
മുംബൈ: ടാലന്റ് ഡെവലപ്‌മെന്റ് കോർപ്പറേഷനായ എൻഐഐടി ലിമിറ്റഡിന്റെ ജൂലൈ-സെപ്റ്റംബർ പാദത്തിലെ ഏകീകൃത അറ്റാദായം 24.5 ശതമാനം ഇടിഞ്ഞ് 39.6 കോടി രൂപയായി കുറഞ്ഞു. രണ്ടാം പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 392.2 കോടി രൂപയാണ്. ഇത് മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 24.3 ശതമാനം വർധിച്ചു.
മൊത്തത്തിലുള്ള വരുമാന വളർച്ചയുടെയും പുതിയ കരാർ കൂട്ടിച്ചേർക്കലുകളുടെയും പിൻബലത്തിൽ സ്ഥാപനം ശക്തമായ പ്രകടനം കാഴ്ചവെച്ചതായി എൻഐഐടി ലിമിറ്റഡിന്റെ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വിജയ് തദാനി പ്രസ്താവനയിൽ പറഞ്ഞു.
കമ്പനിയുടെ കോർപ്പറേറ്റ് ലേണിംഗ് ഗ്രൂപ്പിന്റെ (സിഎൽജി) വരുമാനം 10 ശതമാനം വർധിച്ച് 300.4 കോടി രൂപയായപ്പോൾ സ്‌കിൽസ് ആന്റ് കരിയർ ഗ്രൂപ്പ് (എസ്‌എൻസി) 91.8 കോടി രൂപയുടെ അറ്റവരുമാനം രേഖപ്പെടുത്തി. മുൻനിര ഓഫറുകളായ സ്റ്റാക്ക്‌റൂട്ട്, ടിപിഎഎസ്, ആർപിഎസ് കൺസൾട്ടിംഗ് എന്നിവയിലെ മികച്ച വളർച്ചയാണ് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചതെന്ന് എൻഐഐടി ബിഎസ്ഇ ഫയലിംഗിൽ പറഞ്ഞു.
അവലോകന പാദത്തിൽ എൻഐഐടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ്, ബാങ്കിംഗ് ആൻഡ് ഇൻഷുറൻസ് (IFBI) എച്ച്‌ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിൻസെർവ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായി പുതിയ പങ്കാളിത്തത്തിൽ ഏർപ്പെട്ടു.