ന്യൂഡൽഹി: ജൂലൈ ഒന്നു മുതൽ റുപേയ് ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളിലെ മാഗ്നറ്റിക് സ്ട്രൈപ് ഉപയോഗിച്ച് ഇന്ത്യക്കുള്ളിലെ സ്വൈപ്പിങ് മെഷീനുകളിൽ (പിഒഎസ്) പണമിടപാട് നടത്താനാകില്ല. പകരം റുപേയ് കാർഡുകളിലെ ഇഎംവി ചിപ് തന്നെ ഉപയോഗിക്കണം.
രാജ്യാന്തര ഇടപാടുകൾക്കും പ്രീപെയ്ഡ് റുപേയ് കാർഡുകൾക്കും മാഗ്നറ്റിക് സ്ട്രൈപ് ഇടപാട് അനുവദനീയമാണ്. കാർഡ് തട്ടിപ്പുകൾ തടയാനാണ് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) നിർണായക തീരുമാനം.
എന്താണ് മാഗ്നറ്റിക് സ്ട്രൈപ്?
എല്ലാ കാർഡുകളുടെയും പിൻവശത്ത് മുകളിലായി നീളത്തിൽ കാണുന്നതാണ് മാഗ്നറ്റിക് സ്ട്രൈപ്. മുൻപ് എല്ലാ കാർഡുകളിലും കാർഡ് വിവരങ്ങൾ സൂക്ഷിച്ചിരുന്നത് ഇതിലാണ്. ഈ സ്ട്രൈപ് പകർത്തി വ്യാജ കാർഡ് ഉണ്ടാക്കുന്ന ‘കാർഡ് ക്ലോണിങ്’ തട്ടിപ്പുകൾ പെരുകിയതോടെയാണു ഇഎംവി ചിപ്പ് കൂടി നിർബന്ധമാക്കിയത്.
എങ്കിലും മാഗ്നറ്റിക് സ്ട്രൈപ് കാർഡുകളിൽ ഇപ്പോഴുമുണ്ട്. രാജ്യത്തെ പിഒഎസ് (പോയിന്റ് ഓഫ് സെയിൽ) മെഷീനുകളിൽ ഇഎംവി ചിപ്പിനു പുറമേ മാഗ്നറ്റിക് സ്ട്രൈപ്പും റീഡ് ചെയ്യാനുള്ള സൗകര്യം നിർത്തലാക്കിയിട്ടുമില്ല.
എന്താണ് പ്രശ്നം?
വ്യാജമായി ഉണ്ടാക്കിയ ഒരു കാർഡിലെ ചിപ് മനഃപൂർവം കേടുവരുത്തിയ നിലയിൽ വ്യാപാരിയുടെ കയ്യിൽ നൽകുന്നുവെന്നു കരുതുക. പല തവണ ചിപ് സ്വൈപ് ചെയ്യുമ്പോഴും റീഡ് ചെയ്യാതെ വരുന്നതോടെ മാഗ്നറ്റിക് സ്ട്രൈപ്പ് റീഡ് ചെയ്യാൻ ശ്രമിക്കും. ഇതിനെ ഫോൾബാക്ക് എന്നാണ് പറയുന്നത്. ഇതുവഴി തട്ടിപ്പ് നടക്കാം.
ഇഎംവി ചിപ് സുരക്ഷിതമാണെങ്കിലും മാഗ്നറ്റിക് സ്ട്രൈപ്പിന് അപകടസാധ്യതയുണ്ട്. മറ്റ് പല രാജ്യങ്ങളിലും മാഗ്നറ്റിക് സ്ട്രൈപ് റീഡ് ചെയ്യുന്നതിനാൽ ഇത് കാർഡിൽ നിന്ന് ഒറ്റയടിക്ക് നീക്കാനുമായി.