സ്റ്റോക്ക്ഹോം: ഫോണ് വിളികള് കൂടുതല് യഥാര്ത്ഥമെന്നോണം അനുഭവപ്പെടുന്ന പുതിയ സാങ്കേതിക വിദ്യ വരുന്നു. ‘ഇമ്മേഴ്സീവ് ഓഡിയോ ആന്റ് വീഡിയോ’ എന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലോകത്താദ്യമായി ഫോണ് കോള് ചെയ്തിരിക്കുകയാണ് നോക്കിയ സിഇഒ പെക്ക ലണ്ട്മാര്ക്ക്.
ത്രീഡി ശബ്ദം ഉപയോഗിച്ച് ഫോണ് സംഭാഷണങ്ങള് കൂടുതല് മികച്ചതാക്കാന് ഈ സാങ്കേതിക വിദ്യയിലൂടെ സാധിക്കുമെന്ന് കമ്പനി തിങ്കളാഴ്ച പറഞ്ഞു.
ഭാവിയിലെ വോയ്സ് കോള്’ തങ്ങള് പരീക്ഷിച്ചതായി പെക്ക ലണ്ട്മാര്ക്ക് പറഞ്ഞു. 1991 ല് ആദ്യമായി 2ജി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഫോണ്വിളി നടത്തുമ്പോള് മുറിയിലുണ്ടായിരുന്ന വ്യക്തിയാണ് ലണ്ട്മാര്ക്ക്.
ഫിന്ലന്ഡ് ഡിജിറ്റലൈസേഷന് ആന്റ് ന്യൂ ടെക്നളോജീസ് അംബാസഡര് സ്റ്റീഫന് ലിന്റ്സ്റ്റോമുമായാണ് പെക്ക ലണ്ട്മാര്ക്ക് ഫോണില് സംസാരിച്ചത്. 5ജി നെറ്റ് വര്ക്കില് ബന്ധിപ്പിച്ച സാധാരണ സ്മാര്ട്ഫോണ് ഉപയോഗിച്ചാണ് നോക്കിയ ഫോണ് കോള് പരീക്ഷിച്ചത്.
നിലവിലുള്ള ഫോണ്വിളികളെല്ലാം മോണോഫോണിക് ആണ്. മാത്രവുമല്ല ശബ്ദം കംപ്രസ് ചെയ്യുകയും ശബ്ദത്തിന്റെ വിശദാംശങ്ങള്നഷ്ടമാവുകയും ചെയ്യും. എന്നാല് പുതിയ സാങ്കേതികവിദ്യയില് 3ഡി ശബ്ദമാണ് ഫോണ് സംഭാഷണം നടത്തുന്നവര് കേള്ക്കുക. ഇതുവഴി രണ്ട് പേരും അടുത്ത് നിന്ന് സംസാരിക്കുന്നതിന് സമാനമായ ശബ്ദാനുഭവമായിരിക്കും ഫോണ് വിളിയില് അനുഭവപ്പെടുക.
ഇന്ന് സ്മാര്ട്ഫോണുകളിലും പിസികളിലും ഉപയോഗിക്കുന്ന മോണോഫോണിക് ടെലിഫോണി ശബ്ദം അവതരിപ്പിച്ചതിന് ശേഷം തത്സമയ വോയ്സ് കോളിങ് അനുഭവത്തിലുണ്ടാവുന്ന ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നാണിതെന്ന് നോക്കിയ ടെക്നോളജീസ് പ്രസിഡന്റ് ജെന്നി ലുക്കാന്ഡര് പറഞ്ഞു.
രണ്ട് വ്യക്തികള് തമ്മിലുള്ള ഫോണ്വിളിക്ക് പുറമെ, കോണ്ഫറന്സ് കോളുകളിലും ഇമ്മേഴ്സീവ് ഓഡിയോ വീഡിയോ കോള്സാങ്കേതിക വിദ്യ ഉപയോഗിക്കാനാവുമെന്ന് നോക്കിയ ടെക്നോളജീസ് ഓഡിയോ റിസര്ച്ച് മേധാവി ജിറി ഹോപാനിമേയ് പറഞ്ഞു.
പങ്കെടുക്കുന്നവരുടെ സ്പേഷ്യല് ലൊക്കേഷന് അടിസ്ഥാനമാക്കി അവരുടെ ശബ്ദം വേര്തിരിച്ച് കേള്ക്കാന് ഈ സാങ്കേതിക വിദ്യയിലൂടെ കഴിയും. സ്മാര്ട്ഫോണുകളിലുള്ള ഒന്നിലധികം മൈക്രോഫോണുകള് പ്രയോജനപ്പെടുത്തിയാണിത് സാധ്യമാക്കുന്നത്.
വരാനിരിക്കുന്ന 5ജി അഡ്വാന്സ്ഡ് സ്റ്റാന്റേര്ഡിന്റെ ഭാഗമായാവും ഈ സാങ്കേതിക വിദ്യ അവതരിപ്പിക്കുകയെന്ന് റോയിട്ടേഴ്സ് റിപ്പോര്ല് പറയുന്നു. സാങ്കേതിക വിദ്യയുടെ ലൈസന്സിങുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലാണ് ഇപ്പോള് നോക്കിയ.
സാങ്കേതിക വിദ്യ ഉപയോഗത്തില് വരാന് ഇനിയും സമയമെടുക്കും.