മുംബൈ: ഏഴ് ദിവസം നീണ്ട തകര്‍ച്ചയ്ക്ക് വിരാമമിട്ട് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ച തിരിച്ചുകയറി. മോണിറ്ററി പോളിസി കമ്മിറ്റിയുടെ നിരക്ക് വര്‍ധന പ്രതീക്ഷിച്ചതോതിലായതും ഇനിയുള്ള വര്‍ധന കുറഞ്ഞ തോതിലാകുമെന്ന പ്രതീക്ഷയുമാണ് സൂചികകളെ ഉയര്‍ത്തിയത്. സെന്‍സെക്‌സ് 1016.96 പോയിന്റ് (1.80 ശതമാനം) നേട്ടത്തില്‍ 57,426.92 ലെവലിലും നിഫ്റ്റി 276.20 (1.64 ശതമാനം) ഉയര്‍ന്ന് 17,094.30 ലെവലിലും ക്ലോസ് ചെയ്യുകായിയിരുന്നു.
മൊത്തം 2283 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1058 ഓഹരികള്‍ പിന്‍വലിഞ്ഞു. 95 എണ്ണത്തിന്റെ വിലയില്‍ മാറ്റമില്ല. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ നിഫ്റ്റിയില്‍ നേട്ടത്തിലായപ്പോള്‍ ശ്രീ സിമന്റ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, കോള്‍ ഇന്ത്യ, ഡോ.റെഡ്ഡീസ് ലബോറട്ടറീസ് എന്നിവ നഷ്ടം നേരിട്ടു.
വാഹനം,ഊര്‍ജ്ജം, മൂലധന വസ്തുക്കള്‍, ബാങ്ക്, റിയാലിറ്റി, ലോഹം എന്നീ മേഖലകള്‍ 12 ശതമാനം നേട്ടത്തോടെ മികച്ചുനിന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ഒരു ശതമാനം കരുത്താര്‍ജ്ജിച്ചതും ശ്രദ്ധേയമായി. പ്രതീക്ഷിച്ച തോതിലുള്ള നിരക്ക് വര്‍ധനവും സമ്പദ് വ്യവസ്ഥയിലുള്ള ആര്‍ബിഐയുടെ വിശ്വാസവുമാണ് തുണയായതെന്ന് ജിയോജിത്തിലെ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.
നാണയപ്പെരുപ്പം 6.70% ആയി നിലനിര്‍ത്താനുള്ള തീരുമാനം, 7.0% എന്ന ആരോഗ്യകരമായ ജിഡിപി പ്രവചനം എന്നിവ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധശേഷിയെ സൂചിപ്പിക്കുന്നു, അദ്ദേഹം പറഞ്ഞു.