ന്യൂഡല്‍ഹി: 2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് പൊതുമേഖലാ ബാങ്ക്(പിഎസ്ബി) സ്വകാര്യവല്‍ക്കരണം നടത്താന്‍ സര്‍ക്കാര്‍ തുനിയില്ല. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യവല്‍ക്കരണത്തിനായി 1970 ലെ ബാങ്കിംഗ് കമ്പനികള്‍ (ഏറ്റെടുക്കല്‍, കൈമാറ്റം) നിയമം, 1980 ലെ ബാങ്കിംഗ് കമ്പനികള്‍ (ഏറ്റെടുക്കല്‍, കൈമാറ്റം) നിയമം എന്നിവയില്‍ ഭേദഗതികള്‍ ആവശ്യമാണ്.
‘ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് എന്തെങ്കിലും സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നില്ല, ‘ധനമന്ത്രാലയ ഉദ്യോഗസ്ഥന്‍ അറിയിക്കുന്നു. എന്നാല്‍ഐഡിബിഐ ബാങ്കിന്റെ കാര്യം വ്യത്യസ്തമാണ്. കാരണം ഐഡിബിഐ ഒരു പൊതുമേഖലാ ബാങ്കല്ല.മറിച്ച് സര്‍ക്കാരിന് ഓഹരിയുള്ള ഒരു ‘സ്വകാര്യമേഖല’ വായ്പാദാതാവ് മാത്രമാണ്.
ഈ കാരണം കൊണ്ടുതന്നെ ഐഡിബിഐ ബാങ്കിനായുള്ള സാമ്പത്തിക ബിഡ്ഡുകള്‍ ഡിസംബറോടെ ക്ഷണിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ റിസര്‍വ് ബാങ്കില്‍ നിന്നുള്ള അനുമതിയ്ക്കായി കാത്തിരിക്കയാണ് സര്‍ക്കാര്‍. ഐഡിബിഐ ഓഹരി വില്‍പനയിലൂടെ 16,000 കോടി രൂപ നേടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇതിനായി എല്‍ഐസി (ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ)യും സര്‍ക്കാറും ബാങ്കിലെ 60.72 ശതമാനം ഓഹരികള്‍ വില്‍പന നടത്തും. 1.75 ലക്ഷം കോടി രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകള്‍ (പിഎസ്ബി) സ്വകാര്യവത്കരിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2021-22 ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഐഡിബിഐ ബാങ്കിന് പുറമെ രണ്ട് പൊതുമേഖലാ ബാങ്കുകളും ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയും സ്വകാര്യവത്ക്കരിക്കാന്‍ ആലോചിക്കുന്നതായി മന്ത്രി അറിയിച്ചു.
പക്ഷേ, പ്രഖ്യാപനം നടപ്പായില്ല. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ബാങ്ക് സ്വകാര്യവല്‍ക്കരണം ആവിഷക്കരിക്കുന്നുണ്ടെങ്കിലും ട്രേഡ് യൂണിയനുകളുടെ കടുത്ത എതിര്‍പ്പ് കാരണം പദ്ധതി പുരോഗമിക്കുന്നില്ല.ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് 12 പൊതുമേഖലാ ബാങ്കുകള്‍.