
മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടത്തിലായി. നിഫ്റ്റി നിര്‍ണ്ണായകമായ 17,000 ല്‍ താഴെയെത്തുന്നതിനും വിപണി സാക്ഷിയായി. 1.49 ശതമാനം താഴ്ന്ന് 16,983.50 ത്തില്‍ സൂചിക ക്ലോസ് ചെയ്യുകയായിരുന്നു.
സെന്‍സെക്‌സ് 843.79 (1.46 %) കുറവില്‍ 57,147.32 ലെവലിലെത്തി. മൊത്തം 1036 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2291 എണ്ണമാണ് ഇടിവ് രേഖപ്പെടുത്തിയത്. 133 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.
ദിവിസ് ലാബ്‌സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, നെസ്‌ലെ ഇന്ത്യ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഐഷര്‍ മോട്ടോഴ്‌സ് എന്നിവ നഷ്ടം വരിച്ച ഓഹരികളില്‍ പെടുന്നു. ആക്‌സിസ് ബാങ്ക്, അദാനി എന്റര്‍പ്രൈസസ്, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ സ്‌റ്റോക്കുകള്‍. വാഹനം,ലോഹം,ഐടി,ഓയില്‍ ആന്റ് ഗ്യാസ്, റിയാലിറ്റി എന്നീ മേഖലകള്‍ 1-32 ശതമാനം ഇടിവ് നേരിടുന്നതും വിപണി കണ്ടു.
ബിഎസ്ഇ മിഡ്ക്യാപ്പ്,സ്‌മോള്‍ക്യാപ്പ് സൂചികകള്‍ 1 ശതമാനമാണ് ദുര്‍ബലമായത്. വര്‍ദ്ധിച്ചുവരുന്ന ജിയോപൊളിറ്റിക്കല്‍ പ്രക്ഷുബ്ധതയും ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളുമാണ് നിക്ഷേപകരെ അകറ്റിയതെന്ന് ജിയോജിത്ത് റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു. പണപ്പെരുപ്പ ഡാറ്റ പ്രഖ്യാപനത്തിന് മുന്‍പുള്ള ജാഗ്രത മെച്ചപ്പെട്ട ഐടി വരുമാനസാധ്യതകളെ തടഞ്ഞു.
എന്നാല്‍ ആഗോള സൂചികകളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞതോതിലാണ് വില്‍പ്പന ദൃശ്യമായത്. ആഭ്യന്തര നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതാണ് കാരണം. അതേസമയം വിദേശ നിക്ഷേപകര്‍ പിന്മാറ്റം തുടര്‍ന്നു.