മുംബൈ: ബിറ്റ്കോയിന്‍ മൂല്യം ഉയര്‍ന്നു നില്‍ക്കവേ രാജ്യത്ത് ക്രിപ്റ്റോ നിക്ഷേപങ്ങള്‍ നിരോധിക്കാനുള്ള തീരുമാനത്തില്‍ മാറ്റമൊന്നുമില്ലെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. അന്താരാഷ്ട്ര നാണയ നിധിയുടെ സാമ്പത്തിക സുരക്ഷാ ബോര്‍ഡ് ക്രിപ്റ്റോയിലെ അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.
ജി20മന്ത്രിമാരും കേന്ദ്രബാങ്കുകളുടെ മേധാവികളും നടത്തിയ യോഗത്തില്‍ ക്രിപ്റ്റോയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഒരു സമവായം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ക്രിപ്റ്റോ നിരോധനത്തില്‍ പുനപരിശോധന ഒന്നും ഉണ്ടാകില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കിയതോടെ സ്ഥിതി സങ്കീര്‍ണമായിരിക്കുകയാണ്.
എന്നാല്‍ ക്രിപ്റ്റോയുടെ പ്രവര്‍ത്തനത്തിന് സഹായകരമാകുന്ന ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയെ പിന്തുണക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നിരവധി മറ്റ് ആപ്ലിക്കേഷനുകള്‍ ബ്ലോക്ക്ചെയിന്‍ പിന്തുണകൊണ്ട് പ്രവര്‍ത്തിക്കുന്നതിനാലാണിത്. റിസര്‍വ് ബാങ്ക് അവതരിപ്പിച്ച സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി ബ്ലോക്ക് ചെയിന്‍ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നത്.
ക്രിപ്റ്റോ കറന്‍സികള്‍ക്ക് കൃത്യമായൊരു നിയന്ത്രണ ഏജന്‍സി ഇല്ലാത്തതിനാല്‍ തീവ്രവാദികള്‍ക്കുള്ള സഹായം, കള്ളപ്പണം, സാമ്പത്തിക തട്ടിപ്പ് എന്നിവ ക്രിപ്റ്റോ രൂപത്തില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ എല്ലാ ക്രിപ്റ്റോകളും നിരോധിക്കണമെന്നാണ് ആര്‍ബിഐയുടെ നിലപാട്.
അതേ സമയം ക്രിപ്റ്റോ കറന്‍സിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി നിരോധിക്കാന്‍ സാധിക്കില്ല. ഇതിനുള്ള സാങ്കേതിക വിദ്യയുടെ പരിമിതിയും ഉയര്‍ന്ന ചെലവും തിരിച്ചടിയാണെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ബോര്‍ഡിന്‍റെ സിന്തസിസ് പേപ്പര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ, 200-ലധികം ബ്ലോക്ക് ചെയിൻ സ്റ്റാർട്ടപ്പുകൾ ഉണ്ട്, അവയിൽ പലതും ക്രിപ്‌റ്റോകറൻസി മേഖലയിൽ പ്രവർത്തിക്കുന്നു. 2017-ൽ, ഇന്ത്യയുടെ ക്രിപ്‌റ്റോ വ്യവസായത്തില്‍ ഏകദേശം $13 ബില്യൺ മൂല്യമുണ്ടെന്ന് കണക്കാക്കപ്പെട്ടിരുന്നു.
ക്രിപ്‌റ്റോകറൻസി കമ്പനികൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബാങ്കിംഗ് നിരോധനത്തിന് മുമ്പായിരുന്നു അത്.