FINANCE

ലൈഫ് ഇൻഷുറൻസ് പോളിസികളിൽ വൻ മാറ്റങ്ങളുമായി ഐആർഡിഎ; ഇൻഷുറൻസിൽ പണം മുടക്കേണ്ടത് ഇനി കൂടുതൽ ശ്രദ്ധയോടെ

Newage News

19 Feb 2020

രമ്പരാഗത ലൈഫ് ഇൻഷുറൻസ് പോളിസികളിലും യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകളിലും വലിയ മാറ്റങ്ങളാണ് ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ഈ മാസം മുതൽ നടപ്പിലാക്കുന്നത്. പരിഷ്ക്കാരങ്ങൾ എന്തൊക്കെയാണെന്നും അവ പോളിസി ഉടമകളെ എങ്ങനെയൊക്കെ ബാധിക്കുമെന്നും മനസ്സിലാക്കിവേണം പുതിയ പോളിസികളിൽ പണം മുടക്കാൻ. മാത്രമല്ല, ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ, ഇൻഷുറൻസ് പ്രീമിയത്തിനും മറ്റും നികുതി ആനുകൂല്യങ്ങൾ ആവശ്യപ്പെടാത്തവർക്ക് കുറഞ്ഞ നിരക്കിൽ ആദായ നികുതി അടയ്ക്കാമെന്നും വന്നതോടെ ഇൻഷുറൻസിൽ പണം മുടക്കുന്നത് കൂടുതൽ ശ്രദ്ധയോടെ വേണം.

പരിരക്ഷ കുറയുന്നു

45 വയസ്സിന് താഴെയുള്ളവർ യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പോളിസികൾ വാങ്ങുമ്പോൾ അടയ്ക്കുന്ന വാർഷികം പ്രിമീയം തുകയുടെ കുറഞ്ഞത് 10 ഇരട്ടി പരിരക്ഷ നൽകിയിരിക്കണമെന്നതാണ് നിലവിലുള്ള പോളിസികളിലെ നിബന്ധന. ഇത് പ്രായഭേദമെന്യേ എല്ലാ പോളിസികളിലും 7 ഇരട്ടിയായി കുറച്ചിരിക്കുന്നു. അടയ്ക്കുന്ന പ്രീമിയം തുകയിൽ ഇൻഷുറൻസ് ചെലവ് ആനുപാതികമായി കുറയുന്നതിനാൽ ഉയർന്ന നിക്ഷേപ തുക ലഭിക്കും എന്ന് കരുതാമെങ്കിലും ആദായ നികുതി ഇളവ് ആഗ്രഹിക്കുന്നവരെ നിരാശരാക്കും. പരിരക്ഷ തുകയുടെ 10 ശതമാനം വരെയുള്ള പ്രീമിയം മാത്രമേ ഇളവിനു പരിഗണിക്കുകയുള്ളൂ. കൂടാതെ പരിരക്ഷത്തുകയുടെ 10 ശതമാനത്തിന് മുകളിൽ പ്രീമിയമായി അടയ്ക്കേണ്ടി വരുന്ന പോളിസികളിൽ വട്ടമെത്തുമ്പോൾ ലഭിക്കുന്ന തുകയ്ക്ക് ആദായ നികുതി ഇളവ് ലഭിക്കുകയില്ല.

കാലഹരണപ്പെട്ട പോളിസികൾ

പ്രീമിയം അടയ്ക്കാൻ വീഴ്ച വന്ന പോളിസികളിൽ മുടക്കം വന്ന പ്രീമിയം അടച്ച് പോളിസി വീണ്ടും സജീവമാക്കി തുടരുന്നതിനു കൂടുതൽ കാലാവധി ലഭിക്കും. യൂണിറ്റ് ലിങ്ക്ഡ് പോളിസികളിൽ പ്രീമിയം മുടക്കം വന്ന തീയതി മുതൽ 3 വർഷം വരെ സാവകാശം ലഭിക്കും. സാധാരണ പോളിസികളിൽ ഇത് 5 വർഷം വരെയാണ്. സാമ്പത്തിക രംഗത്തെ അസ്ഥിരത മൂലം പ്രീമിയം അടയ്ക്കാൻ കഴിയാതെ വരുന്നവർക്ക് പോളിസി തുടരാൻ ലഭിക്കുന്ന കൂടുതൽ സാവകാശം ഗുണകരമാകും.

പെൻഷൻ പ്ലാനുകൾ മെച്ചപ്പെടും

പെൻഷൻ പ്ലാനുകളിൽ പിൻവലിക്കാവുന്ന തുകയുടെ തോത് 33 ശതമാനത്തിൽ നിന്ന് 60 ശതമാനമായി വർധിപ്പിച്ചിരിക്കുന്നു. ഉയർന്ന തുക പിൻവലിക്കുമ്പോൾ ആദായ നികുതി ഒഴിവാക്കുന്നത് മൂന്നിലൊന്നു തുകയ്ക്ക് മാത്രമായിരിക്കും. പെൻഷൻ പ്ലാനുകളിൽ നിശ്ചയമായും നൽകിയിരിക്കേണ്ട കോർപ്പസ് തുക മുൻകൂട്ടി നിശ്ചയിക്കുന്ന നിബന്ധന ഒഴിവാക്കിയിരിക്കുന്നു. വട്ടമെത്തുമ്പോൾ ലഭിക്കേണ്ടുന്ന തുക മുൻകൂട്ടി ഉറപ്പിക്കുമ്പോൾ നിക്ഷേപങ്ങൾ കുറഞ്ഞ ആദായം ലഭിക്കുന്ന കടപ്പത്രങ്ങളിലും മറ്റും വിന്യസിക്കുന്നതിനാൽ ആകെ ലഭിക്കുന്ന ആദായം കുറഞ്ഞിരിക്കും. വരുമാനം സംബന്ധിച്ച ഉറപ്പു വേണ്ടെന്നുവച്ച് പോളിസി എടുക്കുമ്പോൾ കൂടുതൽ തുക ഓഹരികളിലും മറ്റും മാറ്റിയിടാൻ സാധിക്കുന്നതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ ആദായം ലഭിക്കും.

സറണ്ടർ വാല്യൂ ഉയരും

പോളിസി വട്ടമെത്തുന്നതുവരെ കാത്തിരിക്കാതെ പോളിസി റദ്ദ് ചെയ്ത് പുറത്തിറങ്ങാൻ തീരുമാനിച്ചാൽ ലഭിക്കുന്ന തുകയാണ് സറണ്ടർ വാല്യൂ. ഇതുവരെ മൂന്ന് വർഷം തുടർച്ചയായി പ്രീമിയം അടച്ചാൽ മാത്രമേ പോളിസി സറണ്ടർ ചെയ്യാൻ അനുവദിച്ചിരുന്നുള്ളൂ. ഇനിയിപ്പോൾ രണ്ട് വർഷം കഴിഞ്ഞാൽ പോളിസി റദ്ദാക്കി അടച്ച പ്രീമിയം തുകയുടെ 30 ശതമാനം തിരികെ വാങ്ങാം. പിന്നെ അങ്ങോട്ടുള്ള ഓരോ വർഷവും സറണ്ടർ വാല്യൂ കൂടി വരും. പോളിസി കാലാവധിയുടെ അവസാന 2 വർഷം ഇത് 90% വരെ ഉയരും.

ഭാഗിക പിൻവലിക്കൽ

5 വർഷം കഴിഞ്ഞ യൂണിറ്റ് ലിങ്ക്ഡ് പോളിസികളിൽ ഫണ്ട് മൂല്യത്തിൽനിന്നു ഭാഗികമായി തുക പിൻവലിക്കാമെങ്കിലും വിവിധ കമ്പനികൾ വ്യത്യസ്ത നിരക്കുകളിലാണ് ഇത് അനുവദിക്കുന്നത്. ഇനിയിപ്പോൾ ഫണ്ട് മൂല്യത്തിന്റെ 25% വരെ തുക പിൻവലിക്കാം. മാത്രമല്ല, പോളിസി കാലാവധിയിൽ 3 തവണ തുക പിൻവലിക്കാവുന്നതുമാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story