ബെംഗളൂരുവിലെ മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക്‌സ് പാര്‍ക്ക് (എംഎംഎല്‍പി) വികസിപ്പിക്കുന്നതിനുള്ള കരാറില്‍ എന്‍എച്ച്എഐയുടെ (നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ) അനുബന്ധ സ്ഥാപനമായ നാഷണല്‍ ഹൈവേസ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ലിമിറ്റഡ് (എന്‍എച്ച്എല്‍എംഎല്‍) ഒപ്പുവെച്ചു.
1770 കോടി രൂപയുടേതാണ് കരാര്‍. പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് പദ്ധതി നടപ്പാക്കുക.
പിഎം ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന് കീഴില്‍ രാജ്യത്ത് നടപ്പിലാക്കുന്ന ആദ്യത്തെ എംഎംഎല്‍പിയായിരിക്കുമിത്. ബെംഗളൂരു റൂറല്‍ ജില്ലയിലെ മുദ്ദലിംഗനഹള്ളിയില്‍ 400 ഏക്കറിലാണ് പാർക്ക് നിര്‍മ്മിക്കുക.
മൂന്ന് ഘട്ടങ്ങളിലായി വികസിപ്പിക്കുന്ന എംഎംഎല്‍പിയുടെ ആദ്യ ഘട്ടം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
45 വര്‍ഷത്തെ ഇളവ് കാലയളവ് അവസാനിക്കുമ്പോള്‍ ഈ പാർക്ക് ഏകദേശം 30 ദശലക്ഷം ടണ്‍ ചരക്ക് കൈകാര്യം ചെയ്യുമെന്നാണ് കണക്കാക്കുന്നത്.
പാർക്കിന്‍റെ വരവ് ചരക്ക് ഗതാഗതത്തിനുള്ള ചെലവും സമയവും കുറയ്ക്കുന്നതിനും സംഭരണം കാര്യക്ഷമമാക്കുന്നതിനും സഹായിക്കും. ചരക്കുകളുടെ ട്രാക്കിംഗും കണ്ടെത്തലും മെച്ചപ്പെടുത്തും.
കാര്യക്ഷമമായ ഇന്റര്‍-മോഡല്‍ ചരക്ക് ഗതാഗതം പ്രാപ്തമാക്കുന്നതിലൂടെ രാജ്യത്തിന്റെ ചരക്ക് ലോജിസ്റ്റിക് മേഖല മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന സംരംഭമാണ് എംഎംഎല്‍പി.
ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് 58 കിലോമീറ്ററും ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 48 കിലോമീറ്ററുമാണ് ബെംഗളൂരു എംഎംഎല്‍പിയിലേക്കുള്ള ദൂരം.