
ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ഓട്ടോമൊബൈൽ വ്യവസായം ലോകത്തിൽ ഒന്നാം സ്ഥാനത്തെത്തുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.
ഇതുവരെ ഓട്ടോമൊബൈൽ രംഗത്ത് 45 ദശലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. മറ്റ് മേഖലകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ തൊഴിലുകൾ നൽകിയത് ഓട്ടോമൊബൈൽ മേഖലയാണെന്നും അദ്ദേഹം പറഞ്ഞു.
22 ലക്ഷം കോടി രൂപ മൂല്യമാണ് ഇന്ത്യൻ ഓട്ടോമൊബൈൽ രംഗം സമ്പദ് വ്യവസ്ഥയ്‌ക്ക് നൽകുന്ന സംഭാവനയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അഞ്ച് വർഷത്തിനുള്ളിൽ ലോകത്തിലെ മികച്ച ഓട്ടോമൊബൈൽ വിപണി ഇന്ത്യയുടേതാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷന്റെ യോഗത്തിൽ സംസാരകിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
2014-ൽ ഗതാഗത മന്ത്രിയായി ചുമതലേൽക്കുമ്പോൾ ഓട്ടോമൊബൈൽ വിപണിയുടെ മൂല്യം 7.5 ലക്ഷം കോടി (ട്രില്യൺ) രൂപയായിരുന്നു. പത്ത് വർഷങ്ങൾക്കിപ്പുറം ഇത് 22 ലക്ഷം കോടി രൂപയായി ഉയർത്താൻ സാധിച്ചു.
ഇന്ത്യയിൽ നിർമിക്കുന്ന ഇരുചക്ര വാഹനങ്ങൾ, മോട്ടോർ സൈക്കിൾ എന്നിവയുടെ 50 ശതമാനത്തോളം കയറ്റുമതി ചെയ്യുകയാണെന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും ജിഎസ്ടി വരുമാനത്തിൽ ബൃഹത്തായ സംഭാവന നൽകുന്നതും ഓട്ടോമൊബൈൽ വ്യവസായ രംഗമാണ്.
ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈൽ വിപണിയാണ് ഭാരതം. 78 ലക്ഷം കോടി രൂപയുടെ വിഹിതവുമായി അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 47 ലക്ഷം കോടി രൂപയുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്.
അഞ്ച് വർഷത്തിനുള്ളിൽ നിഷ്പ്രയാസം ഇത് മറികടക്കാൻ സാധിക്കുമെന്നാണ് കേന്ദ്ര ഗതാഗതമന്ത്രിയുടെ കണക്കുകൂട്ടൽ.