
മുംബൈ: മെയ് 29 ന് നിഫ്റ്റി ബാങ്ക് റെക്കോര്‍ഡ് ഉയരം കൈവരിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച മാര്‍ച്ച് പാദഫലത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് ഓഹരികള്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ സൂചിക 12 ശതമാനത്തിലധികമാണുയര്‍ന്നത്.
നിഫ്റ്റി ബാങ്കിന്റെ വിപണി മൂല്യത്തില്‍ 60 ശതമാനത്തിലധികം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,ഐസിഐസിഐ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുടെ സംഭാവനയാണ്. നിഫ്റ്റിയും സെന്‍സെക്സും ഈ കാലയളവില്‍ 10 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.
വിദേശ നിക്ഷേപരുടെ നിക്ഷേപവും മികച്ച ഭൗമ രാഷ്ട്രീയ സൂചനകളുമാണ് പ്രധാനമായും വിപണിയെ നയിച്ചത്. ഈ കാലയളവില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ മൂന്ന് മുന്‍നിര ബാങ്കിംഗ് ഓഹരികളുടെ വിപണി മൂല്യം 1.8 ലക്ഷം കോടി രൂപ വര്‍ദ്ധിച്ചു.ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക് എന്നീ മൂന്ന് ബാങ്ക് ഓഹരികള്‍ ഒരുമിച്ച് 22 ശതമാനത്തിലധികം നേട്ടമുണ്ടാക്കി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 16 ശതമാനവും ഐസിഐസിഐ ബാങ്ക് 12 ശതമാനവും കൊട്ടക് മഹീന്ദ്ര ബാങ്ക് 15 ശതമാനവുമാണ് നേട്ടമുണ്ടാക്കിയത്. ആക്സിസ് ബാങ്ക് 12 ശതമാനവും എച്ച്ഡിഎഫ്സി ബാങ്ക് 3.3 ശതമാനവും ഇന്‍ഡസിന്‍ഡ് ബാങ്ക് 24 ശതമാനവും ഉയര്‍ന്നു.
നിഫ്റ്റി പിഎസ്യു ബാങ്ക് 13 ശതമാനവും ബാങ്കെക്സ് സൂചിക 12 ശതമാനവും ഉയര്‍ന്നു. മിക്ക ബാങ്കുകളും പ്രതീക്ഷിച്ചതിലും മികച്ച വരുമാനമാണ് നാലാംപാദത്തില്‍ നേടിയത്. ഇതോടെ ഓഹരികള്‍ കുതിക്കുകയായിരുന്നു.