റിയല്‍ എസ്റ്റേറ്റ് രംഗത്ത് അല്ലാതെ, ആറുവര്‍ഷത്തേക്ക് തങ്ങള്‍ക്കിടയില്‍ മത്സരമുണ്ടാകില്ലെന്ന കരാറിലെത്തി ഗോദ്റെജ് കുടുംബത്തില്‍ നിന്ന് വിഭജിച്ച ഗ്രൂപ്പുകള്‍.
മത്സരമില്ലാത്ത കാലയളവിന് ശേഷം, ഗോദ്റെജ് ബ്രാന്‍ഡിന് കീഴിലല്ലാതെ സ്വന്തം നിലയ്ക്ക് പ്രവര്‍ത്തിക്കാം എന്നാണ് കരാര്‍. ഗ്രൂപ്പ് സ്ഥാപിതമായി 127 വര്‍ഷത്തിന് ശേഷമാണ് ഗോദ്റെജ് വിഭജിക്കപ്പെട്ടത്.
ഗോദ്‌റെജ് ഇന്‍ഡസ്ട്രീസിന്റെ കീഴില്‍ വരുന്ന അഞ്ച് സ്ഥാപനങ്ങളുടെ നിയന്ത്രണം ആദി ഗോദ്റെജിനും സഹോദരന്‍ നദീറുനുമായിരിക്കും. സഹോദരങ്ങളായ ജംഷ്യാദ് ഗോദ്‌റെജ്, സ്മിത ഗോദ്‌റെജ് കൃഷ്ണ എന്നിവരുടെ കീഴലായിരിക്കും ഗോദ്‌റെജ് ആന്‍ഡ് ബോയ്സും അനുബന്ധ സ്ഥാപനങ്ങളും.
മുംബൈയിലുള്ള പ്രധാന സ്വത്തുക്കളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നാണ് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
ഗോദ്റെജ് ഗ്രൂപ്പിന്റെ ലിസ്റ്റഡ് സ്വത്തുകളുടെ പുനഃക്രമീകരണം പൂര്‍ത്തിയാകുമ്പോള്‍ ജംഷ്യാദ് ഗോദ്റെജിനേയും സ്മിത കൃഷ്ണയേയും പൊതു ഓഹരി ഉടമകളായി തരംതിരിക്കും. നിലവിൽ ലിസ്റ്റഡ് സ്വത്തുക്കളുടെ പ്രമോട്ടര്‍ ഗ്രൂപ്പിലാണ് ഇവര്‍ രണ്ടുപേരുമുള്ളത്.
സെബി നിയമങ്ങള്‍ പ്രകാരം, പ്രമോട്ടര്‍ പൊതു ഓഹരി ഉടമയായി മാറണമെങ്കില്‍ ലിസ്റ്റഡ് സ്വത്തിന്റെ പതിനഞ്ച് ശതമാനത്തില്‍ കൂടുതല്‍ ഓഹരി കൈവശം വയ്ക്കാന്‍ പാടുള്ളതല്ല.
ഗ്രൂപ്പിന്റെ നിലവിലെ ധാരണ പ്രകാരം, ജംഷ്യാദും സ്മിതയും പൊതു ഓഹരി ഉടമയായി മാറാന്‍ അര്‍ഹതയുള്ളവരാണ്. ഗോദ്‌റെജ് ആന്‍ഡ് ബോയ്‌സ് ഉള്‍പ്പെടുന്ന ഗോദ്‌റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന് ഐടി സോഫ്റ്റ്‌വെയര്‍, എയ്‌റോസ്പേസ്, വ്യോമയാനം, ഫര്‍ണിച്ചര്‍ തുടങ്ങി വിവിധ മേഖലകളില്‍ സാന്നിധ്യമറിയിക്കാനായിട്ടുണ്ട്.
ജംഷ്യാദ് ഗോദ്‌റെജായിരിക്കും ഇവയുടെ ചെയര്‍പേഴ്‌സണും മാനേജിങ് ഡയറക്ടറും. ജംഷ്യാദിന്റെ സഹോദരിയായ സ്മിതയുടെ മകള്‍ നൈരിക ഹോല്‍ക്കറായിരിക്കും എക്സിക്യൂട്ടീവ് ഡയറക്ടര്‍. മുംബൈയിലെ 3,400 ഏക്കര്‍ വരുന്ന ഭൂമിയും ഇവരുടെ നിയന്ത്രണത്തിലായിരിക്കും.
റിയല്‍ എസ്റ്റേറ്റ്, മാര്‍ക്കറ്റിങ് ബിസിനസ്സുകളിൽ ഗോദ്റെജിന്റെ ബ്രാന്‍ഡ് നെയിം ഇരു ഗ്രൂപ്പുകള്‍ക്കും ഉപയോഗിക്കാം. രണ്ടു ഗ്രൂപ്പുകള്‍ക്കും ഈ ബ്രാന്‍ഡ് നെയിം ഉപയോഗിക്കുന്നതിന് റോയല്‍റ്റി നല്‍കേണ്ടതില്ല.
മത്സരമില്ലാത്ത കാലയളവ് ഏപ്രില്‍ 30 മുതല്‍ പ്രാബല്യത്തില്‍ വന്നു. കരാര്‍ അനുസരിച്ച്, ആറു വര്‍ഷത്തിന് ശേഷം, ഒരു ഗ്രൂപ്പിന് രണ്ടാമത്തെ ഗ്രൂപ്പ് കൈകാര്യം ചെയ്തിരുന്ന ബിസിനസിലേക്ക് ഗോദ്റെജിന്റെ ബ്രാന്‍ഡ് നെയിം ഉപയോഗിക്കാതെ പ്രവേശിക്കാം.