
ഡൽഹി: ഇരുമ്പയിര് ഖനന കമ്പനിയായ എൻഎംഡിസി, ദ്വീപ് രാജ്യത്ത് പ്രവർത്തിക്കുന്ന ഒരു ലിഥിയം ഖനിയുടെ ന്യൂനപക്ഷ ഓഹരി ഏറ്റെടുക്കുന്നതിന് ഓസ്‌ട്രേലിയൻ ഖനന കമ്പനികളായ ഹാൻകോക്ക് പ്രോസ്‌പെക്റ്റിംഗ്, ഹത്തോൺ റിസോഴ്‌സസ് എന്നിവരുമായി ചർച്ചകൾ ആരംഭിച്ചതായാണ് ലഭിക്കുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട് തങ്ങൾ വളരെ പ്രാഥമിക ചർച്ചകൾ നടത്തിയതായി എൻഎംഡിസിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
കമ്പനികൾ അവരുടെ ഓഹരികൾ വിറ്റഴിച്ച് കൊണ്ട് ധന സമാഹരണം നടത്താൻ പദ്ധതിയിടുന്നതിനാൽ ഹാൻകോക്കിന്റെയോ ഹത്തോൺ റിസോഴ്‌സിന്റെയോ ഉടമസ്ഥതയിലുള്ള ഖനികളിലൊന്നിന്റെ ന്യൂനപക്ഷ ഓഹരി എൻഎംഡിസിക്ക് വാങ്ങാമെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. അതേസമയം കമ്പനി ഒരു ന്യൂനപക്ഷ ഓഹരിക്ക് പകരം കമ്പനികളുമായി ഒരു ഓഫ്‌ടേക്ക് കരാർ ഒപ്പിടാനാണ് സാധ്യത.
വൈദ്യുത വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പന ഉയരുന്നതിനാൽ രാജ്യത്തെ വളരുന്ന ലിഥിയം ആവശ്യകത നിറവേറ്റുന്നതിനായി എൻഎംഡിസി അതിന്റെ മുഴുവൻ ക്വാട്ടയും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഇവികളിൽ ഉപയോഗിക്കുന്ന ലിഥിയം അയൺ ബാറ്ററിയുടെ വിപണി നിലവിലെ 1.5 ബില്യൺ ഡോളറിൽ നിന്ന് 2025 ഓടെ 5 ബില്യൺ ഡോളറായി ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു.