
കൊച്ചി ആസ്ഥാനമായ പ്രമുഖ വ്യാവസായിക കെമിക്കല്‍ അസംസ്‌കൃത വസ്തു നിര്‍മാതാക്കളായ നിറ്റ ജെലാറ്റിന്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) മൂന്നാം പാദമായ ഒക്ടോബര്‍- ഡിസംബറില്‍ 24.45 കോടി രൂപയുടെ സംയോജിത ലാഭം രേഖപ്പെടുത്തി.
മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ 20.52 കോടി രൂപയും ഇക്കഴിഞ്ഞ ഓഗസ്റ്റ്-സെപ്റ്റബറില്‍ 20.28 കോടി രൂപയുമായിരുന്നു ലാഭം. പാദാടിസ്ഥാനത്തില്‍ ലാഭം 20.56 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 19.15 ശതമാനവും വര്‍ധിച്ചു. മൂന്നാം പാദത്തില്‍ ലാഭമാര്‍ജിന്‍ 17.79 ശതമാനമാണ്.
അതേസമയം, മൊത്ത വരുമാനം (total income) മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 134.53 കോടി രൂപയില്‍ നിന്ന് 137.42 കോടി രൂപയായി ഉയര്‍ന്നു. 2.15 ശതമാനമാണ് വര്‍ധന. തൊട്ടു മുന്‍ പാദത്തിലെ 139 കോടിയുമായി നോക്കുമ്പോള്‍ വരുമാനത്തില്‍ ഒരു ശതമാനത്തിലധികം കുറവു രേഖപ്പെടുത്തി.
അരൂരില്‍ കമ്പനി ഏറ്റെടുത്ത ഭൂമി കഴിഞ്ഞ ഡിസംബറില്‍ വിറ്റഴിച്ചിരുന്നു. ഇതു വഴി 66.84 കോടി രൂപ ലഭിച്ചത് ലാഭം ഉയര്‍ത്താന്‍ സഹായിച്ചു.
കമ്പനിക്കു കീഴിലുള്ള ജെലാറ്റിന്‍ ഡിവിഷന്റെ പ്രതിവര്‍ഷ ശേഷി 1,500 മെട്രിക് ടണ്‍ കൂടി ഉയര്‍ത്താന്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. നിലവിലെ 4,500 മെട്രിക് ടണ്‍ ശേഷി 100 ശതമാനം പ്രയോജനപ്പെടുത്തുന്നതാണ് ശേഷി ഉയര്‍ത്താന്‍ കാരണം.
ഈ മാസം തന്നെ ഇതിന്റെ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. 33 മാസത്തിനുള്ളില്‍ ശേഷി ഉയര്‍ത്തല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 154.9 കോടിയാണ് ഇതിനായി നിക്ഷേപം കണക്കാക്കുന്നത്.
200 കോടി രൂപയുടെ വിപുലീകരണ പദ്ധതികള്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ഉള്‍പ്പെടുന്നതാണ് 155 കോടിയുടെ പദ്ധതി. ആദ്യഘട്ടത്തില്‍ കൊളാജന്‍ (collagen) ഉത്പാദന ശേഷി ഉയര്‍ത്താനായി 46 കോടി രൂപ നിക്ഷേപിക്കും. രണ്ടാം ഘട്ടമായാണ് ജെലാറ്റിന്‍ ഉത്പാദന ശേഷിയും ഉയര്‍ത്തുന്നത്. കാക്കാനാടാണ് ഇരു പ്ലാന്റുകളും സ്ഥിതി ചെയ്യുന്നത്.
പുറത്തു നിന്നുള്ള വായ്പകളിലൂടെയും സ്ഥാപനത്തിനകത്തു നിന്നുള്ള സമാഹരണത്തിലൂടെയുമാകും തുക കണ്ടെത്തുക. ഫാര്‍മസ്യൂട്ടിക്കല്‍, ന്യൂട്രാസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിയില്‍ ജെലാറ്റിന്റെ ഉയര്‍ന്ന വിപണി സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യം വച്ചാണ് പ്ലാന്റിന്റെ ഉത്പാദനശേഷി ഉയര്‍ത്തുന്നത്.