ന്യൂഡല്‍ഹി: സിലിക്കണ്‍ വാലി ബാങ്ക് (എസ് വിബി) തകര്‍ച്ച ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനത്തില്‍ പ്രത്യാഘാതമുണ്ടാക്കില്ല, പ്രമുഖ ബാങ്കര്‍മാര്‍ പറഞ്ഞു.” സംഭവം
‘ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനത്തില്‍ വലിയ സ്വാധീനം ഉണ്ടാകില്ല,”സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ രജനീഷ് കുമാര്‍ അറിയിക്കുന്നു. എസ് വിബി അടച്ചുപൂട്ടുകയും ആസ്തികള്‍ കണ്ടുകെട്ടുകയും ചെയ്തതായി ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (FDIC) മാര്‍ച്ച് 10 ന് അറിയിച്ചിരുന്നു.
കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ഇന്നൊവേഷന്‍ ആണ് അടച്ചുപൂട്ടല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.എഫ്ഡിഐസിയെ റിസീവറായി നിയമിച്ചിട്ടുണ്ട്.
“ഇന്ത്യന്‍ ബാങ്കുകളെ ബാധിക്കാന്‍ സാധ്യതയില്ല. അവ വലുതായതിനാല്‍ അത്തരം എക്‌സ്‌പോഷറുകള്‍ ഇല്ല. സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വന്ന നിക്ഷേപങ്ങളാണ് ഇവിടെ പ്രശ്‌നം, കുറവ് നികത്താന്‍, മൂല്യം കുറഞ്ഞ സെക്യൂരിറ്റികള്‍ വിറ്റു. അത്തരമൊരു സാഹചര്യം ഇവിടെ ഇല്ല. യുഎസ് ബാങ്കിംഗ് സംവിധാനത്തില്‍ പോലും തരംഗങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാത്തത്ര ചെറിയ ബാങ്കാണ് എസ്വിബി. റെഗുലേറ്റര്‍ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്,” ബാങ്ക് ഓഫ് ബറോഡ ചീഫ് ഇക്കണോമിസ്റ്റ് മദന്‍ സബ്നാവിസ് പറയുന്നു.
“ഇന്ത്യന്‍ ബാങ്കിംഗിനെ സംബന്ധിച്ചിടത്തോളം, ഇത് ഒരു പ്രത്യാഘാതവും ഉണ്ടാക്കില്ല. നിലവില്‍ ഇന്ത്യന്‍ ബാങ്കുകള്‍ വായ്പാ അനുപാതത്തിന്റെ കാര്യത്തില്‍ വളരെ സുരക്ഷിതമാണ്. ഇക്വിറ്റി മാര്‍ക്കറ്റിനെ സംബന്ധിച്ചിടത്തോളം, കുറഞ്ഞതോതില്‍ സ്വാധീനം ചെലുത്തും. പ്രധാനമായി സംഭവിക്കുന്ന എന്തും ലോകത്തെ എല്ലാ വിപണികളെയും ബാധിക്കുമെന്നത് ഉറപ്പാണ്. സംഭവം ദീര്‍ഘകാലത്തില്‍ ചലനമൊന്നും സൃഷ്ടിക്കില്ല,” സ്റ്റേക്ക്ഹോള്‍ഡര്‍ എംപവര്‍മെന്റ് സര്‍വീസസിലെ ജെഎന്‍ ഗുപ്ത പറഞ്ഞു.
നിക്ഷേപകര്‍ ജാഗ്രതയോടെയാണ് വിപണിയെ നിരീക്ഷിക്കുന്നതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബ്രോക്കര്‍ പറയുന്നു.
“സിലിക്കണ്‍ വാലി ബാങ്ക് പ്രതിസന്ധി ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചു. പ്രതിസന്ധി ആഗോള ബാങ്കിംഗ് വ്യവസായത്തെ ബാധിക്കുമെന്ന ആശങ്ക പൊതുവേയുണ്ട്. അതുകൊണ്ടുതന്നെ മിക്ക ബാങ്കുകളുടെയും ഓഹരി വില ഇടിഞ്ഞു.”
ഇന്ത്യയ്ക്ക് ശക്തമായ ബാങ്കിംഗ് സംവിധാനമുണ്ടെന്ന് ഐഡിബിഐ ക്യാപിറ്റലിലെ ഗവേഷണ വിഭാഗം മേധാവി പ്രഭാകര്‍ എകെ പറഞ്ഞു. “ഇന്ത്യന്‍ ബാങ്കുകള്‍ക്ക് തകര്‍ച്ചയുടെ ചരിത്രമില്ല. ആര്‍ബിഐ നിയന്ത്രിക്കാത്ത ചില സഹകരണ ബാങ്കുകള്‍ പൊളിഞ്ഞിട്ടുണ്ട്. പക്ഷേ അവ വളരെ ചെറുതാണ്. ഇന്ത്യയില്‍, വലിയ സ്വകാര്യ ബാങ്കുകളെ പോലും സെന്‍ട്രല്‍ ബാങ്ക് സൂക്ഷ്മമായി നിരീക്ഷിക്കുന്നു. പക്ഷേ ഇക്വിറ്റി വിപണിയില്‍ സംഭവം തീര്‍ച്ചയായും സ്വാധീനം ചെലുത്തും. ” അദ്ദേഹം നിരീക്ഷിക്കുന്നു.
ഉയര്‍ന്ന പലിശ നിരക്ക് ദുര്‍ബല ബാങ്കുകളെ ബാധിക്കുമെന്ന് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ സിഇഒയും മുതിര്‍ന്ന ബാങ്കറുമായ ഉദയ് കൊട്ടക് നേരത്തെ പറഞ്ഞിരുന്നു.
”ഒരു വര്‍ഷത്തിനുള്ളില്‍ പലിശ നിരക്ക് പൂജ്യത്തില്‍ നിന്ന് 500 ബിപിഎസ് ഉയരുമ്പോള്‍, അപകടം ആസന്നമായിരുന്നു,” കൊട്ടക് അടുത്തിടെ ഒരു ട്വീറ്റില്‍ പറഞ്ഞു.