CORPORATE

ഗള്‍ഫില്‍ സംഭവിക്കുന്നത്: എന്ത് പറ്റി യുഎഇ എക്‌സ്‌ചേഞ്ചിന് ?

Newage News

05 May 2020

അറബ് വസന്തത്തിന്റെ തുടക്കം 

1938ല്‍ സൗദി- ദമാമിലെ ഏഴാം നമ്പര്‍ എണ്ണക്കിണറില്‍ നിന്നും എണ്ണ കണ്ടെത്തുന്നതോടെ ഗള്‍ഫ് പതിയെ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാകാന്‍ തുടങ്ങി. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തി കേന്ദ്രമാക്കി  എണ്ണ ഈ മേഖലയെ മാറ്റി. വിദേശ ശക്തികള്‍ ഗള്‍ഫിനെ ശ്രദ്ധാപൂര്‍വം നോക്കാന്‍ തുടങ്ങി. ഈ മേഖലയിലാകെ സമഗ്രമായ വളര്‍ച്ചക്ക് എണ്ണ അടിത്തറയിട്ടു. 

പിന്നീട് ഗള്‍ഫ് ബൂം എന്നറിയപ്പെട്ട പ്രതിഭാസം പതിയെ തുടങ്ങുകയായി. ആദ്യം ഓയില്‍ റിഗുകളിലേക്ക്, പിന്നീട് വളര്‍ച്ച നേടിക്കൊണ്ടിരുന്ന പല മേഖലകളിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ വന്നു ചേരാന്‍ തുടങ്ങി. ‘ഉരു’കളിലും മറ്റും കേരളത്തിന്റെ  തീരങ്ങളില്‍ നിന്നും അറബിപ്പൊന്ന് തേടി ആളുകള്‍ പോയിത്തുടങ്ങി. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അതൊരു ഒഴുക്കായി. ഗള്‍ഫ്, മലയാളികളുടെ താവളമായി. മേഖലയിലെ ഏറ്റവും സ്വാധീന ശക്തിയുള്ള സമൂഹമായ അവര്‍ വളര്‍ന്നു. കേരളം ഗള്‍ഫ് പണമൊഴുക്കില്‍ വളര്‍ന്നു. ശരാശരി മലയാളി യുവാക്കളുടെ ജീവിത സ്വപ്‌നം ഗള്‍ഫില്‍ എത്തിപ്പെടുക എന്നതായി.

ബിസിനസിലേക്ക് 

ആദ്യം തൊഴില്‍ തേടി വന്നവര്‍ പതിയെ സ്വന്തമായ ചെറിയ ബിസിനസുകളിലേക്ക്  കടന്നു. പലതും പെട്ടെന്ന് വളര്‍ന്നു. പൊതുവെ ബിസിനസിന് അനുകൂലമായ അന്തരീക്ഷമായിരുന്നു അവിടെ. ഇവരാരും ചുണ്ടില്‍ വെള്ളിക്കരണ്ടിയുമായി പിറന്ന് വീണവരല്ല. സ്ഥിരോത്സാഹം കൊണ്ടും, നിരന്തര പരിശ്രമം കൊണ്ടും വളര്‍ന്നവരാണ് ഭൂരിപക്ഷവും. ഇവര്‍ കുടുംബാംഗങ്ങളെയും, പരിചയക്കാരെയും, നാട്ടുകാരെയും ഒക്കെ ഗള്‍ഫില്‍ എത്തിച്ചു. കണ്‍സ്ട്രക്ഷന്‍, ഓയില്‍, റീട്ടെയില്‍, ജുവല്ലറി, ഹെല്‍ത്ത്, എഡ്യൂക്കേഷന്‍, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലൊക്കെ ഇവര്‍ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി. 

ചില പേരുകള്‍ 

കൊല്ലം ചവറക്കടുത്ത് പരമ്പരാഗത കാര്‍ഷിക കുടുംബത്തില്‍ ജനിച്ച രവി പിള്ള 1978 ല്‍ സൗദിയിലെത്തിയത് കേരളത്തിലെ തൊഴിലാളി സമരത്തില്‍ ഗത്യന്തരമില്ലാതെയാണ്.കേരളത്തില്‍പബ്ലിക് കോ ണ്‍ട്രാക്റ്ററായിരുന്ന അദ്ദേഹം 200 ഓളം തൊഴിലാളികളുമായാണ് അവിടെ എത്തുന്നത്. ഇന്ന് അദ്ദേഹം നേതൃത്വം നല്‍കുന്ന ബഹ്‌റൈന്‍ ആസ്ഥാനമായ ആര്‍പി ഗ്രൂപ്പിന് കീഴില്‍ 26 കമ്പനികളുണ്ട്. 30000 കോടി വരുമാനവും. 1973 ല്‍ കപ്പലില്‍ ദുബായില്‍ കപ്പലില്‍ വന്നിറങ്ങിയ യൂസഫലിയുടെ സാമ്രാജ്യത്തില്‍ ഇന്ന് 32000 തൊഴിലാളികളുണ്ട്. ഭൂരിപക്ഷവും മലയാളികള്‍. വലിയ പങ്കും  നാട്ടികയില്‍ നിന്നുള്ള സ്വന്തം നാട്ടുകാര്‍. ലുലു ഒരു പ്രതിഭാസമായി മാറിയത് ചരിത്രം. ഗള്‍ഫിലെ ഇന്ത്യന്‍ ബിസിനസ് പടയോട്ടത്തിന്റെ പോസ്റ്റര്‍ ബോയ് ആയി യൂസഫലി മാറി. 

കോളേജ് ബിരുദം പൂര്‍ത്തിയാക്കാതെ 70 കളുടെ അവസാനം ഒമാനിലെത്തിയ പിഎന്‍സി മേനോന്‍ തന്റെ ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനത്തെ മേഖലയിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനിയാക്കി വളര്‍ത്തി. 

സണ്ണി വര്‍ക്കി, ആസാദ് മൂപ്പന്‍, ഫൈസല്‍ കുട്ടിക്കൊല്ലോന്‍, ജോയ് ആലുക്കാസ്  തുടങ്ങി നിരവധി മലയാളികള്‍ ബിസിനസില്‍ ജ്വലിച്ചു. ഗള്‍ഫ് യുദ്ധത്തെയും, മാന്ദ്യത്തെയും അതിജീവിച്ച ഇവര്‍ ഗള്‍ഫ് വളര്‍ച്ചയില്‍ നിര്‍ണായക പങ്കാളികളായി. 

ഒരു ഗള്‍ഫുകാരനെങ്കിലും ഇല്ലാത്ത ഒരു വീട് കേരളത്തില്‍ ഉണ്ടാകാനിടയില്ല. ഗള്‍ഫില്‍ വിജയിച്ചവരുടെ വീരകഥകള്‍ വീടുകളില്‍ ആളുകള്‍ സംസാരിച്ചു കൊണ്ടേയിരുന്നു. കേരളത്തില്‍ ബിസിനസ് തുടങ്ങുന്നതിനേക്കാള്‍  ഗള്‍ഫില്‍ ബിസിനസ് തുടങ്ങാന്‍  മലയാളികള്‍ക്ക് വലിയ അഭിനിവേശമായിരുന്നു.

തുറന്നിട്ട ധനകാര്യ മേഖല 

കമ്പനി നടപടി ക്രമങ്ങള്‍, ധനകാര്യ ഇടപാടുകള്‍, ബാങ്കിങ് എന്നിവയിലെ സുതാര്യത ഇല്ലായ്മ ഇവിടുത്തെ ഒരു പ്രധാന വെല്ലുവിളി ആയിരുന്നു. അത് പക്ഷെ ഓപ്പണ്‍ ഇക്കോണമിയുടെ മുഖമുദ്ര എന്ന നിലയില്‍ പരക്കെ സ്വീകാര്യം ആയി മാറി. നിയന്ത്രണങ്ങള്‍ തീരെ കുറഞ്ഞ സാമ്പത്തിക സാഹചര്യങ്ങളിലാണ് പല ബിസിനസുകളും വളര്‍ന്നത്. 


ഗള്‍ഫാര്‍ 

ഒമാനില്‍ ഗള്‍ഫാര്‍ മുഹമ്മദലിക്ക് നേരിടേണ്ടി വന്ന നിയമ നടപടികള്‍ മലയാളി ബിസിനസ് സമൂഹത്തിന് അവിശ്വസനീയമായിരുന്നു. ഒമാന്‍ രാജ കുടുംബവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്ന മുഹമ്മദലിയുടെ പതനം എല്ലാവരെയും ഞെട്ടിച്ചു. ഒറ്റപ്പെട്ട സംഭവമായെ അന്നത് അനുഭവപ്പെട്ടുള്ളൂ. പെട്രോളിയം ഡെവലപ്‌മെന്റ് ഒമാനില്‍ നിന്നും ഗള്‍ഫാര്‍ എന്‍ജിനിയറിങ് ആന്‍ഡ് കോണ്‍ട്രാക്ട് കമ്പനിക്ക്  കരാര്‍ ലഭിക്കുന്നതിനായി കോഴ വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന് നിയമ നടപടി നേരിടേണ്ടി വന്നത്. പല കേസുകളായി 15 വര്‍ഷം തടവും 6 ലക്ഷം ഒമാന്‍ റിയാല്‍ പിഴയുമാണ് വിധിച്ചത്. 

2016 ല്‍ പൊതുമാപ്പിലൂടെ ഇളവ് ലഭിച്ചു പുറത്തു വന്നെങ്കിലും, മലയാളി വ്യവസായ സമൂഹത്തിന് തിരിച്ചറിവ് നല്‍കിയ സംഭവമായി അത്. 

അറ്റ്‌ലസ് രാമചന്ദ്രന്‍ 

ബാങ്കുകളില്‍ നിന്നെടുത്ത വലിയ വായ്പ വകമാറ്റി ചെലവഴിച്ചു കുഴപ്പത്തിലായ അറ്റ്‌ലസ് രാമചന്ദ്രന്‍ തിരിച്ചടവ് മുടങ്ങിയതോടെ നിയമ നടപടികളില്‍ പെട്ട് ജയിലിലായി. 35 മാസം ജയിലില്‍ കിടന്നു. സി സി തമ്പി 

ഹോളിഡേ ഗ്രൂപ്പ് ഉടമ സി സി തമ്പി അനധികൃത സ്വത്ത്‌സമ്പാദനത്തിന്റെ പേരില്‍ അറസ്റ്റിലായി. റോബര്‍ട്ട് വധേര ഉള്‍പ്പെട്ട സാമ്പത്തിക ക്രമക്കേട് ആയിരുന്നു ഇത്. രാഷ്ട്രീയ ബന്ധം സംഭവത്തിന് മറ്റൊരു മാനം നല്‍കി.


ജോയ് അറക്കല്‍ 

വയനാട്ടുകാരനായ അറക്കല്‍ ജോയിയുടെ ദുരൂഹമായ മരണം കോവിഡ് വര്‍ത്തകള്‍ക്കിടയിലും കേരളത്തെ ഞെട്ടിച്ചു. ഗള്‍ഫ് ബിസിനസുകാര്‍ക്കിടയില്‍ ജോയ് മുഖ്യധാരയിലെ സാന്നിധ്യമായിരുന്നില്ല. പക്ഷെ ഓയില്‍ ബിസിനസിലെ ശക്തന്‍. യമനില്‍ നിന്നും കുറഞ്ഞ വിലക്ക് ഓയില്‍ വാങ്ങി റിഫൈനറികള്‍ക്ക് വിറ്റ് വലിയ നേട്ടം കൊയ്തിരുന്ന ആള്‍. ഇറാക്ക് യുദ്ധ കാലം ജോയിക്ക് സുവര്‍ണ നാളുകളായിരുന്നു. പിന്നീട് സ്വന്തമായി റിഫൈനറി സംവിധാനങ്ങള്‍ ഉണ്ടാക്കി. ഓയില്‍ രംഗത്തുള്ള തദ്ദേശീയരുടെയും നോട്ടപ്പുള്ളി ആയി മാറുകയും ചെയ്തു. അതി സമ്പന്നനായ അറക്കല്‍ ജോയ്ക്ക് പല മേഖലകളില്‍ നിക്ഷേപങ്ങള്‍ ഉണ്ടായിരുന്നു. യുഎഇ എക്‌സ്‌ചേഞ്ച് ഉടമ ബിആര്‍ ഷെട്ടിക്ക് വലിയ തുക അദ്ദേഹം നല്‍കിയിരുന്നതായി ഇപ്പോള്‍ അഭ്യൂഹങ്ങളുണ്ട്. 

പൊടുന്നനെ ഉണ്ടായ എണ്ണ വില ഇടിവ് അദ്ദേഹത്തിന്റെ ബിസിനസിന്റെ താളം തെറ്റിച്ചിരിക്കാം. ഫണ്ട് ഷോര്‍ട്ടേജ് ഉണ്ടായിരിക്കാം. പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടിരിക്കാം.  മരണം സ്വാഭാവികമല്ലായിരുന്നു എന്ന നിഗമനത്തിലാണ് ദുബായ് പോലീസ്. ഷാര്‍ജയിലെ ഹംറിയ ഫ്രീസോണില്‍ എണ്ണശുദ്ധീകരണ കമ്പനി സ്ഥാപിക്കുന്നതിനായി വന്‍തുകയാണു ജോയിയുടെ ഇന്നോവ ഗ്രൂപ്പ് മുടക്കിയത്. മൊത്തം 2500 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ 90 ശതമാനവുംപൂര്‍ത്തിയായി.എന്നാല്‍, പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറുടെ കുറ്റപ്പെടുത്തലില്‍ വിഷമിച്ചാണ്  ജീവനൊടുക്കിയതെന്നാണ് അദ്ദേഹത്തിന്റെ  ബന്ധുക്കള്‍ പറയുന്നത്. 

ബിആര്‍ ഷെട്ടി എന്ന വ്യവസായ ഭീമന്റെ വീഴ്ച 

മലയാളി അല്ലെങ്കിലും കേരളവുമായി അഭേദ്യ ബന്ധമുണ്ട് ഷെട്ടിക്ക്. മലയാളി ബിസിനസ് സമൂഹവുമായി വളരെ അടുത്ത ബന്ധം. അവരില്‍ പലരെയും ആദ്യ ഘട്ടത്തില്‍ സഹായിച്ചിട്ടുമുണ്ട്. അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് മുന്‍കൈ എടുത്തു. രണ്ടാമൂഴം സിനിമയാക്കാനുള്ള 1000 കോടിയുടെ പദ്ധതി ഏറ്റെടുത്തു.  

സംഗീത നാടക അക്കാദമിയിലെ ആയിരക്കണക്കിന് പേരുടെ ഇന്‍ഷുറന്‍സ് പ്രീമിയം അദ്ദേഹം അടച്ചിരുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ടീമിലെ വിശ്വസ്തരായ രണ്ടു പേര്‍ പാലക്കാട്ടുകാര്‍- പ്രമോദ് മങ്ങാട്ടും, പ്രശാന്ത് മങ്ങാട്ടും. തൊഴിലാളികളില്‍ ഭൂരിപക്ഷവും മലയാളികള്‍. 70 ശതമാനത്തോളം പേര്‍. 

ഷെട്ടിയുടെ ബിസിനസ് സാമ്രാജ്യം.  

കൈയില്‍ 56 രൂപയുമായി 70 കളുടെ ആരംഭത്തില്‍ ഗള്‍ഫിലെത്തി 32000 കോടിയുടെ ആസ്തി ഉണ്ടാക്കിയ  ഭവഗുത്തു രഘുറാം ഷെട്ടി കെട്ടിപ്പടുത്തത് സ്വപ്‌ന സാമ്രാജ്യം. ബുര്‍ജ് ഖലീഫയില്‍ സ്വന്തമായി രണ്ട് നിലകള്‍. മെഡിക്കല്‍ റെപ്രസെന്ററ്റിവ് ആയി തുടക്കം. ഡോക്റ്ററായ ഭാര്യയുമൊത്ത്  പിന്നീട് സ്വന്തം ക്ലിനിക് തുടങ്ങി.  ആ ക്ലിനിക്ക് ആണ് ന്യൂമെഡിക്കല്‍ സെന്ററയി (ചങഇ)  മാറിയത്. 

45 ആശുപത്രികള്‍. 2000 ഡോക്റ്റര്‍മാര്‍. 2000 ജീവനക്കാര്‍. ഗള്‍ഫിലെ വലിയ ഹെല്‍ത്ത് കെയര്‍ നെറ്റ്വര്‍ക്ക്. 2012 ല്‍ ലണ്ടന്‍ സ്റ്റോക്ക്എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തു. 330 മില്യണ്‍ ഡോളര്‍ ഐപിഒ യിലൂടെ സമാഹരിച്ചു. 

80 കളില്‍ യുഎഇ എക്‌സ്‌ചേഞ്ചിലൂടെ  മണി എക്‌സ്‌ചേഞ്ച് രംഗത്തേക്ക് വന്നു . എളുപ്പത്തില്‍ നാട്ടിലേക്ക് പണം അയക്കാന്‍ പ്രവാസികളെ ഈ സ്ഥാപനം സഹായിച്ചു. കുറഞ്ഞ കമ്മീഷന്‍, ചെറിയ തുക പോലും  അയക്കാം തുടങ്ങിയ ആകര്‍ഷക ഘടകങ്ങള്‍ ഉണ്ടായിരുന്നു. 2014 ല്‍ ലോകത്തിലെ പ്രമുഖ വിദേശ നാണയ വിനിമയ കമ്പനിയായ ട്രാവല്‍എക്‌സ് ഏറ്റെടുത്തു. പിന്നീട് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ഷെട്ടി കമ്പനികളെല്ലാം ഫിനബ്ലര്‍ എന്ന ഒറ്റ കുടക്കീഴിലാക്കി.  

നിയോ ഫാര്‍മ 

2003 ല്‍ തുടങ്ങിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി. 2007 ല്‍ ബാംഗ്ലൂരിലെ പ്രശസ്തമായ ബയോകോണുമായി ചേര്‍ന്ന് സംയുക്ത സംരംഭം. ഇന്ത്യയിലേക്കും സാമ്രാജ്യം ഷെട്ടി വിപുലീകരിക്കുകയായിരുന്നു. 170 വര്‍ഷം പഴക്കമുള്ള ആസ്സാം കമ്പനി 700 കോടിയോളം രൂപ മുടക്കി ഏറ്റെടുത്തു. മുംബൈയിലെ സെവന്‍ ഹില്‍സ് ഹോസ്പിറ്റലിലെ ഏറ്റവും വലിയ ഓഹരി ഉടമയായി. 2019 ഓഗസ്റ്റില്‍ ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ രംഗത്ത് വന്‍ നിക്ഷേപം ഷെട്ടി പ്രഖ്യാപിച്ചിരുന്നു.  

ഡാനിയല്‍ വര്‍ഗീസ് 

യുഎഇ  എക്‌സ്‌ചേഞ്ച് തുടങ്ങുന്നത് മാവേലിക്കരക്കാരനായ ഡാനിയേല്‍ വര്‍ഗീസ് ആണ്. 1980 ല്‍ ആയിരുന്നു ഇത്. പിന്നീട്  ബിആര്‍ ഷെട്ടി അത് ഏറ്റെടുത്തു. അത് ഷെട്ടി തന്നെ ഔദ്യോഗികമായി സമ്മതിച്ചിട്ടുള്ളതാണ്. എന്നാല്‍ തന്റെ സ്ഥാപനം വഴിവിട്ട രീതിയില്‍ സ്വന്തമാക്കുകയാണ് ഷെട്ടി ചെയ്തതെന്ന് ഡാനിയല്‍ വര്‍ഗീസ് ഇപ്പോഴും പറയുന്നു. ഇടയ്ക്ക് ഷെട്ടി കോമ്പന്‍സേഷന്‍ നല്‍കിയെങ്കിലും അത് തൃപ്തികരമല്ല എന്ന നിലപാടാണ് ഡാനിയലിനുള്ളത്. 


മഡി വാട്ടര്‍ റിസേര്‍ച്ച്  

യുഎസ് ആസ്ഥാനമായ മഡിവാട്ടര്‍ റിസേര്‍ച്ച്  2019 ഡിസംബറില്‍പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ എന്‍എംസി ഹെല്‍ത്ത് കെയറിന്റെ സാമ്പത്തിക അവസ്ഥയെക്കുറിച്ചു ആഴത്തിലുള്ള ചില സംശയങ്ങള്‍ ഉന്നയിച്ചു. ബാലസ് ഷീറ്റ് പെരുപ്പിച്ചു കാണിച്ചു, വായ്പകള്‍ കാണിച്ചിട്ടില്ല, പണയപ്പെടുത്തിയ  ഓഹരികളുടെ വിവരങ്ങള്‍  മറച്ചുവച്ചു തുടങ്ങിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. 

കമ്പനികളെക്കുറിച്ചും, അവയുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ചും പഠനം നടത്തുന്ന പ്രമുഖ സ്ഥാപനമാണ് മഡി വാട്ടര്‍ റിസേര്‍ച്. പല കമ്പനികളുടെയും ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റിലെ പാളിച്ചകള്‍ ഇവര്‍ തുറന്ന് കാട്ടിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എന്‍എംസി യുടെ  ഓഹരി വില 70 ശതമാനം  ഇടിഞ്ഞു. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. 

ബിആര്‍ ഷെട്ടിയുടെ വിശദീകരണം 

അതിനിടെ ഷെട്ടിയുടെ ഫിനാന്‍ഷ്യല്‍ സ്ഥാപനമായ ഫിനബ്ലറിന്റെ  സാമ്പത്തിക സ്ഥിതി മോശമാണെന്ന റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി പുറത്തു വന്നു. അത് മാധ്യമങ്ങളും വാര്‍ത്തയാക്കി. തന്റെ  സ്ഥാപനത്തിലെ തന്നെ ടോപ് മാനേജ്‌മെന്റിലെ ചിലര്‍ നടത്തിയ ഗൂഡാലോചനയാണ് പ്രശ്‌നത്തിന് കാരണമെന്നായിരുന്നു ഷെട്ടിയുടെ വിശദീകരണം. “വ്യാജ അക്കൗണ്ടുകളിലൂടെ പണം കൈമാറി. തന്റെ  ഒപ്പുകള്‍ വ്യാജമായി  ഉപയോഗിച്ചു. വ്യാജ രേഖകള്‍ ഉണ്ടാക്കി വായ്പകള്‍ സംഘടിപ്പിച്ചു. ഫിനബ്ലറിലും ക്രമക്കേടുകള്‍ നടന്നു. വിശ്വസ്തരായവര്‍ വഞ്ചിച്ചു”- ഷെട്ടി വിശദീകരിക്കുന്നു. തന്നെ ഗുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ എത്തിച്ചത് കൂടെ ഉണ്ടായിരുന്ന ആളുകള്‍ തന്നെയെന്ന് ഷെട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ ലണ്ടനില്‍ എന്‍എംസി ഓഡിറ്റര്‍മാരായ ഏര്‍ണസ്റ്റ് ആന്‍ഡ് യങ്ങിനെതിരെ അന്വേഷണം ആരംഭിച്ചു. 4 ബില്യണ്‍ ഡോളര്‍ കമ്പനിക്ക് വെളിപ്പെടുത്താത്ത കട ബാധ്യത ഉണ്ട്. മൊത്തം കട ബാധ്യത 6.6 ബില്യണ്‍ ഡോളര്‍ ആണ്. അത് മൊത്തം ആസ്തിക്കും മുകളില്‍ വരും. 2019 ജൂണ്‍ 30 ലെ ബാലന്‍സ് ഷീറ്റ് അനുസരിച്ച്— 

5 ബില്യണ്‍ ആണ് മൊത്തം ആസ്തി. ബാങ്കിലുള്ള കടം തീര്‍ക്കാന്‍ പോലും ആസ്തി കൊണ്ടാവില്ല. നിക്ഷേപകര്‍ക്ക് പൂര്‍ണമായും പണം നഷ്ടമാകും. 

അതിനിടെ  ബിആര്‍ ഷെട്ടി യുഎഇ വിട്ടു. താന്‍ തിരിച്ചു വരുമെന്നും ബിസിനസ് തിരിച്ചു കൊണ്ടുവരുമെന്നും അദ്ദേഹം പറയുന്നുണ്ട്. 

ഗള്‍ഫിലെ നടപടികള്‍  

യുഎഇ സെന്‍ട്രല്‍ ബാങ്ക് യുഎഇ എക്‌സ്‌ചേഞ്ചിന്റെ  നിയന്ത്രണം ഏറ്റെടുത്തു. എല്ലാ ഇടപാടുകളും നിറുത്തി വച്ചു. ദ്രുത പരിശോധനകള്‍ നടക്കുന്നു. ഷെട്ടിയുടെയും, കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഷെട്ടിയുമായി ബന്ധമുള്ള എല്ലാ കമ്പനികളെയും കരിമ്പട്ടികയില്‍ പെടുത്തി.  എന്‍എംസി യിലെ നിക്ഷേപ സ്ഥാപനങ്ങള്‍ നിയമ നടപടികളിലേക്ക് കടന്നു. 

ബിആര്‍ ഷെട്ടി- അറക്കല്‍ ജോയി ഇടപാടുകള്‍ 

അടുത്തിടെ മരിച്ച വയനാട് സ്വദേശിയായ അറക്കല്‍ ജോയ് ബിആര്‍ ഷെട്ടിക്ക് വന്‍ തുക കടമായി നല്കിയിരുന്നത്രെ. 1500 കോടി രൂപ ഇങ്ങനെ നല്‍കിയതായി ജോയിയുമായി ബന്ധപ്പെട്ട ചിലര്‍ ദുബായ് പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്. പോലീസ് ഇക്കാര്യങ്ങള്‍ ഗൗരവമായി അന്വേഷിക്കുന്നുണ്ട്. പണമിടപാടും, തുകയും ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല.  

സുധീര്‍ കുമാര്‍ ഷെട്ടി, പ്രശാന്ത് മങ്ങാട്ട്  

യുഎഇ എക്‌സ്‌ചേഞ്ച് സിഇഒ ആയിരുന്ന സുധീര്‍ കുമാര്‍ ഷെട്ടി 2019 ജനുവരിയില്‍ ആ സ്ഥാനത്തു നിന്നും മാറി. സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ച ആളാണ്.  ബിആര്‍ ഷെട്ടി എന്‍എംസി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ മലയാളിയായ പ്രശാന്ത് മങ്ങാട്ട് ആണ് ആ പദവി ഏറ്റെടുത്തത്. 

ഗള്‍ഫ് ബിസിനസ് 

ബിആര്‍ ഷെട്ടിയുടെ വീഴ്ച് ഗള്‍ഫ് ബിസിനസില്‍ വലിയ ആഘാതമുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ബിസിനസുകാര്‍ വളരെ സൂക്ഷ്മതയോടെയാണ് നീങ്ങുന്നത്. സെന്‍ട്രല്‍ ബാങ്ക് കര്‍ശന നിരീക്ഷണം നടത്തുന്നു. പണമിടപാടുകള്‍ കൂടുതല്‍ സുതാര്യമായേ ഇനി അവിടെ നടക്കൂ. ബാങ്കുകള്‍ വായ്പയുടെ കാര്യത്തില്‍ ഉദാരത കുറയ്ക്കും. വ്യക്തിഗത, സ്വകാര്യ ഇടപാടുകള്‍ക്ക് നിയമ പരിരക്ഷ നല്‍കാന്‍ ബിസിനസുകാര്‍ ശ്രമിക്കും. ഗുണകരമായ മാറ്റം ബിസിനസില്‍ ഉണ്ടാകാം. കോവിഡിന് ശേഷം നിക്ഷേപങ്ങള്‍ കൂടുതല്‍ ഗള്‍ഫില്‍ വരാന്‍ സാധ്യത കാണുന്നു. പക്ഷെ തുറന്നിട്ട സ്വതന്ത്ര ഇക്കോണമി അവിടെ ഉണ്ടാകില്ല. അത് ബിസിനസ് വളര്‍ച്ചയെ എങ്ങനെയാകും സ്വാധീനിക്കുന്നതെന്ന് കണ്ടു തന്നെ അറിയണം. ഏതായാലും ഈ വീഴ്ചകള്‍ മേഖലക്കാകെ വലിയ പാഠമാണ്.

ഗള്‍ഫിന്റെ തിരിച്ചു വരവ് കൂടുതല്‍ സുതാര്യതയോടെയും, സാമ്പത്തിക അച്ചടക്കത്തോടെയുമാവും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.തയ്യാറാക്കിയത്: ഡോ. ഷൈന്‍ കെ ജോര്‍ജ്

(എഐ,ഡാറ്റ ഗവേഷകനായ ലേഖകന്‍ ബിസിനസ് അനലിസ്റ്റ് കൂടിയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പിഎച്ഡി നേടിയിട്ടുണ്ട്. ആലുവ യുസി കോളേജില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അസോസിയേറ്റ് പ്രൊഫസറാണ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story