ന്യൂഡല്ഹി: കേന്ദ്ര ബജറ്റില് ഏഴ് കാര്യങ്ങള്ക്കാണ് മുന്ഗണന നല്കുന്നതെന്ന് ധനമന്ത്രി നിര്മല സീതാരാമന്. സുസ്ഥിര വികസനം, വികസനം എല്ലായിടത്തും എത്തിക്കല്, അടിസ്ഥാനസൗകര്യ വികസന മേഖലയിലെ നിക്ഷേപം, സാധ്യതകള് പരമാവധി പ്രയോജനപ്പെടുത്തല്, ഹരിത വികസനം, യുവാക്കളെ ശാക്തീകരിക്കല്, സാമ്പത്തികരംഗം എന്നിവയാണ് ഏഴ് മേഖലകള്.
ഓരോ മേഖലകളെക്കുറിച്ചും വിശദീകരിച്ചായിരുന്നു ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. രാജ്യത്തിന്റെ വടക്കുകിഴക്കന് സംസ്ഥാനങ്ങളെയും ജമ്മു കശ്മീരിനെയുമടക്കം ഉള്പ്പെടുത്തിക്കൊണ്ട് വികസനം എല്ലാവരിലും എത്തിക്കാനാണ് സര്ക്കാര് ശ്രമിച്ചുവരുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.
സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുകയും യുവാക്കള്ക്ക് തൊഴിലവസരങ്ങള് സൃഷ്ടിക്കുകയുമാണ് കേന്ദ്ര സര്ക്കാര് ബജറ്റിലൂടെ ലക്ഷ്യമിടുന്നത്. പരമ്പരാഗത കരകൗശല വിദഗ്ധര്ക്കായി പ്രധാനമന്ത്രിയുടെ വിശ്വകര്മ കരകൗശല് സമ്മാന് എന്ന പദ്ധതി ആദ്യമായി അവതരിപ്പിക്കുകയാണ്.
അവരുടെ ഉത്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തലും ഉത്പാദനം വര്ധിപ്പിക്കലും വിപണി വിപുലപ്പെടുത്തലുമാണ് ലക്ഷ്യമിടുന്നത്. സാമ്പത്തിക പിന്തുണ, നൈപുണ്യ വികസനം, ഡിജിറ്റല് – ഹരിത സാങ്കേതികവിദ്യകള് ലഭ്യമാക്കല്, ബ്രാണ്ട് പ്രമോഷന്, ഡിജിറ്റല് പേമെന്റ്, സാമൂഹ്യ സുരക്ഷ എന്നിവ അവര്ക്ക് ലഭ്യമാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.