തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് തല്ലും തലോടലുമായി സംസ്ഥാന ബജറ്റ്. സർക്കാർ ജീവനക്കാർക്കും വിരമിച്ചവർക്കുമുള്ള ശമ്പള, പെൻഷൻ പരിഷ്കരണങ്ങൾ ഇന്ന് അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റിൽ പ്രഖ്യാപിച്ചേക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നുവെങ്കിലും ഉണ്ടായില്ല. ശമ്പള പരിഷ്ക്കരണമില്ലാത്തതിനാൽ ജീവനക്കാർ പ്രതിഷേധത്തിലാണ്.
എന്നാൽ സർക്കാർ ജീവക്കാർക്കും, പെൻഷൻകാർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. 2025 ഏപ്രിലിൽ ഇത് നൽകും. ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡു 1,900 കോടിയും ഈ സാമ്പത്തിക വർഷം നൽകും. ഡി എ കുടിശികയുടെ രണ്ട് ഗഡുവിന്റെ ലോക്ക് ഇൻ പിരീഡ് ഈ സാമ്പത്തിക വർഷം ഒഴിവാക്കും.
സർവീസ് പെൻഷൻ പരിഷ്ക്കരണത്തിന്റെ കുടിശ്ശിക 600 കോടി ഫെബ്രുവരിയിൽ വിതരണം ചെയ്യുമെന്നും ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാർ ജീവനക്കാരുടെ ഭവന നിര്‍മ്മാണ വായ്പാ പദ്ധതി ശക്തിപ്പെടുത്തും. ബാങ്ക്, ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയ്ക്ക് 2 ശതമാനം പലിശയിളവ് നല്‍കും. ഇതിനായി 50 കോടി രൂപ വകയിരുത്തി.
നികുതി വിഹിതവും കടം വാങ്ങാനുള്ള അവകാശവും കേന്ദ്രം വെട്ടികുറച്ചതാണ് പ്രതിസന്ധിക്കും കുടിശ്ശിക വരാനും കാരണം. അത് മനസിലാക്കി സർക്കാരിനോട് ജീവനക്കാർ സഹകരിച്ചു. സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും അവകാശം സംരക്ഷിക്കുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു. സംസ്ഥാനത്തെ ദിവസ വേതന കരാർ ജീവനക്കാരുടെ വേതനം 5 ശതമാനം വർധിപ്പിക്കും.
സർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനുള്ള നടപടി സ്വീകരിക്കും
കഴിഞ്ഞ ബജറ്റില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉൾപ്പെട്ട ജീവനക്കാർക്ക് ഒരു അഷ്വേർഡ് പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു.
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച യു.പി.എസ് (യൂണിഫൈഡ് പെൻഷൻ സ്കീം ), ഇതര സംസ്ഥാനങ്ങളിലെ സമാനമായ പെന്‍ഷന്‍ പദ്ധതികൾ എന്നിവ കൂടി പരിശോധിച്ച് അഷ്വേർഡ് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിക്കും.