Newage News
16 Oct 2020
എച്ച്ബിഓയും ഡബ്ല്യുബി ടിവിയും ഇന്ത്യയിലെ സംപ്രേഷണം അവസാനിപ്പിക്കുന്നു. ഇന്ത്യക്കൊപ്പം പാകിസ്താൻ, മാൽദീവ്സ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ സംപ്രേഷണവും വർഷാവസാനത്തിൽ അവസാനിപ്പിക്കും. ഇരു ചാനലുകളുടെയും ഉടമകളായ വാർണർ മീഡിയ ആണ് ഇക്കാര്യം അറിയിച്ചത്. രണ്ട് പതിറ്റാണ്ടുകളായി ചാനലുകൾ ദക്ഷിണേഷ്യയിൽ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിലും ലാഭം കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് വാർണർ മീഡിയയുടെ വിശദീകരണം.
അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളിൽ എച്ച്ബിഓ വളരെ ഹിറ്റാണെങ്കിലും ഇന്ത്യ അടക്കമുള്ള ദക്ഷിണേന്ത്യൻ രാജ്യങ്ങളിൽ ചാനലിന് കാഴ്ചക്കാർ കുറയുകയാണ്. കഴിഞ്ഞ മാസത്തിൽ മൂവീസ് നൗ, സ്റ്റാർ മൂവീസ്, സോണി പിക്സ് തുടങ്ങിയ ചാനലുകൾക്ക് എച്ച്ബിഓയെക്കാൾ കാഴ്ചക്കാരുണ്ടായിരുന്നു. എച്ച്ബിഓയും ഡബ്ല്യുബി ടിവിയും പിൻവലിക്കുമെങ്കിലും തങ്ങളുടെ തന്നെ ഉടമസ്ഥതയിലുള്ള കാർട്ടൂൺ നെറ്റ്വർക്ക്, പോഗോ എന്നീ കാർട്ടൂൺ ചാനലുകളും വാർത്താ ചാനലായ സിഎൻഎനും ദക്ഷിണേഷ്യയിൽ സംപ്രേഷണം തുടരുമെന്നും വാർണർ മീഡിയ അറിയിച്ചു.
“എച്ച്ബിഓയുടെ 20 വർഷങ്ങളായും ഡബ്ല്യുബിയുടെ 10 വർഷങ്ങളായും ദക്ഷിണേഷ്യയിൽ സംപ്രേഷണം നടത്തുന്നു. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ ബുദ്ധിമുട്ടായിരുന്നു. കേബിൾ ടിവി സംസ്കാരവും ടെലിവിഷൻ മാർക്കറ്റും ഒട്ടേറെ മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ട്. കൊവിഡ് ബാധ അത് വഷളാക്കി.”- വാർണർ മീഡിയ ദക്ഷിണേഷ്യൻ എംഡി സിദ്ധാർത്ഥ് ജെയിൻ പറഞ്ഞു.
ഹോട്സ്റ്റാറുമായി കൈകോർത്തതു കൊണ്ട് എച്ച്ബിഓയുടെ ടെലിവിഷൻ ഷോകൾ ഇനിയും സംപ്രേഷണം ചെയ്യാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.