LAUNCHPAD

മലബാറിലെ കായലുകളിൽ ഉരു യാത്രാ ടൂറിസം പദ്ധതി ഒരുങ്ങുന്നു; പദ്ധതിയുടെ ചുമതല ബിആർഡിസിക്ക്

Newage News

19 Feb 2020

തിരുവനന്തപുരം: ആലപ്പുഴയെ ലോക വിനോദ സഞ്ചാര ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഹൗസ് ബോട്ട് സവാരിക്കു സമാനമായി മലബാറിലെ കായലുകളിൽ ഉരു യാത്രാ ടൂറിസം പദ്ധതി നടപ്പാക്കും.  ടൂറിസം വകുപ്പിനു കീഴിലുള്ള  ബേക്കൽ റിസോർട്സ് ഡവലപ്മെന്റ് കോർപറേഷനാ(ബിആർഡിസി)ണു പദ്ധതിയുടെ ചുമതല.

മലബാറിന്റെ സാംസ്കാരികത്തനിമ വിനോദ സഞ്ചാരികൾക്ക് ഉരു യാത്രയിലൂടെ അടുത്തറിയാനും തനതു  കലാരൂപങ്ങൾ ആസ്വദിക്കാനുമുള്ള നൂതന നദിയോര സംസ്കാര സഞ്ചാര ടൂറിസം പദ്ധതിയാണു ലക്ഷ്യം. ആയിരത്തിലധികം വർഷങ്ങളുടെ പഴക്കമുള്ള പരമ്പരാഗത മലബാർ ഉരു നിർമ്മാണ പൈതൃകം സംരക്ഷിക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതാണു പദ്ധതി. ഇതോടൊപ്പം മലബാറിന്റെ സവിശേഷമായ നാട്ടുഭക്ഷണ രുചി ആസ്വദിച്ചു പൗരാണികവും ജൈവ വൈവിധ്യ സമ്പന്നവുമായ കാവുകളും കോട്ടകളും ക്ഷേത്രങ്ങളും പള്ളികളും മസ്ജിദുകളും കണ്ട് അവയുടെ ചരിത്ര പ്രാധാന്യമറിയാനും പദ്ധതിയിലൂടെ സാധിക്കും.

കവികളുടെയും സാംസ്കാരിക നായകൻമാരുടെയും ജീവൻ തുടിക്കുന്ന കഥകൾ ഉരു യാത്രയിലൂടെ പല സ്ഥലങ്ങളിൽ നിന്നായി ആസ്വദിക്കാനാകും. തണ്ണീർത്തടങ്ങളും ഔഷധ സസ്യ വൈവിധ്യങ്ങളും നാട്ടുമരുന്നുകളും ഗ്രാമീണ ചന്തകളും കാണാൻ കഴിയുന്ന വൻ പാക്കേജുകളാണ് ഉരു ടൂറിസത്തിലൂടെ ഒരുക്കുന്നത്. പദ്ധതിക്കായി 50 പേർക്ക് ഇരിക്കാവുന്ന ഉരുവാണു നിർമിക്കുക. ഇതിന്റെ രൂപരേഖ തയാറാക്കി ടെൻഡർ നടപടി 2 മാസം കൊണ്ടു പൂർത്തിയാക്കുമെന്നു ബിആർഡിസി എംഡി ടി.കെ. മൻസൂർ പറഞ്ഞു

ഉരുവിന്റെ കഥ പറയുന്നതു സ്മൈൽ ടൂറിസം സംരംഭകർ

ആയിരത്തിലധികം വർഷങ്ങളുടെ പഴമയുള്ളതാണു മലബാറിലെ ഉരു നിർമാണം. സഞ്ചാരികൾക്ക് ഉരുവിന്റെ ചരിത്രവും നിർമാണത്തിലെ സവിശേഷതകളും കഥാരൂപേണയും ചിത്ര-ദൃശ്യ വിവരണങ്ങളിലൂടെയും സ്മൈൽ സംരംഭകർ വിശദമാക്കി നൽകും. അറബികൾ ഉരു നിർമ്മാണത്തിനു വഴിയൊരുക്കിയതും വിശദീകരിക്കും.എഴുതി വച്ച കണക്കുകളോ രൂപരേഖാ ചിത്രങ്ങളൊ ഒന്നുമില്ലാതെയാണ് ഉരുവിന്റെ നിർമ്മാണം.

മലബാർ ഖലാസികളുടെ കരവിരുതിനാൽ പ്രശസ്തമായ നിർമാണ പ്രക്രിയയിൽ നാടൻ ഉപകരണങ്ങളല്ലാതെ വലിയ യന്ത്രസാമഗ്രികളൊന്നും തന്നെ ഉപയോഗിക്കാറില്ല.  അതേസമയം, ലോകത്ത് ഏറ്റവും വലിയ കരകൗശല വസ്തു ആയാണ് ഉരു വിശേഷിക്കപ്പെടുന്നത്. ഉരു നിർമാണം അന്യം നിന്നു പോകുന്ന ഘട്ടത്തിലാണ്, സവിശേഷമായ പൈതൃകം സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ബിആർഡിസി പദ്ധതി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story