ന്യൂഡല്‍ഹി: യുണൈറ്റഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഒരു പൊതു ഡിജിറ്റല്‍ സംവിധാനമാണെന്നും അതിന് നിരക്ക് ഏര്‍പ്പെടുത്താന്‍ ഉദ്ദേശമില്ലെന്നും ധനമന്ത്രാലയം. യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ രംഗത്തെത്തിയത്.
നിലവില്‍ യുപിഐ ഇടപാടുകള്‍ക്ക് നിരക്കുകളൊന്നും ബാധകമല്ല. എന്നാല്‍ ചാര്‍ജ് ഏര്‍പ്പെടുത്തണമെന്ന് ആര്‍ബിഐയുടെ ചര്‍ച്ചാ പേപ്പര്‍ നിര്‍ദ്ദേശിച്ചു. ഒരു ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനമെന്ന നിലയില്‍ യുപിഐ ഐഎംപിഎസ് പോലെയാണ്.
അതിനാല്‍, ഐഎംപിഎസിലെ നിരക്കുകള്‍ക്ക് സമാനമായി യുപിഐയ്ക്കും നിരക്കുകള്‍ ഏര്‍പെടുത്താം, ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറഞ്ഞു. തുടര്‍ന്ന് ചാര്‍ജ് നിലവില്‍ വരുമെന്ന ആശങ്ക പരന്നു. എന്നാല്‍ സമ്പദ് വ്യവസ്ഥയ്ക്കും പൊതുജനങ്ങള്‍ക്കും ഗുണകരവും സൗകര്യപ്രദവുമായ ഒരു സംവിധാനമാണ് യുപിഐയെന്നും ചാര്‍ജ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശമില്ലെന്നും ധനമന്ത്രാലയം ട്വീറ്റ് വഴി വ്യക്തമാക്കുകയായിരുന്നു.
സേവനദാതാക്കള്‍ക്ക് വരുന്ന ചെലവ് നികത്താന്‍ മറ്റ് വഴികള്‍ തേടുമെന്നും മന്ത്രാലയം പറഞ്ഞു. 2020 ജനുവരി 1 മുതലാണ് യുപിഐ ഇടപാടുകള്‍ പ്രാബല്യത്തില്‍ വന്നത്. അന്നുമുതല്‍ സീറോ ചാര്‍ജ് ചട്ടക്കൂടിലാണ് സംവിധാനമുള്ളത്. ഉപയോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ സൗജന്യമാണ് സേവനം.