കൊച്ചി: ആഗോളവിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കിടയിലും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുമെന്ന് നിസാന്‍ പ്രഖ്യാപിച്ചു. ആഗോളതലത്തില്‍ വാഹനനിര്‍മാണം 20% വരെ കുറയ്ക്കാനുള്ള തീരുമാനമെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ വിപണിയെ ഇപ്പോഴും പ്രതീക്ഷയോടെ തന്നെയാണ് കാണുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നത്.
തമിഴ്നാട്ടില്‍ 2,000 തൊഴിലവസരങ്ങള്‍ കൂടി ഉടന്‍ സൃഷ്ടിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
അടുത്തിടെ വിവിധ രാജ്യങ്ങളിലായി ഒമ്പതിനായിരത്തോളം ജീവനക്കാരെ കമ്പനി പിരിച്ചുവിടുമെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാലയളവില്‍ കമ്പനിയുടെ ചെന്നൈയിലെ പ്ലാന്റില്‍ 600 ജീവനക്കാരെ അധികമായി നിയമിക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് നിസാന്‍ ഇന്ത്യയുടെ ഓപ്പറേഷന്‍സ് പ്രസിഡന്റ് ഫ്രാങ്ക് ടോറസ് വ്യക്തമാക്കി.
റെനോള്‍ട്ട്-നിസാന്‍ സഖ്യം നേരത്തെ പ്രഖ്യാപിച്ച 600 മില്യണ്‍ യു.എസ്. ഡോളറിന്റെ നിക്ഷേപത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നീക്കങ്ങളെല്ലാം.
ചെന്നൈയിലെ നിര്‍മാണകേന്ദ്രത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനുള്‍പ്പെടെയുള്ള കൂടുതല്‍ സാങ്കേതിക സൗകര്യങ്ങള്‍ സ്ഥാപിക്കും. അധികം വൈകാതെ നിസാന്‍ ഒരു ഇലക്ട്രിക് എസ്.യു.വി പുറത്തിറക്കുമെന്ന അഭ്യൂഹങ്ങളും കമ്പനി ശരിവെച്ചു.
ഇന്ത്യയില്‍ ഉടന്‍ തന്നെ അഞ്ച് പുതിയ കാറുകള്‍ കൂടി അവതരിപ്പിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 2026ഓടെ ഇന്ത്യയില്‍ ഒരു ലക്ഷത്തിലേറെ കാറുകള്‍ പ്രതിവര്‍ഷം വില്‍ക്കാനാണ് ലക്ഷ്യമിടുന്നത്.
കോംപാക്ട് എസ്.യു.വി ശ്രേണിയിലുള്ള നിസാന്റെ മാഗ്‌നൈറ്റ് എന്ന മോഡലിന്റെ പുതിയ പതിപ്പിന് മികച്ച പ്രതികരണമാണ് വിപണിയില്‍ ലഭിക്കുന്നത്. ഇതിന്റെ പിന്‍ബലത്തില്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 45% വില്‍പന വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
2023ല്‍ 14 രാജ്യങ്ങളിലേക്കാണ് നിസാന്‍ ഇന്ത്യയില്‍ നിന്നും കാറുകള്‍ കയറ്റിയയച്ചിരുന്നത്. അത് 65 രാജ്യങ്ങളിലേക്ക് വികസിപ്പിച്ചതും ഇന്ത്യയില്‍ കമ്പനിക്ക് നേട്ടമാകുമെന്ന് കരുതുന്നു