ECONOMY

പ്രതിരോധ ഇടപാടിൽ ഇന്ത്യക്കുമേൽ കടുത്ത ഉപാധികളുമായി ട്രംപ് ഭരണകൂടം; റഷ്യയുമായുള്ള ആയുധ ഇടപാട് ‘ഗുരുതര പ്രത്യാഘാതം’ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ്

15 Jun 2019

ന്യൂഏജ് ന്യൂസ്, വാഷിങ്ടൻ ∙ റഷ്യയുമായുള്ള ഇന്ത്യയുടെ ആയുധ ഇടപാട് ‘ഗുരുതര പ്രത്യാഘാതം’ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ്. ഇന്ത്യയുടെ പ്രതിരോധ മേഖലയെ സഹായിക്കാൻ ഒരുക്കമാണെങ്കിലും ‘റഷ്യൻ ബന്ധം’ വിലങ്ങുതടിയാണെന്നാണു യുഎസ് നിലപാട്. റഷ്യയിൽനിന്ന് എസ്–400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നതാണു ട്രംപ് ഭരണകൂടത്തെ ചൊടിപ്പിക്കുന്നത്.

റഷ്യയുടെയും ലോകത്തിലെ തന്നെയും അത്യാധുനിക മിസൈൽ പ്രതിരോധമായ എസ്–400. 2014ൽ ചൈനയാണ് ആദ്യം സ്വന്തമാക്കിയത്. എസ്–400 മിസൈലിനായി 5 ബില്യൻ യുഎസ് ഡോളറിന്റെ ഇടപാടിൽ കഴിഞ്ഞ ഒക്ടോബറിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും ഒപ്പുവച്ചത്. മോസ്കോയുമായുള്ള ആയുധ ഇടപാട് ഇന്ത്യ–യുഎസ് പ്രതിരോധ ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്നു വാഷിങ്ടൻ ചൂണ്ടിക്കാട്ടുന്നു.

‘ഇന്ത്യയുടെ പ്രതിരോധമേഖലയ്ക്കു സഹായങ്ങൾ നൽകാൻ തയാറാണെന്നു ട്രംപ് സർക്കാർ മുൻപേ വ്യക്തമാക്കിയതാണ്. ഇപ്പോഴത്തേതിൽനിന്നു വ്യത്യസ്തമായ കൂട്ടുകെട്ടാണു മുഖ്യ പ്രതിരോധ പങ്കാളിയായ ഇന്ത്യയിൽനിന്ന് പ്രതീക്ഷിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ വലിയതോതിൽ സഹകരിക്കാൻ തയാറാണ്. പങ്കാളിയെ സൈനികമായി കരുത്തരാക്കാനാണു ശ്രമം’– ഹൗസ് ഫോറിൻ അഫയേഴ്സ് സബ് കമ്മിറ്റി ഫോർ ഏഷ്യ, പസിഫിക് ആൻഡ് ആണവനിർവ്യാപനം സമിതിയിലെ അംഗങ്ങളോടു സൗത്ത് ആൻഡ് സെൻട്രൽ എഷ്യ കാര്യങ്ങളുടെ ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥ ആലിസ് ജി.വെൽസ് പറഞ്ഞു.

അത്യാധുനിക ആയുധങ്ങളും സാങ്കേതിക വിദ്യയും ഇന്ത്യയ്ക്കു കൈമാറാമെന്നാണു യുഎസ് പറയുന്നത്. പക്ഷേ എസ്–400 മിസൈൽ കച്ചവടത്തിന്റെ പശ്ചാത്തലത്തിൽ സഹകരണത്തിന്റെ തീവ്രത കുറയുമെന്നു ചൂണ്ടിക്കാട്ടി ചില നിബന്ധനകൾ മുന്നോട്ടുവയ്ക്കുന്നു. ഇന്ത്യയെ മുഖ്യ പ്രതിരോധ പങ്കാളിയായി യുഎസ് നേരത്തേ പ്രഖ്യാപിച്ചതാണ്. മറ്റേതൊരു രാജ്യത്തെക്കാളും മുന്തിയ പരിഗണനയാണു യുഎസ് ഇന്ത്യയ്ക്കു നൽകുന്നത്. ഇന്ത്യയുമായുള്ള സൈനിക അഭ്യാസങ്ങളും കൂടുതലാണ്. പക്ഷേ, ഇന്ത്യ തിരിച്ച് അതുപോലെ പെരുമാറുന്നില്ലെന്നാണു ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ പരിഭവം.

‘10 വർഷം മുമ്പ് ഇതുപോലെ ആയുധങ്ങൾ ഇന്ത്യയ്ക്കു നൽകാമെന്നു യുഎസ് വാഗ്ദാനം ചെയ്യുമായിരുന്നില്ല. പക്ഷേ ഇപ്പോൾ അതെല്ലാം മാറിയിരിക്കുന്നു. റഷ്യയുമായുള്ള പാരമ്പര്യ പ്രതിരോധ ബന്ധവും ഇപ്പോഴത്തെ എസ്–400 ഇടപാടും, യുഎസുമായി ചേർന്നു പാരസ്പര്യ പ്രവർത്തനക്ഷമത വർധിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്കു തടസ്സമാണ്. പ്രതിരോധ ബന്ധം വികസിപ്പിക്കുന്നതിനെപ്പറ്റി ഇന്ത്യയുമായി ചർച്ചകളിലാണ്’– ആലിസ് ജി.വെൽസ് പറഞ്ഞു.

യുഎസുമായി സമ്പൂര്‍ണ സൈനിക സഹകരണത്തിനുള്ള കോംകാസ കരാറില്‍ (കമ്യൂണിക്കേഷൻസ്, കോംപാറ്റബിലിറ്റി, സെക്യൂരിറ്റി അഗ്രിമെന്റ്) ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്. യുഎസ് നിര്‍മിത സൈനിക ഉപകരണങ്ങളിലെ രഹസ്യ സാങ്കേതികവിദ്യ കൈമാറുമെന്നതാണു പ്രധാന ധാരണ. കരാറിന്റെ പുരോഗതിക്കു നിർണായക ചുവടുവയ്പുകൾ ആവശ്യമാണ്. എസ്– 400 മിസൈലുമായി വരുന്ന എതെങ്കിലും രാജ്യത്തിനായി (ഇന്ത്യ) എഴുതിത്തള്ളാവുന്ന നിബന്ധനകളല്ല കരാറിലേത്. വളരെ ഗൗരവമായാണ് ഇന്ത്യയുടെ നീക്കത്തെ കാണുന്നത്.

10 വർഷത്തിനുള്ളിൽ 18 ബില്യൻ ഡോളറിലേക്കു വാഷിങ്ടനും ന്യൂഡൽഹിയുമായുള്ള ആയുധ ഇടപാട് വളർന്നു. ഇന്ത്യ പ്രതിരോധ മേഖലയിൽ വൈവിധ്യവൽകരണം നടപ്പാക്കിയതു കൊണ്ടാണിത്. ഈ ബന്ധം തുടരാനും വിപുലമാക്കാനുമാണു യുഎസ് ആഗ്രഹിക്കുന്നത്. പക്ഷേ, ഇന്ത്യയുടെ 65–70 ശതമാനം ആയുധങ്ങളും ഇപ്പോഴും റഷ്യൻ നിർമിതമാണ് എന്നതു പ്രശ്നമായി തുടരുന്നു.

കൂടുതൽ ആയുധങ്ങൾ നൽകാമെന്ന് ഇന്ത്യാ സന്ദർശനവേളയിൽ പുടിൻ പറഞ്ഞത് കാര്യങ്ങളെ സങ്കീർണമാക്കുകയാണ്. ജി–20 കൂട്ടായ്മയിൽ ഉയർന്ന ഇറക്കുമതി തീരുവയുള്ള രാജ്യമാണ് ഇന്ത്യ. ചരിത്രപരമായി ഇന്ത്യ അടഞ്ഞ വിപണിയാണ്. സ്വതന്ത്ര കമ്പോളമെന്ന ആശയത്തെ നിരാകരിച്ചതിനാലാണ് ജിഎസ്പി (ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസസ്) പട്ടികയിൽനിന്ന് ഇന്ത്യയെ സസ്പെൻഡ് ചെയ്തത്– ആലിസ് ആരോപിച്ചു.

ജിഎസ്പി തീരുമാനവും ഇറാനിൽനിന്ന് എണ്ണ വാങ്ങുന്നതിലെ ഉപരോധവും ഇന്ത്യയെ ചൈനീസ് ക്യാംപിൽ എത്തിക്കില്ലേയെന്നു അംഗങ്ങളിൽനിന്നു ചോദ്യമുയർന്നു.

‘അങ്ങനെയുണ്ടാകുമെന്നു കരുതുന്നില്ല. ഇന്ത്യയുടെ വലുതും മികച്ചതുമായ വിപണിയാണു യുഎസ്. ഇന്ത്യയുടെ 20 ശതമാനം ഉൽപന്നങ്ങളും ഇവിടെയാണു വരുന്നത്. ഇന്ത്യയിലെ യുഎസ് കമ്പനികളിൽ നമുക്കു വലിയ താൽപര്യങ്ങളുണ്ട്. നരേന്ദ്ര മോദി രണ്ടാമതും പ്രധാനമന്ത്രിയായതിനെ ശ്രദ്ധയോടെയാണു വീക്ഷിക്കുന്നത്. രാജ്യത്തു തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും വിദേശ നിക്ഷേപം ആകർഷിക്കുമെന്നുമുള്ള മോദിയുടെ വാഗ്ദാനങ്ങൾ നടപ്പാക്കാൻ യുഎസിന്റെ സഹായം ആവശ്യമാണ്’– ആലിസ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി