പേറ്റന്റ് ഫയലിം​ഗുകളിൽ കുതിച്ച് ഇന്ത്യ; അഞ്ച് വർഷത്തിനിടെ ഫയൽ ചെയ്തത് 35 ലക്ഷത്തിലേറെ അപേക്ഷകൾക്വിക്ക് കൊമേഴ്സ് കമ്പനികള്‍ റീട്ടെയില്‍ വ്യാപാരികളെ മറികടക്കുന്നുപുരപ്പുറ സൗരോര്‍ജ പദ്ധതിയില്‍ വ​ന്‍ മു​ന്നേ​റ്റ​വു​മാ​യി കേ​ര​ളംമ്യൂച്വൽഫണ്ടിലെ മലയാളിപ്പണം റെക്കോർഡ് തകർത്ത് മുന്നോട്ട്കേരളത്തിലെ 65% കുടുംബങ്ങള്‍ക്കും സമ്പാദ്യമില്ലെന്ന് കണ്ടെത്തൽ; നിക്ഷേപത്തിൽ പിന്നോട്ട് പോകുമ്പോഴും കടക്കെണി ഭീഷണിയാകുന്നു

നിഫ്‌റ്റി ബാങ്ക്‌ പ്രതിവാര ഓപ്‌ഷന്‍ കരാറുകള്‍ ഇനിയില്ല

മുംബൈ: നിഫ്‌റ്റി ബാങ്ക്‌ സൂചികയുടെ പ്രതിവാര ഓപ്‌ഷന്‍സ്‌ കരാറുകള്‍ അടുത്തയാഴ്‌ച മുതല്‍ ഉണ്ടാകില്ല. ഒടുവിലത്തെ നിഫ്‌റ്റി ബാങ്ക്‌ ഓപ്‌ഷന്‍സ്‌ പ്രതിവാര കരാറിന്റെ കാലാവധി ഇന്നലെ അവസാനിച്ചു.

എഫ്‌&ഒ ട്രേഡര്‍മാര്‍ ഊഹകച്ചവടത്തിനായി വ്യാപകമായി ഉപയോഗിച്ചു പോന്നിരുന്ന നിഫ്‌റ്റി ബാങ്ക്‌ ഓപ്‌ഷന്‍സ്‌ പ്രതിവാര കരാറുകള്‍ നിര്‍ത്തലാക്കിയത്‌ സെബിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്‌.

ഫ്യൂച്ചേഴ്‌സ്‌ ആന്റ്‌ ഓപ്‌ഷന്‍സ്‌ വ്യാപാരത്തിലൂടെ ചില്ലറ നിക്ഷേപകര്‍ കനത്ത നഷ്‌ടം വരുത്തിവെക്കുന്ന സാഹചര്യത്തില്‍ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായാണ്‌ നിഫ്‌റ്റി ബാങ്ക്‌ ഓപ്‌ഷന്‍സ്‌ പ്രതിവാര കരാറുകള്‍ നിര്‍ത്തലാക്കുന്നത്‌.

സെബിയുടെ പുതിയ നിയന്ത്രണങ്ങള്‍ അടുത്തയാഴ്‌ചയാണ്‌ പ്രാബല്യത്തില്‍ വരുന്നത്‌. ഒരു എക്‌സ്‌ചേഞ്ചില്‍ ഒരു ഡെറിവേറ്റീവ്‌ ഉല്‍പ്പന്നത്തിന്റെ പ്രതിവാര കരാറുകള്‍ മാത്രമേ പാടുള്ളൂവെന്നാണ്‌ സെബിയുടെ നിര്‍ദേശങ്ങളിലൊന്ന്‌.

ഇതിനെ തുടര്‍ന്ന്‌ എന്‍എസ്‌ഇ നിഫ്‌റ്റിയിലും ബിഎസ്‌ഇ സെന്‍സെക്‌സിലും മാത്രമായി പ്രതിവാര കരാറുകള്‍ നിലനിര്‍ത്തി. നിഫ്‌റ്റിയേക്കാള്‍ കൂടുതല്‍ പ്രതിവാര ഓപ്‌ഷന്‍സ്‌ വ്യാപാരം നടന്നിരുന്നത്‌ നിഫ്‌റ്റി ബാങ്ക്‌ സൂചികയിലാണ്‌. ട്രേഡര്‍മാര്‍ വ്യാപകമായി നിഫ്‌റ്റി ബാങ്ക്‌ പ്രതിവാര കരാറുകള്‍ ചൂതാട്ടത്തിന്‌ സമാനമായ വ്യാപാരത്തിന്‌ ഉപയോഗിച്ചിരുന്നു.

2024-25 സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ആറ്‌ മാസ കാലയളവില്‍ ഡെറിവേറ്റീവ്‌ വ്യാപാരം വഴിയുള്ള മൊത്തം വിറ്റുവരവിന്റെ 38 ശതമാനവും ലഭിച്ചിരുന്നത്‌ നിഫ്‌റ്റി ബാങ്ക്‌ കരാറുകള്‍ വഴിയാണ്‌.

നിഫ്‌റ്റി 28 ശതമാനവും സെന്‍സെക്‌സ്‌ ഏഴ്‌ ശതമാനവും ബിഎസ്‌ഇ ബാങ്കക്‌സ്‌ മൂന്ന്‌ ശതമാനവുമാണ്‌ മൊത്തം വിറ്റുവരവിലെ വിഹിതം.

നിഫ്‌റ്റി മിഡ്‌കാപ്‌ സെലക്‌ട്‌, നിഫ്‌റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ എന്നീ സൂചികകളെ അടിസ്ഥാനമാക്കിയുള്ള പ്രതിവാര കരാറുകളുടെ വ്യാപാരം യഥാക്രമം നവംബര്‍ 18നും നവംബര്‍ 19നും അവസാനിക്കും. പുതിയ കരാറുകള്‍ ഇതിനു ശേഷം വ്യാപാരത്തിന്‌ ലഭ്യമായിരിക്കില്ല.

സെബിയുടെ ഉത്തരവിനെ തുടര്‍ന്ന്‌ നവംബര്‍ 18നു ശേഷം സെന്‍സെക്‌സ്‌ 50, ബാങ്കക്‌സ്‌ എന്നീ സൂചികകളെ അടിസ്ഥാനമാക്കിയുള്ള പ്രതിവാര കരാറുകള്‍ ഉണ്ടാകില്ല.

ഓരോ എക്‌സ്‌ചേഞ്ചിനും ഒരു പ്രതിവാര ഫ്യൂച്ചേഴ്‌സ്‌ & ഓപ്‌ഷന്‍സ്‌ കരാര്‍ മാത്രം മതിയെന്നതാണ്‌ സെബിയുടെ പുതിയ നിര്‍ദേശം. അത്‌ ഓരോ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചിന്റെയും അടിസ്ഥാന സൂചികയുടെ കരാര്‍ ആയിരിക്കണം. ഇത്‌ നവംബര്‍ 20 മുതല്‍ നടപ്പിലാക്കണമെന്നും സെബിയുടെ നിര്‍ദേശമുണ്ട്‌.

നവംബര്‍ 20 മുതല്‍ ഇന്‍ഡക്‌സ്‌ ഫ്യൂച്ചേഴ്‌സ്‌ കരാറുകളുടെ മൂല്യം കുറഞ്ഞത്‌ 15 ലക്ഷം ആയി ഉയര്‍ത്തുക എന്നത്‌ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനാണ്‌ സെബി സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.

X
Top