Newage News
28 Jan 2020
മാസാമാസം നിയമ പരിഷ്കാരം നടത്തിയാല്‍ പോലും ടെക്നോളജി കമ്പനികള്‍ക്ക് വേലികെട്ടല്‍ എളുപ്പമാകില്ല എന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. നിയമത്തിന് ഭാവിയില്‍ എന്തു നടക്കാന്‍ പോകുന്നുവെന്നു പരിഗണിക്കുന്നതിന് പരിമിതിയുണ്ട്. ടെക്നോളജി കമ്പനികളുടെ, അല്ലെങ്കില്‍ സിലിക്കന്‍ വാലി ഭീമന്മാരുടെ കടന്നുകയറ്റം മുഴുവന്‍ നിലവിലുള്ള നിയമങ്ങളെ എങ്ങനെ ഭേദിച്ച് തങ്ങളുടെ ബിസിനസ് താത്പര്യങ്ങള്‍ മുതലാക്കാം എന്നതിന്റെ തെളിവാണ്. അമേരിക്കയുടെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ഇപ്പോള്‍ ഒരുങ്ങുന്നത് ഒരു ഫെഡറല്‍ നിയമം പരിഷ്കരിക്കുന്ന കാര്യം വിശദമായി ചര്‍ച്ച ചെയ്യാനാണ്. കമ്മ്യൂണിക്കേഷന്‍സ് ഡിസന്‍സി ആക്ട് സെക്ഷന്‍ 230 ( Section 230 of the Communications Decency Act) ആണ് നിലവില്‍ ടെക്നോളജി കമ്പനികള്‍ക്ക് പല ഇളവുകളും സമ്മാനിക്കുന്നത്. ഇതെടുത്തു കളയണോ എന്നു ചര്‍ച്ച ചെയ്യാനാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ഒരു കോണ്‍ഫറന്‍സ് വിളിച്ചിരിക്കുന്നത്.
ഫെയ്സ്ബുക്കിലും മറ്റും ഉപയോക്താക്കള്‍ എന്തു പോസ്റ്റ് ചെയ്യുന്നു എന്നതിന് കമ്പനികള്‍ ഉത്തരവാദികളല്ല എന്നാണ് ഇപ്പോള്‍ നിലവിലുള്ള നിയമം പറയുന്നത്. ഇതിനെതിരെ പലരും രംഗത്തുവന്നിരുന്നു. ഇത്തരം പോസ്റ്റുകളിലൂടെ വ്യാജവാര്‍ത്തയും മറ്റും എളുപ്പത്തില്‍ പ്രചരിപ്പിക്കാമെന്നാണ് അവരുടെ വാദം. ഇതിലൂടെ എളുപ്പം കലാപങ്ങള്‍ സൃഷ്ടിക്കാം. എന്തിന്, ഇത് ജനാധിപത്യത്തിന്റെ ഭാവി പോലും അവതാളത്തിലാക്കിയെന്ന് സമീപകാല ചില തെരഞ്ഞെടുപ്പുകളെ വിശകലനം ചെയ്തുകൊണ്ട് അവര്‍ പറയുന്നു. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ടെക് വ്യവസായ പ്രതിനിധികള്‍, അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍, സാമൂഹ്യ ചിന്തകര്‍, ട്രംപ് ക്യാബിനറ്റിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്ന ഒരു കൂട്ടം ആളുകളായിരിക്കും സമൂഹ മാധ്യമങ്ങള്‍ക്കും മറ്റും എന്ത് റോളാണ് അനുവദിക്കേണ്ടതെന്ന് ചര്‍ച്ച ചെയ്യുക.
24 വര്‍ഷം പഴക്കമുള്ള നിയമം
ഫെയ്സ്ബുക്, ഗൂഗിളിന്റെ യുട്യൂബ്, ട്വിറ്റര്‍ തുടങ്ങിയ കമ്പനികളൊക്കെ 24 വര്‍ഷം പഴക്കുമുള്ള ഈ നിയമം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സമൂഹ മാധ്യമങ്ങള്‍ അല്ലെങ്കില്‍ ഇന്നത്തെ രീതിയില്‍ വിഡിയോ ഷെയറിങ് ഒന്നും സാധ്യമല്ലാതിരുന്ന കാലത്ത് സൃഷ്ടിച്ചതാണ് ഈ നിയമം. മുകളില്‍ പറഞ്ഞ മൂന്നു പ്ലാറ്റ്ഫോമുകളും വിഡിയോകളുടെയും ഫോട്ടോകളുടെയും സന്ദേശങ്ങളുടെയും വലിയ കൂനകളാണ്. ഇവയില്‍ നിന്ന് നല്ലതും ചീത്തയും വേര്‍തിരിക്കുക എന്നത് അവ ഹോസ്റ്റു ചെയ്യുന്ന കമ്പനികള്‍ക്കും സാധ്യമുള്ള കാര്യമല്ല. പുതിയ നീക്കത്തെക്കുറിച്ച് മൂന്നു കമ്പനകളും പ്രതികരിച്ചില്ല.
അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ (William Barr) പറഞ്ഞത് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് സെക്ഷന്‍ 230 വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്. ഇതിന്റെ സാധ്യതകളെയും കുറവുകളെയും അവര്‍ വിലയിരുത്തുകയാണ്. സെക്ഷന്‍ 230 നല്കുന്ന പരിരക്ഷ, ടെക്നോളജി കമ്പനികള്‍, അതു സൃഷ്ടിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ ഉദ്ദേശിച്ചതിനപ്പുറത്ത് ഉപയോഗപ്പെടുത്തുകയാണ് ഉണ്ടായിരിക്കുന്നതെന്ന് ബാര്‍ ചൂണ്ടിക്കാണിക്കുന്നു. തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒന്നും അറിയേണ്ട എന്നതാണ് ഇന്റര്‍നെറ്റ് കമ്പനികളുടെ ഇപ്പോഴത്തെ നിലപാടെന്നും ബാര്‍ പറയുന്നു.
എന്നാല്‍, തങ്ങള്‍ക്കെതിരെ നടക്കുന്ന രാഷ്ട്രീയ പ്രസംഗങ്ങളും മറ്റും പോസ്റ്റ് ചെയ്യാന്‍ അനുവദിക്കുകയുമില്ല. ഇത് അഹങ്കാരമാണ്. അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും നിയമനിര്‍മ്മാതാക്കള്‍ ഇതില്‍ രോഷാകുലരാണ്. സെക്ഷന്‍ 230 നല്കുന്ന പരിരക്ഷ എടുത്തുകളയണമെന്നും അവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നുമാണ് പല സെനറ്റര്‍മാരും ആവശ്യപ്പെടുന്നത്.
റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ പറയുന്നത് തങ്ങള്‍ക്ക് അനുകൂലമായ കണ്ടെന്റ് എടുത്തു നീക്കപ്പെടുന്നു. സെക്ഷന്‍ 230 കാരണം അതിനെതരെ കേസുകൊടുക്കാന്‍ സാധിക്കുന്നില്ല എന്നാണ്. അതേസമയം, ചില ഡെമോക്രാറ്റുകള്‍ പറയുന്നത് വ്യാജവാര്‍ത്ത പ്രചരിപ്പിക്കലും തിവ്രവാദികള്‍ക്ക് അനുകൂല വാര്‍ത്തകള്‍ പ്രചരിപ്പിക്കലും നടത്തുന്നു എന്നത് തങ്ങള്‍ക്ക് പേടിയുള്ള കാര്യമാണ് എന്നാണ്.
അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുമോ?
എന്നാല്‍, സെക്ഷന്‍ 230 നീക്കം ചെയ്താല്‍ അത് ഇന്റര്‍നെറ്റിലെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കലായിരിക്കുമെന്നാണ് ചില നിയമ വിദഗ്ധര്‍ പറയുന്നത്. ഇതിന്റെ വിവിധ വശങ്ങള് വിശദമായി ചര്‍ച്ചചെയ്യാനാണ് 'വര്‍ക്ഷോപ്' നടത്താന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ഒരുങ്ങുന്നത്. അടുത്ത മാസം ഇതു നടത്തിയേക്കാം. ഇന്റര്‍നെറ്റിലെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് പ്രസംഗിക്കുന്ന പ്രഗത്ഭരായ പ്രൊഫസര്‍മാരെ വരെ ഈ മീറ്റിങ്ങിലേക്ക് ക്ഷണിക്കും.