Newage News
26 Nov 2020
ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ തങ്ങളുടെ പുതിയ ഡിലൈറ്റ് സ്കൂട്ടർ പുറത്തിറക്കി. മുൻപതിപ്പിനെ അപേക്ഷിച്ച് 2021 മോഡലിൽ ധാരാളം പരിഷ്ക്കരണങ്ങളാണ് കമ്പനി പരിചയപ്പെടുത്തുന്നത്. യമഹ ഡിലൈറ്റിന്റെ മൊത്തത്തിലുള്ള സ്റ്റൈലിംഗ് കൂടുതൽ ആധുനികവും റെട്രോയും ആയി കാണുന്നതിനായി കമ്പനി അതൊന്നു പരിഷ്ക്കരിച്ചു. ഫ്രണ്ട് ഫാസിയയിൽ ക്രോം ചികിത്സയ്ക്കൊപ്പം ഹെഡ്ലൈറ്റും ഇൻഡിക്കേറ്ററുകളും പുതിയതാണ്. 2021 യമഹ ഡിലൈറ്റ് ഒരു അണ്ടർബോൺ ഫ്രെയിമിലാണ് നിർമിച്ചിരിക്കുന്നത്. ഫ്ലാറ്റ്-ടൈപ്പ്-സീറ്റ്, സിൽവർഡ് ഗ്രാബ് റെയിൽ, ഓവൽ ഹെഡ്ലാമ്പ് എന്നിവയാണ് ഡിസൈൻ ഹൈലൈറ്റിൽ ഉൾക്കൊള്ളുന്നത്. ഈ പുതിയ ഡിസൈൻ ഭാഷ യുണിസെക്സ് സ്വഭാവത്തിലാണെന്നാണ് യമഹ അവകാശപ്പെടുന്നത്. കാഴ്ച്ചയിലെ ഈ പുതുമകൾ മാറ്റിനിർത്തിയാൽ യമഹ ഡിലൈറ്റിന് മറ്റ് മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും കമ്പനി നൽകിയിട്ടില്ല. ഡിലൈറ്റിലെ 125 സിസി എഞ്ചിൻ ഇപ്പോൾ യൂറോ 5 കംപ്ലയിന്റായി. എന്നാൽ മൊത്തത്തിലുള്ള പവർഔട്ട്പുട്ട് കണക്കുകൾ നിലവിലുണ്ടായിരുന്ന മോഡലിന് സമാനമാണ്. ഈ 125 സിസി, ഫ്യുവൽ ഇഞ്ചക്റ്റഡ് 4-സ്ട്രോക്ക് യൂണിറ്റ് 7,500 rpm-ൽ 7 bhp പവറും 5,500 rpm-ൽ 8.1 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.
ഒരു ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഈ പുതിയ മോഡലിന് സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം ലഭിക്കുന്നു എന്നതാണ് മറ്റൊരു ഹൈലൈറ്റ്. ഇത് സ്കൂട്ടർ ട്രാഫിക്കിൽ നിർത്തുമ്പോൾ താനെ ഓഫ് ആകും. എന്നാൽ ആക്സിലറേറ്റർ തിരിക്കുമ്പോൾ വീണ്ടും പ്രവർത്തനക്ഷമമാകും. സ്കൂട്ടർ ഒരു അനലോഗ് ഇൻസ്ട്രുമെന്റ് കൺസോളാണ് വാഗ്ദാനം ചെയ്യുന്നത്. ബ്ലാക്ക് ഔട്ട് അലോയ് വീലുകളും ഡിലൈറ്റിന്റെ പ്രത്യേകതയാണ്. 99 കിലോഗ്രാം ഭാരത്തിൽ ഒരുങ്ങിയിരിക്കന്ന സ്കൂട്ടറിന് 5.5 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റിയാണുള്ളത്. വൈറ്റ്, ബ്ലാക്ക്, റെഡ് എന്നീ രണ്ട് കളർ ഓപ്ഷനിലാണ് 2021 യമഹ ഡിലൈറ്റ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. റേ, ഫാസിനോ ശ്രേണിയിലുള്ള സ്കൂട്ടറുകൾ ഉള്ളതിനാൽ ഈ സ്കൂട്ടർ ഇന്ത്യയിലേക്ക് അവതരിപ്പിക്കാൻ കമ്പനിക്ക് ഉദ്ദേശമൊന്നുമില്ല. റൈഡറിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് 2021 യമഹ ഡിലൈറ്റിന്റെ മുൻവശത്ത് ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് സജ്ജീകരിച്ചിരിക്കുന്നത്. അടുത്ത മാസം യുകെയിലെ ഡീലർഷിപ്പുകളിലേക്ക് എത്തുന്ന സ്കൂട്ടറന് ഏകദേശം 3,000 പൗണ്ടാകും വില നിശ്ചയിക്കുക. അതായത് ഏകദേശം 2.95 ലക്ഷം രൂപ.