളിന് അകത്തു നിന്നു തന്നെ ഫയര്‍വര്‍ക്കിനെ ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് എതിര്‍പ്പ് നേരിടുന്നതിനാല്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് വിവരം.

ടിക് ടോകിന്റെ വളര്‍ച്ച ഏറ്റവും കൂടുതല്‍ ബാധിക്കുമെന്ന് കരുതപ്പെടുന്ന ആപ്ലിക്കേഷനുകളിലൊന്ന് സ്‌നാപ് ചാറ്റാണ്. എന്നാല്‍ ടിക് ടോകിന്റെ ഉപഭോക്താക്കളേക്കാള്‍ കുറിച്ചുകൂടി പ്രായം കൂടിയവരാണ് തങ്ങളുടെ ഉപഭോക്താക്കളെന്നാണ് സ്‌നാപ് ചാറ്റ് ഉടമ ഇവാന്‍ സ്‌പൈഗലിന്റെ അഭിപ്രായം. അതുകൊണ്ടുതന്നെ മത്സരത്തിനില്ലെന്നും സ്‌പൈഗല്‍ വാദിക്കുന്നു. അപരിചിതരുടെ വിഡിയോകള്‍ ആസ്വദിക്കുന്നതാണ് ടിക് ടോകിലെ രീതിയെങ്കില്‍ സുഹൃത്തുക്കളുടെ ബന്ധം ദൃഡമാക്കുന്നതാണ് സ്‌നാപ് ചാറ്റെന്നും സ്‌പൈഗല്‍ വിശദീകരിക്കുന്നു. എങ്കിലും കഴിഞ്ഞ ഏപ്രില്‍ മുതല്‍ സ്‌നാപ് ചാറ്റ് ടിക് ടോകിനെ എതിരാളിയായി കണ്ട് ആവശ്യമായ ഇടങ്ങളില്‍ നിയമനടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

ചൈന നിര്‍മിച്ച ഏറ്റവും വിജയകരമായ ആപ്ലിക്കേഷനെന്നാണ് ടിക് ടോകിനെ ഫെയ്സ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് കഴിഞ്ഞ ജൂലൈയില്‍ വിശേഷിപ്പിച്ചത്. ഇന്ത്യയില്‍ ഇന്‍സ്റ്റഗ്രാമിനേക്കാള്‍ കൂടുതല്‍ ജനപ്രീതി നേടിക്കഴിഞ്ഞ ടിക് ടോക്കിനെ പ്രതിഭാസമാണെന്ന് സക്കര്‍ബര്‍ഗ് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ എതിരഭിപ്രായങ്ങളെ യാതൊരു ദയയുമില്ലാതെ അടിച്ചമര്‍ത്തുന്ന ചൈനീസ് രീതിയാണ് ടിക് ടോകും തുടരുന്നതെന്ന വിമര്‍ശനവും സക്കര്‍ബര്‍ഗ് ഉയര്‍ത്തുന്നു. 

വലിയ തുകയാണ് തങ്ങളുടെ പ്രചാരം വര്‍ധിപ്പിക്കാന്‍ പരസ്യത്തിനായി ടിക് ടോക് ചെലവാക്കുന്നതെന്നാണ് സക്കര്‍ബര്‍ഗിന്റെ കണ്ടെത്തല്‍. എന്നാല്‍ പരസ്യം നല്‍കുന്നതിന്റെ നിരക്ക് കുറച്ചിട്ടും അവരുടെ ജനപ്രീതി ഇടിഞ്ഞില്ലെന്നും സക്കര്‍ബര്‍ഗ് സമ്മതിക്കുന്നു.

Content Highlights: Teens Love TikTok. Silicon Valley Is Trying to Stage an InterventionRelated News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ
ആഗോള ഇലക്ട്രോണിക്സ് വിണിയിയിലും പ്രതിസന്ധിയുടെ ലാഞ്ചനകൾ; ഐഫോൺ വാങ്ങാനാളില്ലാതായതോടെ കോടികളുടെ നഷ്ടം നേരിട്ട് സാംസങ്, വിപണിയിൽ വൻ പ്രതിസന്ധിയെന്ന സൂചനയുമായി ടെക് ഭീമന്മാരുടെ പ്രവർത്തന റിപ്പോർട്ട്