![](https://www.livenewage.com/wp-content/uploads/2024/02/nike-1.webp)
ആഗോള സ്പോർട്സ് വെയർ ബ്രാന്റായ നൈക്കി തങ്ങളുടെ 1,600-ലധികം ജീവനക്കാരെ പിരിച്ചുവിടുന്നു. നൈക്കിയുടെ ആകെ ജീവനക്കാരിലെ 2 ശതമാനം വരുമിത്.
ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്ന് നൈക്കി ചീഫ് എക്സിക്യൂട്ടീവ് ജോൺ ഡൊണാഹോ പറഞ്ഞു.
റിപ്പോർട്ട് അനുസരിച്ച്, പിരിച്ചുവിടലുകൾ വിവിധി സ്റ്റോറുകളിലെയും വിതരണ സൗകര്യങ്ങളിലെയും ജീവനക്കാരെയോ കമ്പനിയുടെ ഇന്നൊവേഷൻ ടീമിലെ ജീവനക്കാരെയോ ബാധിക്കിക്കില്ല, 2023 മെയ് 31 വരെ കമ്പനിക്ക് ആഗോളതലത്തിൽ ഏകദേശം 83,700 ജീവനക്കാരുണ്ടായിരുന്നു.
പിരിച്ചുവിടൽ വെള്ളിയാഴ്ച മുതൽ ആരംഭിക്കുമെന്നും നിലവിലെ പാദത്തിന്റെ അവസാനത്തോടെ രണ്ടാം ഘട്ടം പൂർത്തിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളർ വരെ ചെലവ് കുറക്കുമെന്ന് നൈക്കി കഴിഞ്ഞ വർഷം ഡിസംബറിൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നത്.
ചില പ്രത്യേക ഉൽപ്പന്നങ്ങളുടെ വിതരണം കാര്യക്ഷമമാക്കുക, വിതരണ ശൃംഖല മെച്ചപ്പെടുത്തുക, ഓട്ടോമേഷൻ വർദ്ധിപ്പിക്കുക എന്നിവ ഉൾപ്പെടെയുള്ള ഘട്ടങ്ങളിലൂടെയാണ് അടുത്ത മൂന്ന് വർഷത്തെ ചെലവ് കുറയ്ക്കൽ പദ്ധതി നടപ്പാക്കുക.
നൈക്കിയുടെ ഏറ്റവും വലിയ വിപണിയായ വടക്കേ അമേരിക്കയിൽ ഷൂ വിൽപ്പന അഞ്ച് ശതമാനം ഇടിഞ്ഞിരുന്നു. നവംബർ 30 വരെയുള്ള വിൽപ്പന കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു ശതമാനം മാത്രമാണ് വിൽപ്പന വർധിച്ചത്.
അഡിഡാസ്, പ്യൂമ, ജെഡി സ്‌പോർട്‌സ് എന്നിവയുൾപ്പെടെയുള്ള സ്പോർട്സ് വെയർ ബ്രാന്റുകളും നടപ്പുവർഷത്തെ കുറഞ്ഞ വരുമാനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.