മുംബൈ: ഇലക്ട്രിക് വാഹന നിർമാണം, ഓട്ടോമൊബൈൽ രംഗത്തെ പുതിയ ടെക്നോളജികൾ എന്നിവയുമായി ബന്ധപ്പെട്ട കമ്പനികളുടെ പ്രകടനം വിലയിരുത്താൻ പുതിയ സൂചിക (ഇൻഡക്സ്) അവതരിപ്പിച്ച് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ ഇൻഡസിസ്).
നിഫ്റ്റി ഇവി& ന്യൂ ഏജ് ഓട്ടോമോട്ടീവ് ഇൻഡക്സ് എന്ന പേരിൽ ഏപ്രിൽ 30ന് ആണ് സൂചിക നിലവിൽ വന്നത്. 2018 ഏപ്രിൽ രണ്ട് അടിസ്ഥാനമായ സൂചികയുടെ ബേസ് വാല്യൂ 1000 പോയിന്‍റ് ആണ്. നിലവിൽ 33 കമ്പനികളാണ് സൂചികയിലുള്ളത്.
ഇവി നിർമാതാക്കൾക്ക് പുറമെ ഹൈബ്രിഡ്, ഗ്രീൻ ഹൈഡ്രജൻ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളും സൂചികയിൽ ഇടംനേടിയിട്ടുണ്ട്. വിവിധ മേഖലകളിലുള്ള കമ്പനികൾക്ക് സൂചികയിൽ നൽകിയിരിക്കുന്ന വെയ്റ്റേജ് അനുസരിച്ച് ഓട്ടോമൊബൈൽ & ഓട്ടോകമ്പോണന്‍റ്സ് ( 72.13%) കമ്പനികളാണ് മുന്നിൽ.
ഐടി (11.31%), കെമിക്കൽസ് (10.63%), ക്യാപിറ്റൽ ഗുഡ്സ് (6.39%), ഓയിൽ, ഗ്യാസ്& കൺസ്യൂമബിള്‍ ഫ്യുവൽസ് (3.37%), കൺസ്യൂമർ സർവീസസ് (0.18) എന്നീ വിഭാഗങ്ങളിൽ നിന്നാണ് മറ്റു കമ്പനികൾ.
സുചികയിലെ പ്രധാന 10 കമ്പനികൾ
(വെയ്റ്റേജ് ബ്രായ്ക്കറ്റിൽ നൽകിയിരിക്കുന്നു)
1.ബജാജ് ഓട്ടോ (7.08%)
2.ടാറ്റ മോട്ടോഴ്സ് (6.49%)
3.മഹീന്ദ്ര& മഹീന്ദ്ര (5.83%)
4.മാരുതി സുസൂക്കി (5.28%)
5.എക്സൈഡ് ഇൻഡസ്ട്രീസ് (4.78%)
6.ബോഷ് ലിമിറ്റഡ് (4.56%)
7.സംവർധന മതേഴ്സൺ ഇന്‍റർനാഷണൽ (4.45%)
8.ഐഷർ മോട്ടോഴ്സ് (4.42%)
9.സിജി പവർ& ഇൻഡസ്ട്രിയൽ സൊല്യൂഷൻസ് (4.30%)
10.ഹിമാന്ദ്രി സ്പെഷ്യാലിറ്റി കെമിക്കൽസ് (4.28%)
ഈ സൂചികയെ അടിസ്ഥാനമാക്കി അസറ്റ് മാനേജ്മെന്‍റ് കമ്പനികൾക്ക് പുതിയ ഫണ്ടുകളും ഇടിഎഫുകളും അവതരിപ്പിക്കാം എന്നതാണ് നേട്ടം.
ഇലക്ട്രിക് വാഹന മേഖലയിലെ ഓഹരികളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കു കമ്പനികൾ തെരഞ്ഞെടുക്കാനും നേട്ടം വിലയിരുത്താനും സൂചിക ഉപയോഗപ്പെടുത്താം.