
കൊച്ചി: സുരക്ഷിതവും മലിനീകരണം കുറവുള്ളതുമായ ഏറ്റവും പുതിയ ഓട്ടോണമസ് ഡ്രൈവിംഗ് ഗവേഷണ പദ്ധതി വിജയകരമായി പൂർത്തിയാക്കി നിസാൻ.
യുകെയിൽ നിസാൻ പിന്തുണയുള്ള മുൻ പ്രോജക്ടുകളായ ഹ്യൂമൻ ഡ്രൈവ്, സെർവ്സിറ്റി എന്നിവയെ അടിസ്ഥാനമാക്കി നിർമ്മിച്ച ഇവോൾവ്എഡി യുകെ സർക്കാരിൽനിന്നുള്ള 100 മില്യൺ പൗണ്ട് ധനസഹായത്തോടെ പ്രവർത്തിക്കുന്ന കൺസോർഷ്യം പദ്ധതിയാണ്.
ഓട്ടോണമസ് മൊബിലിറ്റിയെ യാഥാർത്ഥ്യത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി അഞ്ച് വ്യവസായ പങ്കാളികളുടെ കൺസോർഷ്യമാണ് ഈ ഗവേഷണ പദ്ധതിക്ക് പിന്നിൽ.
ഇലക്ട്രിക്ക് വാഹനമായ നിസാൻ ലീഫിൽ ഘടിപ്പിച്ച ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഗവേഷണം പൂർത്തിയാക്കിയത്.
എട്ട് വർഷകാലയളവിൽ യുകെയിലെ മോട്ടോർവേകൾ, നഗര കേന്ദ്രങ്ങൾ, റെസിഡൻഷ്യൽ തെരുവുകൾ, ഗ്രാമപ്രദേശങ്ങൾ എന്നിവയിലൂടെ അപകടങ്ങളില്ലാതെ 16,000-ത്തിലധികം മൈലുകൾ ടെസ്റ്റ് ഡ്രൈവ് നടത്തി.
നിസാനൊപ്പം കണക്റ്റഡ് പ്ലേസസ് കാറ്റപ്പൾട്ട്, ഹ്യൂമനൈസിംഗ് ഓട്ടോണമി, എസ്ബിഡി ഓട്ടോമോട്ടീവ്, ടിആർഎൽ എന്നിവരാണ് കൺസോർഷ്യത്തിലെ അഞ്ച് പങ്കാളികൾ.