Newage News
18 Dec 2020
കെഎസ്യുഎം സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഇവയര്‍ സോഫ്റ്റ് യെസ് ബാങ്കുമായി സഹകരിച്ച് റുപേ പ്രീപെയ്ഡ് പ്ലാറ്റിനം കാര്‍ഡുകള്‍ പുറത്തിറക്കി. മുംബൈയില്‍ നടന്ന ചടങ്ങിലാണ് ഇവയര്‍-യെസ് ബാങ്ക് പ്രീപെയ്ഡ് കാര്‍ഡുകള്‍ പുറത്തിറക്കിയത്. ഡിജിറ്റല്‍, വെര്‍ച്വല്‍ ബാങ്കിംഗ് സേവനങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സഹകരണം കൂടുതല്‍ ഉത്തേജനം നല്കാന് പ്രാപ്തമാക്കുമെന്ന് ഇവയര്‍ സിഇഒ യൂനുസ് പുത്തന്‍പുരയില്‍ പറഞ്ഞു.
ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും, സുരക്ഷിതമായും നിറവേറ്റുവാന്‍ ആഗ്രഹിക്കുന്ന വളരെ വലിയ വിഭാഗം ഉപഭോക്താക്കള്‍ക്ക് യെസ് ബാങ്ക് -ഇവയര്‍ സഹകരണം കരുത്തു പകരുമെന്ന് യെസ് ബാങ്ക് സിഒഒ അനിത പൈയും പറഞ്ഞു. ചടങ്ങില്‍ ഇവയര്‍ വര്‍ക്കിംഗ് ചെയര്മാന് രാകേഷ് ഉപാധ്യായ്, എംഡി ഉദയഭാനു, സിഒഒ സജീവ് പുഷ്പമംഗലം, യെസ് ബാങ്കിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ത്യയിലുടനീളം സാന്നിധ്യം ഉറപ്പുവരുത്തുന്നതിനും രാജ്യത്തിന്റെ ഡിജിറ്റലൈസേഷന് പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള ഇവയറിന്റെ ശ്രമങ്ങളുടെ പ്രധാന നാഴികക്കല്ലാണ് യെസ് ബാങ്കുമായുള്ള പങ്കാളിത്തമെന്ന് കമ്ബനി അധികൃതര്‍ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. 28 സംസ്ഥാനങ്ങളിലും ഇന്ത്യയിലെ എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന യെസ് ബാങ്കിന്റെ ശാഖകളിലൂടെ കാര്‍ഡ് ലഭ്യമാകുകയും ചെയ്യും.അത്യാധുനിക ബാങ്കിംഗ്, പേയ്മെന്റ് സൊല്യൂഷനുകള്‍, ഓപ്പണ്‍ ലൂപ്പ്, ക്ലോസ്ഡ് ലൂപ്പ്, ക്യുആര്‍ കോഡ് തുടങ്ങിയ പേയ്മെന്റ് ആന്‍ഡ് സെറ്റിലെമെന്റ് വിഭാഗത്തില്‍ നിരവധി ഐപികള്‍ സ്വന്തമായുള്ള ഇവയര്‍ 2018ല്‍ പ്രവര്‍ത്തനമാരംഭിച്ചു.