FINANCE

‘അറുപ്പൻ’ ചാർജില്ലാതെ കിഴക്കൻ മേഖലയുടെ അഭിമാനമായി മൂവാറ്റുപുഴ അർബൻ ബാങ്ക്; ഓഹരി മൂലധനം 17 കോടി ആയി ഉയർന്നു

09 Jul 2019

ന്യൂഏജ് ന്യൂസ്, സാമ്പത്തിക പിന്നാക്കാവസ്ഥയിലായിരുന്ന മൂവാറ്റുപുഴയുടെ വികസനം ലക്ഷ്യമിട്ട് രൂപീകരിച്ച മൂവാറ്റുപുഴ പരസ്പര സഹായ സംഘം, കോടികളുടെ ആസ്തികളുമായി കിഴക്കൻ മേഖലയാകെ പടർന്നുപന്തലിച്ച മൂവാറ്റുപുഴ അർബൻ ബാങ്കായി വളർന്നത് ഏഴു പതിറ്റാണ്ടു നീണ്ട കഠിന ശ്രമങ്ങളിലൂടെയാണ്. 

1923ൽ രൂപം കൊണ്ട സഹായ സംഘം പിന്നീട് മൂവാറ്റുപുഴ അർബൻ ബാങ്കായി രൂപം മാറുമ്പോഴേക്കും വളർച്ചയുടെ പടികൾ ഒട്ടേറെ കടന്നിരുന്നു. മൂവാറ്റുപുഴയുടെ വികസനത്തിനൊപ്പം നിന്ന അർബൻ ബാങ്ക്  ഒട്ടേറെ പ്രധാന വ്യവസായ കാർഷിക സംരംഭങ്ങൾക്കു സാമ്പത്തിക നെടുംതൂണായി നിലകൊണ്ടു. കിഴക്കിന്റെ കാർഷിക മേഖലയുടെ വികസനത്തിനും ബാങ്ക് പ്രത്യേകം പദ്ധതികളാണു നടപ്പാക്കിയത്.

1923ൽ ദേവരാജ അയ്യരുടെ നേതൃത്വത്തിൽ വളർന്ന ബാങ്ക് 1970കളിൽ കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. ഈ കാലഘട്ടത്തിൽ അടച്ചുപൂട്ടലിന്റെ വക്കോളമെത്തിയ ബാങ്കിനെ സിപിഎം നേതാവായിരുന്ന പി.പുരോഷോത്തമന്റെ നേതൃത്വത്തിലാണ് ഉയർത്തിക്കൊണ്ടു വന്നത്. പിന്നീട് പി.ജി. സുരേഷ്‌കുമാർ, എസ്. വിജയചന്ദ്രൻ നായർ, പി.ആർ. മുരളീധരൻ എന്നിവരുടെ നേതൃത്വത്തിൽ ബാങ്ക് വളർന്നു. ഇപ്പോൾ കിഴക്കൻ മേഖലയിൽ തന്നെ ഏറ്റവും വലിയ സഹരണ ബാങ്കായ അർബൻ ബാങ്കിന്റെ അമരക്കാരൻ സിപിഎം സംസ്ഥാന കമ്മറ്റി അംഗമായ ഗോപി കോട്ടമുറിക്കലാണ്.

ബാങ്കിന്റെ ഓഹരി മൂലധനം 17 കോടി ആയി ഉയർന്നു. മൂവാറ്റുപുഴ നഗരസഭ, മാറാടി, പായിപ്ര, വാളകം പഞ്ചായത്തുകളിൽ ഒതുങ്ങി നിന്നിരുന്ന ബാങ്കിന്റെ പ്രവർത്തനപരിധി മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകൾ മുഴുവനായും കുന്നത്തുനാടിന്റെ പകുതിയോളം പ്രദേശങ്ങളിലേക്കും വളർന്നു. കോർ ബാങ്കിങ് അടക്കം ബാങ്കിന്റെ ആധുനികവൽക്കരണം അതിവേഗം നടക്കുന്നു. ബാങ്കിങ് സേവനങ്ങൾക്ക് വലിയ സർവീസ് ചാർജ് വാങ്ങുന്ന ഇക്കാലത്ത് പരിധിയില്ലാത്ത എടിഎം സേവനം അടക്കം സൗജന്യമായി നൽകുന്നതിലേക്കും ബാങ്ക് വളർന്നു പന്തലിച്ചു കഴിഞ്ഞു.



Related News


Special Story

മിനിമം ബാലന്‍സിന്റെ പേരില്‍ നിക്ഷേപകരില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബാങ്കുകള്‍ ഈടാക്കിയത് 10000 കോടി രൂപ; എസ്.ബി.ഐ ഉള്‍പ്പെടെ 19 പൊതുമേഖലാ ബാങ്കുകള്‍ മാത്രം ചുമത്തിയ പിഴ 6,155 കോടി രൂപ