Newage News
02 May 2020
വാഷിംഗ്ടൺ: ഏപ്രിലിൽ തുടങ്ങിയ ത്രൈമാസത്തിൽ അമേരിക്കൻ സന്പദ്ഘടന 40 ശതമാനം ചുരുങ്ങുമെന്ന് അമേരിക്കൻ കോൺഗ്രസിന്റെ ബജറ്റ് ഓഫീസ്. ജനുവരി-മാർച്ചിൽ യുഎസ് ജിഡിപി 4.8 ശതമാനം കുറഞ്ഞിരുന്നു.
1947-ൽ ത്രൈമാസ ജിഡിപി കണക്കുകൂട്ടൽ തുടങ്ങിയശേഷം 40 ശതമാനം ഇടിവുപോലൊന്ന് അമേരിക്കയിൽ ഉണ്ടായിട്ടില്ല. 1958-ലാണ് ഏറ്റവും വലിയ ത്രൈമാസ തളർച്ച 1947-നു ശേഷം ഉണ്ടായത്. അന്ന് 10 ശതമാനമായിരുന്നു ഇടിവ്. ഐസനോവർ (അന്നത്തെ പ്രസിഡന്റ്) മാന്ദ്യം എന്നറിയപ്പെടുന്ന സാന്പത്തികതളർച്ചയുടെ സമയമായിരുന്നു അത്.
അമേരിക്കയിലെ 33 കോടി ജനങ്ങളിൽ 95 ശതമാനവും ഏപ്രിലിൽ “ലോക്ക് ഡൗണി’’ൽ ആയിരുന്നു. വ്യവസായങ്ങൾ പ്രവർത്തിച്ചില്ല. മേയിൽ സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ നിബന്ധനകൾ അയച്ചുതുടങ്ങും. എങ്കിൽപോലും ഏപ്രിൽ-ജൂൺ ത്രൈമാസത്തിലെ മൊത്തം സാന്പത്തിക പ്രവർത്തനം വളരെ കുറവായിരിക്കും.
അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) പലിശനിരക്കിൽ മാറ്റംവരുത്തിയില്ല. പൂജ്യം മുതൽ കാൽശതമാനം വരെയാണു ഫെഡിന്റെ പലിശലക്ഷ്യം. വേണ്ടിവന്നാൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നു ഫെഡ് ചെയർമാൻ ജെറോം പവൽ പറഞ്ഞു. പലിശ നെഗറ്റീവ് ആക്കുന്നതും ഫെഡ് പരിഗണിക്കുന്നുണ്ട്.
യൂറോപ്പ് മാന്ദ്യത്തിൽ
യൂറോസോൺ സന്പദ്ഘടന ജനുവരി - മാർച്ചിൽ 3.8 ശതമാനവും ഫ്രാൻസിന്റെ ജിഡിപി 5.8 ശതമാനവും ചുരുങ്ങി. ഇറ്റലിയുടേതു 4.7 ശതമാനം ചുരുങ്ങി.
യൂറോസോൺ ഏപ്രിൽ - ജൂണിൽ 15 ശതമാനം ചുരുങ്ങുമെന്നു യൂറോപ്യൻ കേന്ദ്രബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർദ് പറഞ്ഞു.