ന്യൂഡല്‍ഹി: 2,000 രൂപ നോട്ടുകള്‍ കൈമാറാന്‍ ഫോറമോ തിരിച്ചറിയല്‍ രേഖയോ അഭ്യര്‍ത്ഥന സ്ലിപ്പോ ആവശ്യമില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഒരു തവണ പിന്‍വലിക്കാന്‍ സാധിക്കുന്ന പരമാവധി തുക 20,000 രൂപ ആയിരിക്കും.
”കൈമാറ്റ സമയത്ത് ടെന്‍ഡറര്‍ തിരിച്ചറിയല്‍ രേഖ സമര്‍പ്പിക്കേണ്ടതില്ല.” പൂരിപ്പിക്കേണ്ട ഫോമിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതോടെയാണ് വിശദീകരണം. 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി റിസര്‍വ ബാങ്ക് ഓഫ് ഇന്ത്യ മെയ് 19 ന് അറിയിച്ചിരുന്നു.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കാന്‍ ഉത്തരവിട്ട റിസര്‍വ് ബാങ്ക്, ലക്ഷ്യം നിറവേറ്റിയതിനാലാണ് തീരുമാനമെന്നും അറിയിച്ചു. പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സെപ്തംബര്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്.
നോട്ട് നിക്ഷേപിക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ ഉള്ള പ്രക്രിയ മെയ് 23 ന് ആരംഭിക്കും. ഒരേസമയം പിന്‍വലിക്കാവുന്ന തുക 20,000 രൂപയായി പരിമിതപ്പെടുത്തും. പ്രവര്‍ത്തന സൗകര്യം ഉറപ്പാക്കുന്നതിനും പതിവ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നത് ഒഴിവാക്കുന്നതിനുമായാണ് നിയന്ത്രണം.