മുംബൈ: രാജ്യത്തെ മൂന്നാമത്തെ വലിയ സ്റ്റാന്റലോണ്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയായ നിവ ഭുപ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലിമിറ്റഡിന്റെ ഓഹരികള്‍ വ്യാഴാഴ്ച ആറ് ശതമാനം പ്രീമിയത്തോടെ ബിഎസ്‌ഇയില്‍ ലിസ്റ്റ് ചെയ്‌തു.
74 രൂപ ഐപിഒ വിലയുള്ള നിവ ഭുപ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് 78.5 രൂപയിലാണ് വ്യാപാരം തുടങ്ങിയത്. എന്‍എസ്‌ഇയില്‍ 78.1 രൂപയിലാണ് ലിസ്റ്റ് ചെയ്‌തത്. ലിസ്റ്റിംഗിനു ശേഷം ഓഹരി വില 81 രൂപ വരെ ഉയര്‍ന്നു.
ഗ്രേ മാര്‍ക്കറ്റ് പ്രീമിയത്തേക്കാള്‍ ഉയര്‍ന്ന നേട്ടത്തോടെ ലിസ്റ്റ് ചെയ്യാന്‍ നിവ ഭുപ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് കഴിഞ്ഞു. 1.35 ശതമാനമായിരുന്നു ഈ ഓഹരിയുടെ ഗ്രേ മാര്‍ക്കറ്റിലെ പ്രീമിയം.
സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിനു ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ സ്റ്റാന്റലോണ്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയാണ് നിവ ഭുപ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്.
നവംബര്‍ ഏഴ് മുതല്‍ 11 വരെ നടന്ന ഈ ഐപിഒ 5.59 മടങ്ങാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നത്. 2200 കോടി രൂപയാണ് കമ്പനി ഐപിഒ വഴി സമാഹരിച്ചത്. 800 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 1400 കോടി രൂപയുടെ ഒഎഫ്‌എസും (ഓഫര്‍ ഫോര്‍ സെയില്‍) ഉള്‍പ്പെട്ടതായിരുന്നു ഐപിഒ.
നേരത്തെ മാക്‌സ് ഭുപ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്ന പേരിലാണ് കമ്പനി അറിയപ്പെട്ടിരുന്നത്. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭുപയുടെയും ആഭ്യന്തര പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ട്രൂ നോര്‍ത്തിന്റെയും സംയുക്ത സംരംഭമാണ് നിവ ഭുപ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്.
നിലവില്‍ ഭുപ 63 ശതമാനവും ട്രു നോര്‍ത്ത് 28 ശതമാനവും ഓഹരികളാണ് കൈവശം വെക്കുന്നത്. ഏഴ് ശതമാനത്തോളം ഓഹരികള്‍ മറ്റ് നിക്ഷേപകരുടെയും ബാക്കി രണ്ട് ശതമാനം ജീവനക്കാരുടെയും കൈവശമാണ്.
രാജ്യത്തെ മൂന്നാമത്തെ വലിയ സ്റ്റാന്റലോണ്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയായ നിവ ഭുപ ഹെല്‍ത്ത് മൊത്തം ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ നിരയില്‍ ഒന്‍പതാം സ്ഥാനത്താണ്.
മൂലധന അടിത്തറി ശക്തിപ്പെടുത്തുന്നതിനും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക വിനിയോഗിക്കും.
നിവ ഭുപ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിക്ക് 22 സംസ്ഥാനങ്ങളിലും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 1,43,074 ഏജന്റുമാരും 210 ശാഖകളുമുണ്ട്. 2021-22ല്‍ 196.52 കോടി രൂപ നഷ്‌ടം രേഖപ്പെടുത്തിയ കമ്പനി 2023-24ല്‍ 81.85 കോടി രൂപ ലാഭമാണ് കൈവരിച്ചത്.
അതേ സമയം നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 68.22 കോടി രൂപ നഷ്‌ടം രേഖപ്പെടുത്തി.