ശ്രീനഗർ: ജമ്മു & കശ്മീരിൽ കണ്ടെത്തിയ ലിഥിയം ഖനനം ചെയ്യുന്നതിന് കനത്ത തിരിച്ചടിയായി ഒരു കമ്പനിയും ലേലത്തിൽ പങ്കെടുത്തില്ല. കരുതിയ അളവിലുള്ള ലിഥിയം ഉണ്ടാകുമോ എന്ന ആശങ്കയാണ് പലരേയും ഖനനം നടത്തുന്നതിൽ നിന്ന് പിന്തിരിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്.
വലിയ തോതിൽ നിക്ഷേപം നടത്തിയിട്ടും ആവശ്യത്തിനുള്ള ലിഥിയം ലഭിക്കാതിരുന്നാൽ അത് കമ്പനികളെ പ്രതികൂലമായി ബാധിക്കും. ഭൂപ്രകൃതി വളരെ സങ്കീർണമായതും ഖനനം ചെയ്യപ്പെടുന്ന ലിഥിയം കൈകാര്യം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകളും ഖനനത്തിനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഖനനത്തിനുള്ള ലേലം വീണ്ടും നടത്തും.
ഇതിനു പുറമേ അടുത്തിടെ കണ്ടെത്തിയ ചില നിർണായക ധാതുക്കളുടെ ഖനനത്തിനും ഒരു കമ്പനിയും ആദ്യ ഘട്ട ലേലത്തിന് എത്തിയില്ല.
ഗ്ലോക്കോണൈറ്റ്, ഗ്രാഫൈറ്റ്, നിക്കൽ, പ്ലാറ്റിനം ഗ്രൂപ്പ് എലമെന്റുകൾ (പിജിഇ), പൊട്ടാഷ്, ലിഥിയം, ടൈറ്റാനിയം തുടങ്ങിയ ധാതുക്കളുടെ ബ്ലോക്കുകൾ ആണ് ഇവ. ബീഹാർ, ജാർഖണ്ഡ്, തമിഴ്നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായാണ് ഇവ വ്യാപിച്ചുകിടക്കുന്നത്.
2023 ഫെബ്രുവരിയിൽ ആണ് രാജ്യത്ത് ആദ്യമായി ജമ്മു കശ്മീരിൽ ലിഥിയം ശേഖരം കണ്ടെത്തിയത്. 5.9 ദശലക്ഷം ടൺ ലിഥിയം ഇവിടെ ഉണ്ടായേക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കശ്മീരിലെ റിയാസിയിൽ ആണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ലിഥിയം കണ്ടെത്തിയത്. ലിഥിയത്തിനായി ഇന്ത്യ ഇപ്പോഴും പൂർണമായും മറ്റ് രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. 2020 മുതൽ ലിഥിയം ഇറക്കുമതി ചെയ്യുന്ന കാര്യത്തിൽ ഇന്ത്യ ലോകത്ത് നാലാം സ്ഥാനത്താണ്.
ലിഥിയം അയൺ ബാറ്ററിയുടെ 80 ശതമാനവും ചൈനയിൽ നിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ലിഥിയം സമ്പന്ന രാജ്യങ്ങളായ അർജൻറീന, ചിലി, ഓസ്‌ട്രേലിയ, ബൊളീവിയ എന്നീ രാജ്യങ്ങളുടെ ഖനികളിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്.