
മുംബൈ: ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടത്തിലായി. സെന്‍സെക്‌സ് 461.22 പോയിന്റ് അഥവാ 0.75 ശതമാനം താഴ്ന്ന് 61,337.81 ലെവലിലും നിഫ്റ്റി 145.90 പോയിന്റ് അഥവാ 0.79 ശതമാനം താഴ്ന്ന് 18269 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1391 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2026 എണ്ണമാണ് ഇടിവ് നേരിട്ടത്.
125 ഓഹരികളുടെ വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ഡോ.റെഡ്ഡീസ് ലാബോറട്ടറീസ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, അദാനി പോര്‍ട്ട്‌സ്,ഏഷ്യന്‍ പെയിന്റ്‌സ്, ബിപിസിഎല്‍ എന്നിവയാണ് കനത്ത നഷ്ടം നേരിട്ടവ. ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സിബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍ എന്നിവ നേട്ടത്തിലായി.
മേഖലകളെല്ലാം ദുര്‍ബലമാകുന്നതിനും വിപണി സാക്ഷിയായി. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ 1 ശതമാനം വീതമാണ് നഷ്ടപ്പെടുത്തിയത്. ഫെഡ് റിസര്‍വിന്റെ ചുവടുപിടിച്ച് യൂറോപ്യന്‍ കേന്ദ്രബാങ്കും ബാങ്ക് ഓഫ് ഇംഗ്ലണ്ടും നിരക്കു വര്‍ധന നടപ്പിലാക്കിയിരുന്നു.
മാത്രമല്ല, കര്‍ശന നടപടികള്‍ തുടരുമെന്ന് കേന്ദ്രബാങ്കുകള്‍ അറിയിക്കുകയും ചെയ്തു. വിപണിയെ തകര്‍ച്ചയിലേയ്ക്ക് നയിച്ച കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജിയോജിത് റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ പറഞ്ഞു.
കേന്ദ്രബാങ്കുകളുടെ നടപടി, ആഗോള മാന്ദ്യം വിളിച്ചുവരുത്തുന്നതായി. ആഭ്യന്തര വിപണി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ആഗോള വിപണികളുടെ പിന്തുണ ലഭ്യമാകാത്തതിനാല്‍ ശ്രമം പരാജയപ്പെട്ടു.