AUTO

വാഹനങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്നത് സംസ്ഥാന ധനമന്ത്രിമാരുമായി വാഹന വ്യവസായികൾ ചർച്ച ചെയ്യണമെന്നു കേന്ദ്രമന്ത്രി

09 Sep 2019

ന്യൂഏജ് ന്യൂസ്, ന്യൂഡൽഹി ∙ വാഹനങ്ങളുടെ ചരക്ക്, സേവന നികുതി (ജിഎസ്ടി) കുറയ്ക്കുന്ന കാര്യം സംസ്ഥാന ധനമന്ത്രിമാരുമായി വാഹന വ്യവസായികൾ ചർച്ച ചെയ്യണമെന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കുർ. കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും വാഹന വ്യവസായികളുടെ ആവശ്യത്തിന് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ജിഎസ്ടി 28ൽ നിന്ന് 18% ആയി കുറയ്ക്കണമെന്നു വാഹന നിർമാതാക്കളും വാഹന ഘടക നിർമാതാക്കളും ശക്തമായി ആവശ്യപ്പെടുകയാണ്. ഇന്നലെ ഓട്ടമോട്ടിവ് കംപോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ വാർഷിക കൺവൻഷനിലും ഇതേ ആവശ്യമുയർന്നു.

ഇതിനോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. ജിഎസ്ടി തീരുമാനങ്ങളെടുക്കുന്ന ജിഎസ്ടി കൗൺസിൽ സംസ്ഥാന മന്ത്രിമാരെല്ലാമുള്ളതാണെന്നും അവരുടെ മുന്നിലും ആവശ്യമെത്തണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. വിവിധ കമ്പനികൾ വിവിധ സംസ്ഥാനങ്ങളിലാണു പ്രവർത്തിക്കുന്നത്. ആ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരെ പ്രശ്നത്തിന്റെ തീവ്രത ബോധ്യപ്പെടുത്താൻ വ്യവസായികൾക്കു കഴിയണം.– മന്ത്രി പറഞ്ഞു. അടുത്ത ജിഎസ്ടി കൗൺസിൽ 20ന് ഗോവയിലാണ്.

5 ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യയെ മാറ്റുന്നതിൽ വാഹന വ്യവസായത്തിനള്ള പ്രധാന്യം മനസ്സിലാക്കിയാകും കേന്ദ്ര നടപടികളെന്നു മന്ത്രി ഉറപ്പു നൽകി.



Related News


Special Story