Newage News
30 Nov 2020
വ്യാപക വിൽപ്പന ലക്ഷ്യമിട്ടു ബാറ്ററിയിൽ ഓടുന്ന പുതിയ ചെറുകാർ വികസിപ്പിക്കാൻ ജർമൻ നിർമാതാക്കളായ ഫോക്സ്വാഗൻ ഒരുങ്ങുന്നു. കാലാവസ്ഥാ വ്യതിയാന സാധ്യത മുൻനിർത്തി വിവിധ രാജ്യങ്ങൾ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ കർശനമാക്കുന്നതോടെ വൈദ്യുത കാറുകൾക്ക് വൻവിപണന സാധ്യതയുണ്ടാവുമെന്ന കണക്കുകൂട്ടലിലാണു ഫോക്സ്വാഗന്റെ ഈ നീക്കം. ‘സ്മോൾ ബി ഇ വി(ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ)’ എന്ന പേരിലാണു ഫോക്സ്വാഗന്റെ വൈദ്യുത ചെറുകാർ വികസന പദ്ധതി പുരോഗമിക്കുന്നത്. ഏറെക്കുറെ ‘പോളൊ’യുടെ വലിപ്പമുള്ളതും പൂർണമായും ബാറ്ററിയിൽ ഓടുന്നതുമായ കാർ വികസിപ്പിക്കുകയാണു ഫോക്സ്വാഗൻ എൻജിനീയർമാരുടെ ദൗത്യം. കാറിന് 24,000 — 30,000 ഡോളർ(ഏകദേശം 17.76 മുതൽ 22.21 ലക്ഷം വരെ രൂപ) വിലനിലവാരത്തിൽ ഈ കാർ വിൽപനയ്ക്കെത്തിക്കുകയാണു കമ്പനിയുടെ ലക്ഷ്യം. ഇതോടെ സെപ്റ്റംബറിൽ ഫോക്സ്വാഗൻ വിൽപനയ്ക്കെത്തിച്ച വൈദ്യുത കാറായ ‘ഐഡി. ത്രീ’യെ അപേക്ഷിച്ചും ഈ കാറിനു വില കുറവാകും. അതേസമയം കാറിന്റെ രൂപകൽപന, എന്നത്തേക്കാവും ഈ മോഡൽ വിൽപനയ്ക്കെത്തുക, എവിടെയാവും പുതിയ കാർ നിർമിക്കുക തുടങ്ങിയ വിവരങ്ങളൊന്നും ഫോക്സ്വാഗൻ പങ്കുവച്ചിട്ടില്ല.
യൂറോപ്യൻ യൂണിയൻ സമീപ ഭാവിയിൽ നടപ്പാക്കുന്ന കർശന മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ മുൻനിർത്തി സങ്കര ഇന്ധന, വൈദ്യുത വാഹനങ്ങളുടെ അനുപാതം ഗണ്യമായി ഉയർത്തേണ്ടി വരുമെന്നാണു ഫോക്സ്വാഗന്റെ വിലയിരുത്തൽ. 2030 ആകുമ്പോളേക്ക് യൂറോപ്പിലെ വിൽപനയിൽ ഇത്തരം വാഹനങ്ങളുടെ വിഹിതം 60% ആക്കി ഉയർത്തേണ്ടി വരുമെന്നു കമ്പനി കരുതുന്നു. നേരത്തെ യൂറോപ്പിലെ മൊത്തം വിൽപനയിൽ 40% ആവും സങ്കര ഇന്ധന, വൈദ്യുത വാഹനങ്ങളുടെ വിഹിതമെന്നാണു ഫോക്സ്വാഗൻ പ്രതീക്ഷിച്ചിരുന്നത്. വരുന്ന അഞ്ചു വർഷത്തിനിടെ ഡിജിറ്റൽ, വൈദ്യുത വാഹന സാങ്കേതിക വിദ്യകളുടെ വികസനത്തിനുള്ള നിക്ഷേപം 7,300 കോടി യൂറോ(ഏകദേശം 6.46 ലക്ഷം കോടി രൂപ) ആയി വർധിപ്പിക്കാൻ ഈ മാസം ആദ്യം ഫോക്സ്വാഗൻ തീരുമാനിച്ചിരുന്നു. ഇതിൽ 3,500 കോടി യൂറോ(ഏകദേശം 3.10 ലക്ഷം കോടി രൂപ)യും ഇ മൊബിലിറ്റിക്കായാണു നീക്കിവയ്ക്കുക. അഞ്ചു വർഷത്തിനുള്ളിൽ പ്രതിവർഷം 15 ലക്ഷം വൈദ്യുത കാറുകൾ നിർമിക്കാനും ഫോക്സ്വാഗൻ ലക്ഷ്യമിട്ടിട്ടുണ്ട്.