Newage News
25 Feb 2020
ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ഹൈദരാബാദ് ഹൗസിൽ എത്തിയ ട്രംപ് മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും യുഎസും മൂന്ന് ധാരണാ പത്രങ്ങൾ ഒപ്പിട്ടു. മാനസികാരോഗ്യ രംഗത്തെ ചികിത്സാ സഹകരണത്തിന് കരാറായി. വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് സഹകരണം. പ്രകൃതിവാതക നീക്കത്തിന് ഐഒസി–എക്സോൺമൊബിൽ കരാറിലും ധാരണയായി. ഭീകരവാദത്തെ ഒരുമിച്ച് നേരിടുമെന്ന് നരേന്ദ്ര മോദി.
രാവിലെ രാഷ്ട്രപതി ഭവനിലെത്തിയ ട്രംപിനും ഭാര്യ മെലനിയയ്ക്കും ഔദ്യോഗിക വരവേൽപ് നൽകി. രാഷ്ട്രപതി റാം നാഥ് കോവിന്ദും പത്നി സവിതാ കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. അശ്വാരൂഢ സേനയുടെ അകമ്പടിയോടെയാണ് അദ്ദേഹം രാഷ്ട്രപതി ഭവനിലെത്തിയത്. രാഷ്ട്രപതി ഭവനിലെത്തിയ ട്രംപ് ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. പിന്നീട് ട്രംപും മെലനിയയും രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിയുടെ സമാധിയിൽ പുഷ്പചക്രം അർപ്പിച്ചു. ട്രംപിന്റെ ഭാര്യ മെലനിയ ഡൽഹിയിൽ മോട്ടി ബാഗിലുള്ള സർവോദയ വിദ്യാലയം സന്ദർശിക്കുന്നു. ഇന്ത്യയുമായി 21,629 കോടി രൂപയുടെ ഹെലികോപ്റ്റർ കരാർ താനും പ്രധാനമന്ത്രി മോദിയും തമ്മിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ ഒപ്പിടുമെന്നാണു അഹമ്മദാബാദിലെ ‘നമസ്തേ ട്രംപ്’ വേദിയിൽ അദ്ദേഹം പ്രഖ്യാപിച്ചത്. ട്രംപിന്റെ സന്ദർശനത്തിലെ ഏറ്റവും പ്രധാന കരാറാണിത്. ഊര്‍ജ, വാതക ഇടപാടുകളില്‍ നിര്‍ണായക തീരുമാനമുണ്ടാകാനും സാധ്യതയുണ്ട്.